മുംബൈ: ദിനേഷ് കാര്‍ത്തിക്കോ ഋഷഭ് പന്തോ? അമ്പാട്ടി റായുഡുവോ ലോകേഷ് രാഹുലോ? ഒരുവര്‍ഷത്തിലേറെയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണങ്ങളുടെ ഉത്തരം കുറച്ചു സമയത്തിനുള്ളില്‍ അറിയാം. മേയ് 30 മുതല്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച വൈകീട്ട് മുംബൈയില്‍ പ്രഖ്യാപിക്കും.

ഇന്ത്യയുടെ മുന്‍താരം എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി 15 അംഗ ടീമിനെയാണ് പ്രഖ്യാപിക്കുക. ഇതില്‍ 11 പേരുകള്‍ നേരത്തേ ഏറക്കുറേ ഉറപ്പായതാണ്. അതില്‍ പത്തുപേരും പ്ലേയിങ് ഇലവനിലുണ്ടാകും. ശേഷിക്കുന്ന ഒരുസ്ഥാനത്തിനുവേണ്ടി ആറുപേര്‍ മത്സരിക്കുന്നു.

ഓപ്പണര്‍മാരായി രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍, മൂന്നാമനായി കോലി, തുടര്‍ന്ന് എം.എസ്. ധോനി, കേദാര്‍ ജാദവ്, പേസര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ മിക്കവാറും ടീമിലുണ്ടാകും. അവശേഷിക്കുന്ന നാലു സ്ഥാനങ്ങള്‍ക്കുവേണ്ടി പ്രധാനമായും മത്സരിക്കുന്നത് ഇവരാണ്.

1. അമ്പാട്ടി റായുഡു
2. ദിനേഷ് കാര്‍ത്തിക്
3. ഋഷഭ് പന്ത്
4. ലോകേഷ് രാഹുല്‍
5. വിജയ് ശങ്കര്‍
6. രവീന്ദ്ര ജഡേജ

ഇതില്‍ കളിക്കാനുള്ള ഇലവനില്‍ ഒരുസ്ഥാനം മാത്രമേ ബാക്കിയുള്ളൂ. നാലാം നമ്പറില്‍ ബാറ്റുചെയ്യാനുള്ള ഒരാള്‍. അവിടേക്ക് ആരുവേണം എന്നതാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തലവേദന.

ധോനിക്കുപുറമേ റിസര്‍വായി ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വേണം. അതുകൊണ്ട് ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരിലൊരാള്‍ മിക്കവാറും സ്ഥാനം പിടിക്കും. ഋഷഭിനാണ് കൂടുതല്‍ സാധ്യത. സമീപകാലത്തെ ഫോമും ഓപ്പണറായും കളിപ്പിക്കാം എന്നതും ലോകേഷ് രാഹുലിന് അമ്പാട്ടി റായുഡുവിനേക്കാള്‍ മുന്‍തൂക്കം നല്‍കുന്നു. വിജയ് ശങ്കറിന് ഓള്‍റൗണ്ടര്‍ എന്ന പരിഗണനയുണ്ട്. പരിചയസമ്പത്തും സ്പിന്‍ ഓള്‍റൗണ്ടര്‍ എന്നതും രവീന്ദ്ര ജഡേജയ്ക്കും സാധ്യത നല്‍കുന്നു. ചുരുക്കത്തില്‍ ദിനേഷ് കാര്‍ത്തിക്കും അമ്പാട്ടി റായുഡുവും ടീമിലെത്താന്‍ സാധ്യത കുറവാണ്.

അമ്പാട്ടി റായുഡു

അമ്പാട്ടി റായുഡുവിനെ നാലാം നമ്പറില്‍ ഉറപ്പിക്കാന്‍ ഒരുവര്‍ഷംമുമ്പേ ശ്രമം തുടങ്ങിയതാണ്. എന്നാല്‍ സ്ഥാനം ഉറപ്പിക്കാവുന്ന പ്രകടനം റായുഡുവില്‍നിന്നുണ്ടായില്ല. സമീപകാലത്ത് 14 ഇന്നിങ്സില്‍ നാലാം നമ്പറില്‍ ബാറ്റുചെയ്തപ്പോള്‍ 42.18 ശരാശരിയില്‍ 464 റണ്‍സെടുത്തു.

ലോകേഷ് രാഹുല്‍

ടെസ്റ്റിലെ സ്ഥിരം അംഗമായിരുന്ന രാഹുല്‍ മൂന്നുവര്‍ഷം മുമ്പാണ് ഏകദിന ടീമിലെത്തിയത്. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഫോം നഷ്ടമായി ടെസ്റ്റ് ടീമില്‍നിന്നും ഒഴിവാക്കപ്പെട്ടു. ഇന്ത്യയില്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ചു. സമീപകാലത്ത് ഐ.പി.എല്ലില്‍ മികച്ച ഫോമില്‍. സാങ്കേതിക മികവും ഒറ്റയ്ക്ക് ഇന്നിങ്സിനെ കൊണ്ടുപോകാനുമുള്ള കരുത്തുണ്ട്. ഏകദിനത്തിലെ പരിചയക്കുറവ് പരിമിതിയാകും

ദിനേഷ് കാര്‍ത്തിക്

2004-ല്‍ ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റം കുറിച്ച ദിനേഷ് അതിനിടെ പലപ്പോഴും ടീമില്‍വന്നുപോയെങ്കിലും സ്ഥിരസാന്നിധ്യമാകാന്‍ കഴിഞ്ഞില്ല. കഴിഞ്ഞവര്‍ഷം നിദാഹാസ് ട്രോഫി ഫൈനലില്‍ അവസാന പന്തില്‍ ബംഗ്ലാദേശിനെതിരേ സിക്‌സടിച്ച് ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്തത് തിരിച്ചുവരാന്‍ വഴിയൊരുക്കി. തുടര്‍ന്നുംസ്ഥിരതയാര്‍ന്ന പ്രകടനമില്ല. സീസണില്‍ ഐ.പി.എല്ലിലും അത്ര തിളങ്ങാനായില്ല.

ഋഷഭ് പന്ത്

ഋഷഭ് പന്തിന്റെ നിര്‍ഭയ ബാറ്റിങ്ങും പവര്‍ഫുള്‍ ഷോട്ടുകളും ചില സന്ദര്‍ഭങ്ങളില്‍ കളിയുടെ വിധിയെഴുതും. എന്നാല്‍ പരിചയസമ്പത്ത് തീരെയില്ല. നാലാം നമ്പറില്‍ പക്വതയോടെ ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ കഴിയുമോ എന്ന സംശയമുണ്ട്. ഇടംകൈയന്‍ ബാറ്റ്സ്മാന്‍ എന്നതും ഋഷഭിന് സാധ്യത നല്‍കുന്നു

രവീന്ദ്ര ജഡേജ

ഇടം കൈയന്‍ സ്പിന്നര്‍ എന്നതിനൊപ്പം ബാറ്റിങ്ങിലും ആശ്രയിക്കാം. വിദേശ പിച്ചുകളിലെ ദീര്‍ഘകാലത്തെ പരിചയസമ്പത്ത് ജഡേജയ്ക്ക് തുണയാകും. സമീപകാലത്ത് മികച്ച ഫോമിലുള്ള കുല്‍ദീപ്, ചാഹല്‍ എന്നീ രണ്ട് സ്പെഷലിസ്റ്റ് സ്പിന്നര്‍മാര്‍ കളിക്കുമ്പോള്‍ ടീമില്‍ മറ്റൊരു സ്പിന്നര്‍ക്ക് ഇടമുണ്ടാകില്ല.

വിജയ് ശങ്കര്‍

സമീപകാലത്ത് കിട്ടിയ അവസരങ്ങള്‍ നന്നായി ഉപയോഗിച്ചു. പേസ് ബൗളര്‍ ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ ഒരുപടി മുന്നില്‍നില്‍ക്കുന്നത് വിജയ് ശങ്കറിന് വെല്ലുവിളിയാണ്.

ട്വിസ്റ്റ്

മുംബൈയുടെ ഓപ്പണിങ്ങ് ബാറ്റ്സ്മാന്‍ പൃഥ്വി ഷാ, മനീഷ് പാണ്ഡെ, പേസ് ബൗളര്‍മാരായ നവദീപ് സൈനി, ഇടംകൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ് എന്നിവര്‍ അപ്രതീക്ഷിത എന്‍ട്രി നടത്തുമോ എന്ന് കണ്ടറിയണം.

സെലക്ഷന്‍ കമ്മിറ്റി

എം.എസ്.കെ. പ്രസാദ് (ചെയര്‍മാന്‍), സരണ്‍ദീപ് സിങ്, ദെബാങ് ഗാന്ഥി, ജതിന്‍ പരാഞ്ജ്പെ, ഗഗന്‍ കോഡ. 15 അംഗ ടീമിനെയാണ് പ്രഖ്യാപിക്കുക. മേയ് 23 വരെ ടീമില്‍ മാറ്റംവരുത്താം.

Content Highlights: ICC World Cup 2019  India’s Squad Announcement