മാഞ്ചെസ്റ്റര്‍: ഒരിക്കല്‍ക്കൂടി 130 കോടി വരുന്ന ജനത ആ മാജിക്ക് എം.എസ് ധോനിയെന്ന അതിമാനുഷികനില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു. പന്തുകളും ജയത്തിലേക്കുള്ള റണ്ണുകളും തമ്മിലുള്ള വ്യത്യാസം എത്ര വലുതുമാകട്ടെ, അയാള്‍ക്ക് എന്തും സാധ്യമാണെന്ന വിശ്വാസം കോടിക്കണക്കിന് വരുന്ന ജനഹൃദയങ്ങളില്‍ ഉറച്ചുപോയിരുന്നു. 

പക്ഷേ ഗുപ്റ്റിലിന്റെ എവിടെനിന്നോ വന്ന ആ ത്രോ ബാറ്റിങ് ക്രീസിലെ വിക്കറ്റ് തെറിപ്പിച്ചപ്പോള്‍ കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ ആരാധകരുടെ ഹൃദയം ഒരുപക്ഷേ നിലച്ചുപോയിരുന്നിരിക്കണം. പ്രതീക്ഷയുടെ അവസാന വെട്ടവും അവസാനിച്ച് അയാള്‍ തിരികെ നടന്നപ്പോള്‍ ആ ശരീരഭാഷയിലുണ്ടായിരുന്നു എല്ലാം. 

ഗുപ്റ്റിലിന്റെ ത്രോയില്‍ റണ്ണൗട്ടായി തിരികെ പവലിയനിലേക്ക് നടക്കുമ്പോള്‍ ധോനിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പലപ്പോഴും ഇന്ത്യന്‍ ജേഴ്‌സിയില്‍ താന്‍ കാണിച്ച ആ പോരാട്ടവീര്യം പുറത്തെടുക്കാനായില്ല എന്ന തിരിച്ചറിവായിരിക്കാം ഒരുപക്ഷേ അതിന് കാരണം.

icc world cup the video of ms dhoni crying on being run out

മുന്‍നിര തകര്‍ന്ന് നാണംകെട്ട തോല്‍വി മുന്നില്‍ക്കണ്ട അവസ്ഥയില്‍ നിന്നാണ് ധോനിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിന് പുതുജീവന്‍ നല്‍കിയത്. ഇരുവരും ചേര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 116 റണ്‍സാണ് ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്.

59 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത ജഡേജ പുറത്തായിട്ടും ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷ കൈവെടിയാതിരുന്നത് ധോനിയെന്ന മഹാമേരു ക്രീസിലുണ്ടായിരുന്നു എന്ന ഒറ്റ കാരണത്താലായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ധോനിയെ വെല്ലുന്ന മറ്റൊരു താരവും ലോകക്രിക്കറ്റിലില്ല. ജഡേജ പുറത്തായിട്ടും കിവീസ് ശ്വാസം വിടാതിരുന്നതും അക്കാരണത്താല്‍ തന്നെ. പക്ഷേ രണ്ടാം റണ്ണിനായുള്ള അദ്ദേഹത്തിന്റെ ദാഹം ഒരു നിമിഷം പിഴച്ചു. ലോക ക്രിക്കറ്റിലെ ഏറ്റവും വേഗതയുള്ള കാലുകള്‍ ഒരു നിമിഷം നിസ്സഹായമായി.

കലങ്ങിയ കണ്ണുകളുമായി തിരികെ നടക്കുമ്പോള്‍ അയാള്‍ക്കറിയാമായിരുന്നു ആരാധകര്‍ തന്നിലര്‍പ്പിച്ച വിശ്വാസം എത്രത്തോളമായിരുന്നുവെന്ന്. അല്ലെങ്കില്‍ ഇത്തരമൊരു വേദിയില്‍ ഇനി തനിക്ക് ബാല്യമില്ലെന്ന്. അതുതന്നെയായിരിക്കണം പതിവില്ലാതെ ആ കണ്ണുകള്‍ നിറഞ്ഞത്.

Content Highlights: icc world cup the video of ms dhoni crying on being run out