ലണ്ടന്‍: ക്രിക്കറ്റ് ലോകത്ത് പ്രവചനങ്ങള്‍ക്ക് അതീതരാണ് തങ്ങളെന്ന് വീണ്ടും തെളിയിക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം. തങ്ങളുടേതായ ദിവസത്തില്‍ ഏത് കൊലകൊമ്പനേയും തകര്‍ക്കാന്‍ പോന്ന അവര്‍ ചിലപ്പോള്‍ തീരെ ചെറിയ എതിരാളികള്‍ക്കു മുന്നില്‍ പോലും മുട്ടുമടക്കും.
ലോകകപ്പ് ആരംഭിച്ച് അഞ്ചു ദിവസം പിന്നിടുമ്പോള്‍തന്നെ ഇക്കാര്യം വീണ്ടും ശരിവെയ്ക്കുകയാണ് പാക് ടീം. മേയ് 31-ന് വെസ്റ്റിന്‍ഡീസിനെതിരേ നടന്ന മത്സരത്തില്‍ 21.4 ഓവറില്‍ 105 റണ്‍സിന് പുറത്തായ പാകിസ്താനാണ് തിങ്കളാഴ്ച ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 348 റണ്‍സ് അടിച്ചുകൂട്ടിയിരിക്കുന്നത്.
2019 ക്രിക്കറ്റ് ലോകകപ്പ് അഞ്ചു ദിവസം പിന്നിടുമ്പോള്‍ ഇതുവരെയുള്ള ഏറ്റവും ചെറിയ ടോട്ടലും വലിയ ടോട്ടലും പാകിസ്താന്റെ പേരിലാണ്.
വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ 105 റണ്‍സിന് പുറത്തായ പാകിസ്താന്‍ ഏഴു വിക്കറ്റിനാണ് തോറ്റത്. അന്ന് പാക് ബൗളര്‍മാരെ അടിച്ചുപരത്തിയ വിന്‍ഡീസ് 218 പന്ത് ബാക്കി നില്‍ക്കെയാണ് വിജയത്തിലെത്തിയത്. 1992 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 72 റണ്‍സാണ് പാകിസ്താന്റെ ഏറ്റവും കുറഞ്ഞ ലോകകപ്പ് സ്‌കോര്‍.
അതേസമയം, തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഏകദിനത്തിലെ 38-ാം അര്‍ധസെഞ്ചുറി കുറിച്ച മുഹമ്മദ് ഹഫീസ് (84), ബാബര്‍ അസം (63), ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് (55), ഇമാം ഉള്‍ ഹഖ് (44), ഫഖര്‍ സമാന്‍ (36) എന്നിവരുടെ മികച്ച പ്രകടനങ്ങളുടെ ബലത്തില്‍ ഈ ലോകകപ്പില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡോടെയാണ് പാകിസ്താന്‍ 348 റണ്‍സെടുത്തത്.
കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ബംഗ്ലാദേശ് നേടിയ 330 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍.
Content Highlights: icc world cup 2019 pakistan got two records