മുംബൈ:  എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു ലോകകപ്പ് കിരീടം പ്രതീക്ഷിച്ചാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് വിമാനം കയറുന്നത്. ആ പോരാട്ടത്തിനുള്ള പതിനഞ്ചംഗ പോരാളികളെ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെ വിവാദവും കത്തുകയാണ്. ഫോമിലുള്ള അമ്പാട്ടി റായുഡുവിനേയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനേയും ടീമില്‍ ഉള്‍പ്പെടുത്താത്തതാണ് പ്രതിഷേധത്തിന് കാരണം. 

ഇതിന് ആക്കം കൂട്ടുകയാണ് ഐ.സി.സിയും. എന്തുകൊണ്ടാണ് അമ്പാട്ടി റായുഡുവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് എന്ന ചോദ്യവുമായി ഐ.സി.സി രംഗത്തുവന്നു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഐ.സി.സിയുടെ ചോദ്യം. ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറേക്കാളും ബാറ്റിങ് ശരാശരിയുള്ള റായുഡു ഇന്ത്യന്‍ സംഘത്തിനൊപ്പം വേണ്ടേ എന്നാണ് ഐ.സി.സി ആരാധകരോട് ചോദിക്കുന്നത്.

മിനിമം 20 ഇന്നിങ്‌സുകളില്‍ ഏറ്റവും കൂടുതല്‍ ബാറ്റിങ് ശരാശരിയുള്ള താരങ്ങളുടെ പട്ടിക ഐ.സി.സി ഈ ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 47.05 ശരാശരിയുള്ള റായുഡു ഇതില്‍ നാലാം സ്ഥാനത്താണ്. 44.83 ശരാശരിയുള്ള സച്ചിന്‍ റായുഡുവിന് പിന്നിലാണ്. 59.57 ശരാശരിയുമായി വിരാട് കോലിയാണ് ഒന്നാമത്. എം.എസ് ധോനി (50.37), രോഹിത് ശര്‍മ്മ (47.39) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Content Highlights: ICC questions Ambati Rayudu's omission from World Cup 2019 squad