ന്യൂഡല്‍ഹി: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ഋഷഭ് പന്തിന്റെ അസാന്നിധ്യം വീണ്ടും ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. 

ലോകകപ്പില്‍ ഋഷഭ് പന്തിന്റെ അഭാവം ഇന്ത്യ അറിയുമെന്ന് ഗാംഗുലി പറഞ്ഞു. ഇത്തവണത്തെ ഐ.പി.എല്ലില്‍ മികച്ച ഫോമിലായിരുന്നു പന്ത്. 16 ഇന്നിങ്‌സുകളില്‍ നിന്നായി 40.83 ശരാശരിയില്‍ മൂന്ന് അര്‍ധ സെഞ്ചുറികളടക്കം 488 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 

നേരത്തെ തന്നെ പന്തിനെ ധോനിയുടെ പിന്‍ഗാമിയെന്ന് ഗാംഗുലി വിശേഷിപ്പിച്ചിരുന്നു. ഏറെക്കാലം ഇന്ത്യന്‍ ജേഴ്‌സിയണിയാന്‍ കഴിവുള്ള താരമാണ് പന്തെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ ലോകകപ്പ് കളിക്കാനുള്ള അവസരം നഷ്ടമായാലും ഇനി മുന്നിലുള്ള ലോകകപ്പുകളില്‍ പന്ത് കളിക്കുമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. ഇതുകൊണ്ടൊന്നും പന്തിന്റെ വഴിയടയാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: india will miss rishabh pant in icc world cup 2019 says sourav ganguly