ലണ്ടന്‍: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തിറക്കി. 'സ്റ്റാന്‍ഡ് ബൈ' എന്ന് പേരിട്ടിരിക്കുന്ന ഗാനം ബ്രിട്ടനിലെ പ്രമുഖ ബാന്‍ഡായ 'റുഡിമെന്റലും' പുതിയ ഗായിക ലോറിന്‍ സൈറന്‍സും ചേര്‍ന്നാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ലോകകപ്പിന് വേദിയാകുന്ന 11 സ്റ്റേഡിയങ്ങളിലും ബ്രിട്ടനിലെ പ്രധാന നഗരങ്ങളിലും ലോകകപ്പ് നടക്കുന്ന സമയം മുഴുവന്‍ ഈ ഗാനം പ്രദര്‍ശിപ്പിക്കും.

വെള്ളിയാഴ്ച ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഈ ഗാനം പുറത്തുവിട്ടത്.

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായ ലോകകപ്പില്‍ 10 ടീമുകളാണ് ഇത്തവണ മത്സരിക്കുന്നത്. മേയ് 30-ന് കെന്നിങ്ടണ്‍ ഓവലില്‍ അതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന മത്സരത്തോടെ ടൂര്‍ണമെന്റിന് തുടക്കമാകും. 

റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ഇത്തവണ മത്സരങ്ങള്‍ നടക്കുന്നത്. ഓരോ ടീമിനും ഒമ്പത് മത്സരങ്ങള്‍ വീതമുണ്ടാകും. 46 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ടൂര്‍ണമെന്റ്. ഇത് അഞ്ചാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പിന് വേദിയാകുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ലോകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

അതേസമയം ഇത്തവണത്തെ ഐ.സി.സി ലോകകപ്പ് കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് നാല് ദശലക്ഷം യു.എസ് ഡോളര്‍ (28 കോടിയോളം രൂപ) ആണ്.

Content Highlights: icc releases official song for cricket world cup 2019