ലോഡ്‌സ്: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരോട് അഭ്യര്‍ഥനയുമായി ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷാം. ലോഡ്‌സില്‍ നടക്കുന്ന ലോകകപ്പ് ഫൈനലിനായി ടിക്കറ്റെടുത്ത ഇന്ത്യന്‍ ആരാധകര്‍ ആ ടിക്കറ്റുകള്‍ അര്‍ഹതപ്പെട്ട ആരാധകര്‍ക്ക് മറിച്ചുവില്‍ക്കണം എന്നതാണ് നീഷാമിന്റെ അഭ്യർഥന.

'പ്രിയപ്പെട്ട ഇന്ത്യന്‍ ആരാധകരേ...നിങ്ങള്‍ ഫൈനലിന് വരുന്നില്ലെങ്കില്‍ ഔദ്യോഗികമായ മാര്‍ഗങ്ങളിലൂടെ ആ ടിക്കറ്റ് അര്‍ഹതപ്പെട്ട ആരാധകര്‍ക്ക് വില്‍ക്കൂ. ഈ ടിക്കറ്റിലൂടെ നിങ്ങള്‍ക്ക് ലാഭമുണ്ടാക്കാനാകുമെന്ന് എനിക്കറിയാം. പക്ഷേ യഥാര്‍ഥ ക്രിക്കറ്റ് ആരാധകര്‍ക്ക് കളി കാണാനുള്ള അവസരമാക്കി ഇതിനെ മാറ്റാന്‍ അപേക്ഷിക്കുന്നു.' നീഷാം ട്വീറ്റ് ചെയ്തു.

ഇന്ത്യ ഫൈനലിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍ നേരത്തെ തന്നെ ടിക്കറ്റെടുത്തത്. എന്നാല്‍ സെമിയില്‍ ന്യൂസീലന്‍ഡിന് മുന്നില്‍ ഇന്ത്യ തോറ്റു. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇംഗ്ലണ്ടും ഫൈനലിലെത്തി. ഇതോടെ ന്യൂസീലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനലിന് കളമൊരുങ്ങുകയായിരുന്നു. ജൂലായ് 14-ന് ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്നു മണിക്കാണ് ഫൈനല്‍ തുടങ്ങുക.

Content Highlights: Indian Cricket FansRe Sell World Cup Final Tickets James Neesham