ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ രണ്ട് തുടര്‍വിജയങ്ങളോടെ കുതിക്കുന്ന ടീം ഇന്ത്യയുടെ ആവേശത്തിനുമേല്‍ പരിക്കിന്റെ ഭീഷണി. ഞായറാഴ്ച, ഓസ്ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് അടുത്ത മത്സരങ്ങള്‍ കളിക്കാനാകില്ല. ചൊവ്വാഴ്ച വിശദമായ പരിശോധനയില്‍ ധവാന്റെ ഇടംകൈയിലെ തള്ളവിരലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി.

വ്യാഴാഴ്ച ന്യൂസീലന്‍ഡിനെതിരേയാണ് ഇന്ത്യയുടെ അടുത്തമത്സരം. അതിനായി നോട്ടിങ്ങാമിലേക്ക് തിരിച്ച ഇന്ത്യന്‍ ടീമിനൊപ്പം ധവാന്‍ ഇല്ല. ധവാന് മൂന്നാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ധവാന്റെ അഭാവത്തില്‍ ലോകേഷ് രാഹുല്‍ ഓപ്പണറായി എത്തുമെന്ന് കരുതുന്നു.

ഇടംകൈയന്‍ ഓപ്പണറായ ധവാന്‍ ഞായറാഴ്ച ഓസ്ട്രേലിയയ്‌ക്കെതിരേ ബാറ്റുചെയ്യുമ്പോള്‍ കണക്കുകൂട്ടല്‍ തെറ്റിച്ചെത്തിയ പാറ്റ് കമ്മിന്‍സിന്റെ ഒരു ബൗണ്‍സര്‍ കൈയില്‍ക്കൊണ്ടു.

വേദനയുണ്ടായിരുന്നെങ്കിലും അത് വകവെക്കാതെ കളിച്ച് 109 പന്തില്‍ 117 റണ്‍സുമായി ഇന്ത്യയുടെ വിജയശില്‍പിയും കളിയിലെ താരവുമായി. എന്നാല്‍, ഓസ്ട്രേലിയ ബാറ്റുചെയ്യുമ്പോള്‍ ഫീല്‍ഡിങ്ങിനിറങ്ങിയിരുന്നില്ല. രവീന്ദ്ര ജഡേജയാണ് ധവാന് പകരം ഫീല്‍ഡ് ചെയ്തത്. ഈ സമയം വിരലില്‍ ഐസ് കട്ട വെച്ചുകെട്ടി ഡ്രെസ്സിങ് റൂമിലിരുന്നു.

വലിയ ടൂര്‍ണമെന്റുകളില്‍ വമ്പന്‍ താരം

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി.) ടൂര്‍ണമെന്റുകളില്‍ സമീപകാലത്ത് ഏറ്റവും മികച്ച റെക്കോഡുള്ള ഇന്ത്യന്‍ താരമാണ് ധവാന്‍. അതുപോലെ ശിഖര്‍ ധവാന്‍ - രോഹിത് ശര്‍മ സഖ്യം, ഇപ്പോള്‍ ഏകദിന മത്സരങ്ങളിലെ മികച്ച ഓപ്പണിങ് ജോഡികളിലൊന്നും.

2015 ലോകകപ്പില്‍ ധവാന്‍ എട്ട് ഇന്നിങ്സില്‍ 51.50 ശരാശരിയില്‍ 412 റണ്‍സുമായി റണ്‍വേട്ടയില്‍ അഞ്ചാമതെത്തി. അന്ന് കൂടുതല്‍ റണ്‍സടിച്ച ഇന്ത്യക്കാരനായി. 2017-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിയില്‍ അഞ്ച് ഇന്നിങ്സില്‍ 338 റണ്‍സുമായി ടോപ് സ്‌കോററായി. പത്ത് ലോകകപ്പ് മത്സരങ്ങളില്‍ 53.70 ശരാശരിയില്‍ 537 റണ്‍സ് നേടിയിട്ടുണ്ട് (സ്ട്രൈക്ക് റേറ്റ്: 94.21). ലോകകപ്പിലും ചാമ്പ്യന്‍സ് ട്രോഫിയിലുമായി 20 മത്സരങ്ങളില്‍ 1238 റണ്‍സ് നേടി (ശരാശരി 65 റണ്‍സ്). രോഹിത്-ധവാന്‍ ഓപ്പണിങ് സഖ്യം 103 മത്സരങ്ങളില്‍ 4681 റണ്‍സ് നേടിയിട്ടുണ്ട് (ശരാശരി 45.89).

ഇനിയെന്ത്?

ജൂണ്‍ മാസത്തില്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് അഞ്ച് മത്സരങ്ങളുണ്ട്. വ്യാഴാഴ്ച ന്യൂസീലന്‍ഡുമായി. പിന്നീട് പാകിസ്താന്‍ (ജൂണ്‍ 16), അഫാഗാനിസ്താന്‍ (22), വെസ്റ്റിന്‍ഡീസ് (27), ഇംഗ്ലണ്ട് (30) എന്നീ ടീമുകളുമായി. ഇത്രയും മത്സങ്ങള്‍ കഴിയുന്നതോടെ സെമി സാധ്യതകള്‍ ഏറക്കുറെ തെളിയും. ഇംഗ്ലണ്ട്, പാകിസ്താന്‍, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ ഇന്ത്യയ്ക്ക് പ്രധാനമാണ്. ഇത്രയും മത്സങ്ങള്‍ കളിക്കാനായില്ലെങ്കില്‍, ഇന്ത്യ സെമിയിലെത്തിയാലും പിന്നീട് ധവാന്റെ തിരിച്ചുവരവ് എളുപ്പമാകില്ല.

Content Highlights: injured shikhar dhawan under observation