കൊളംബോ:ഏകദിന ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമും റെഡി. ദിമുത് കരുണരത്‌നയുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ ടീമിനെയാണ് ലങ്ക പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ക്യാപ്റ്റനായിരുന്ന ലസിത് മലിംഗയ്ക്ക് പകരക്കാരനായാണ് കരുണരത്‌നയെ തിരഞ്ഞെടുത്തത്. അതേസമയം സീനിയര്‍ താരങ്ങളായ എയ്ഞ്ചലോ മാത്യൂസും ലസിത് മലിംഗയും പതിനഞ്ചംഗ ടീമിലുണ്ട്.
ലങ്കയ്ക്കായി 17 ഏകദിനങ്ങള്‍ മാത്രമാണ് മുപ്പതുകാരനായ കരുണരത്‌ന കളിച്ചത്. നാല് വര്‍ഷം മുമ്പ് കഴിഞ്ഞ ഏകദിന ലോകകപ്പിലായിരുന്നു കരുണരത്‌നയുടെ അവസാന ഏകദിനം. 17 ഏകദിനങ്ങളില്‍ നിന്ന് 190 റണ്‍സ് മാത്രമാണ് കരുണരത്‌നയുടെ സമ്പാദ്യം. എന്നാല്‍ ഈ അടുത്ത് ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ശ്രീലങ്കയുടെ ചരിത്ര വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായാതാണ് കരുണരത്‌നയുടെ ക്യാപ്റ്റന്‍സിയിലേക്ക് നയിച്ചത്. ഈ പ്രകടനം ഐ.സി.സിയുടെ ഈ വര്‍ഷത്തെ ടെസ്റ്റ് ടീമിലും മുപ്പതുകാരന് ഇടം നേടിക്കൊടുത്തിരുന്നു.
അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരകളില്‍ ലസിത് മലിംഗക്ക് കീഴില്‍ കളിച്ച ലങ്ക വന്‍ പരാജയമായിരുന്നു. ഏകദിനത്തില്‍ 5-0ത്തിനും ട്വന്റി-20യില്‍ 2-0ത്തിനുമായിരുന്നു തോല്‍വി. അവസാനം കളിച്ച 15 ഏകദിനങ്ങളില്‍ ഒന്നില്‍ മാത്രമാണ് ലങ്ക വിജയിച്ചത്. ഇതും കരുണരത്‌നയുടെ ക്യാപ്റ്റന്‍സിയിലേക്ക് നയിച്ചു.
അവിശ്ക ഫെര്‍ണാണ്ടോ, ലാഹിരു തിരിമന്നെ, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ, ജെഫ്രി വാന്‍ഡേഴ്‌സേ, തിസേര പെരേര, ഇസുറു ഉദാന, സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ്, ജീവന്‍ മെന്‍ഡിസ്, മിലിന്ദ സിരിവര്‍ദ്ധന എന്നിവരാണ് മറ്റു ടീമംഗങ്ങള്‍.
Sri Lanka have named their #CWC19 squad! 🇱🇰 pic.twitter.com/TPXM4zNVwH
— Cricket World Cup (@cricketworldcup) 18 April 2019
Content Highlights: ICC World Cup 2019 Sri Lanka Cricket Team