കാര്‍ഡിഫ് സിറ്റി: ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് പടുകൂറ്റന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 264 എടുത്ത് ഇന്ത്യയ്ക്ക് മുന്നില്‍ കീഴടങ്ങി. ലോകകപ്പ് മത്സരങ്ങള്‍ക്ക് മുമ്പായി നടന്ന അവസാന സന്നാഹമത്സരമായിരുന്നു ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നടന്നത്.

സ്‌കോര്‍. സെഞ്ചുറി നേടിയ കെ.എല്‍ രാഹുലിന്റേയും എം.എസ് ധോനിയുടേയും മികവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 102 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ ധോനിയും രാഹുലും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 164 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

രാഹുല്‍ 99 പന്തില്‍ 12 ഫോറും നാല് സിക്സും സഹിതം 108 റണ്‍സ് നേടി. 78 പന്തില്‍ എട്ടു ഫോറും ഏഴു സിക്സും സഹിതം 113 റണ്‍സാണ് എം.എസ് ധോനി അടിച്ചെടുത്തത്. ഏഴു റണ്‍സോടെ ദിനേശ് കാര്‍ത്തിക്കും 11 റണ്‍സുമായി രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു. 

അതേസമയം ബംഗ്ലാദേശ് നിരയില്‍ മുഷ്ഫിക്കര്‍ റഹിം( 90) ഓപ്പണറായ ലിന്റണ്‍ ദാസ് ( 70) എന്നിവര്‍ മാത്രമാണ് പൊരുതി നിന്നത്. 

ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒരു റണ്ണെടുത്ത ശിഖര്‍ ധവാന്‍ ആദ്യം ക്രീസ് വിട്ടു. 19 റണ്‍സെടുച്ച് രോഹിത് ശര്‍മ്മയും പുറത്തായി. വിജയ് ശങ്കറിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. ഏഴു പന്തില്‍ രണ്ട് റണ്‍സായിരുന്നു വിജയ് ശങ്കറിന്റെ സമ്പാദ്യം. വിരാട് കോലി 46 പന്തില്‍ 47 റണ്‍സ് അടിച്ചെടുത്തു. അഞ്ചു ഫോറിന്റെ അകമ്പടിയോടെയായിരുന്നു ഇത്. 

രാഹുലിനെ പുറത്താക്കി സാബിര്‍ റഹ്മാനാണ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. 44-ാം ഓവറിലായിരുന്നു രാഹുല്‍ ക്രീസ് വിട്ടത്. അവസാന ഓവറുകളില്‍ കൂറ്റന്‍ അടിക്ക് മുതിര്‍ന്ന ഹാര്‍ദിക് പാണ്ഡ്യ 11 പന്തില്‍ 21 റണ്‍സുമായി പുറത്തായി. രണ്ടു ഫോറും ഒരു സിക്സും യുവഓള്‍റൗണ്ടര്‍ കണ്ടെത്തി. 

ന്യൂസീലന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ വമ്പന്‍ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. 179 റണ്‍സിന് ഇന്ത്യയെ ന്യൂസീലന്‍ഡ് പേസ് ബൗളര്‍മാര്‍ എറിഞ്ഞിട്ടു. 77 പന്ത് ബാക്കിനില്‍ക്കെ അവര്‍ ജയിച്ചു.

Content Highlights: India vs Bangladesh Warm Up Match World Cup 2019