ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. മൂന്നാഴ്ച്ചയാണ് ഡോക്ടര്‍മാര്‍ ധവാന് വിശ്രമം അനുവദിച്ചത്. അതേസമയം 12 ദിവസത്തിനുള്ളില്‍ ധവാന്റെ പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷയെന്ന് ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍ പറഞ്ഞിരുന്നു. ലോകകപ്പിലെ അവസാന മത്സരങ്ങളാകുമ്പോഴേക്ക് ഇന്ത്യന്‍ താരം തിരിച്ചുവരുമെന്ന് കോലിയും അഭിപ്രായപ്പെട്ടിരുന്നു. 

ഇതിന് പിന്നാലെ ജിമ്മിലെത്തി ധവാന്‍ വ്യായാമം പുനരാരംഭിച്ചു. ഇടതു കൈയില്‍ ബാന്‍ഡേജ് ചുറ്റി ജിമ്മിലെത്തിയ താരം അരക്കെട്ടിന് താഴെയുള്ള ഭാഗങ്ങള്‍ക്കായുള്ള വ്യായാമമാണ് ചെയ്തത്. ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു ഇന്ത്യന്‍ താരം. 'ഇത്തരം സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് ദുഃസ്വപ്‌നമാക്കാനും പറ്റും, അതല്ലെങ്കില്‍ തിരിച്ചുവരാനുള്ള അവസരമാക്കാനും പറ്റും. എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.' ധവാന്‍ വീഡിയോയോടൊപ്പം ട്വിറ്ററില്‍ കുറിച്ചു. 

ഒപ്പം ഹാര്‍ദിക് പാണ്ഡ്യയ്ക്കും ഭുവനേശ്വര്‍ കുമാറിനുമൊപ്പമുള്ള ഒരു ചിത്രവും ധവാന്‍ പങ്കുവച്ചിട്ടുണ്ട്. ആ ചിത്രത്തില്‍ ധവാന്‍ വലിയ ചെയ്ന്‍ കഴുത്തിലണിഞ്ഞു നില്‍ക്കുന്നുണ്ട്. ഒപ്പം ഹാര്‍ദിക് തന്റെ കഴുത്തിലെ ചെയ്ന്‍ ഉയര്‍ത്തിക്കാണിക്കുന്നു. പിന്നില്‍ വാ പൊളിച്ചാണ് ഭുവനേശ്വര്‍ നില്‍ക്കുന്നത്. ഇതിനും ധവാന്‍ ഒരു ക്യാപ്ഷന്‍ എഴുതിയിട്ടുണ്ട്. 'രണ്ടു പേരുടേയും ചെയ്‌നിന്റെ വില കണ്ട് ഭുവി വാ പൊളിച്ചു' എന്നാണ് ക്യാപ്ഷന്‍. 

Content Highlights: Injured Shikhar Dhawan hits the gym