ലോഡ്‌സ്: ഏകദിന ക്രിക്കറ്റില്‍ ആദ്യ ഇരട്ട സെഞ്ചുറി നേടിയത് ആരാണ്? സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നാകും ഉത്തരം. എന്നാല്‍ സച്ചിന്റെ നേട്ടത്തിനും 13 വര്‍ഷം മുമ്പെ ബെലിന്ദ ക്ലര്‍ക്ക് ഇരട്ട സെഞ്ചുറി അടിച്ചിരുന്നു. വനിതാ ക്രിക്കറ്റിലാണെന്ന വ്യത്യാസം മാത്രം. പുരുഷ ക്രിക്കറ്റിന് മാത്രം പ്രാധാനമ്യമുള്ള കാലത്ത് വനിതാ താരങ്ങളുടെ നേട്ടങ്ങള്‍ ആര് ഓര്‍ക്കാന്‍?

ഇംഗ്ലണ്ടിന്റെ മുന്‍ വനിതാ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഇഷ ഗുഹയ്ക്കും ഇതു തന്നെയാണ് ചൂണ്ടിക്കാണിക്കാനുള്ളത്. ലോഡ്‌സില്‍ നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇംഗ്ലണ്ട് ആദ്യ കിരീടം നേടുമെന്ന് മാധ്യമങ്ങള്‍ എഴുതിയിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് ഇഷ ഗുഹ ട്വീറ്റ് ചെയ്തത്.

'ഇംഗ്ലണ്ട് ആദ്യ കിരീടത്തിലേക്ക് എന്നു എഴുതുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരും ഒരു കാര്യം ഓര്‍ക്കണം, ഇംഗ്ലണ്ട് ഇത് ആദ്യമായല്ല ലോകകപ്പ് നേടുന്നത്. വനിതാ ടീം ഇംഗ്ലണ്ടില്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ലോകകപ്പ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല എന്ന് നിങ്ങള്‍ പറയുമ്പോള്‍ ആ ടീമിനെ പുരുഷ ടീം എന്ന് പരാമര്‍ശിച്ചാല്‍ നന്നായിരിക്കും.' ഇഷ ട്വീറ്റില്‍ പറയുന്നു. 

2017 വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ലോഡ്‌സില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് കിരീടം നേടിയത്. അന്ന് ഒമ്പത് റണ്‍സിനായിരുന്നു ഇംഗ്ലീഷ് വനിതകളുടെ വിജയം.

Content Highlights: Isa Guha Tweet World Cup 2019 England vs New Zealand