ന്ത്യ അടക്കം പല ടീമുകളുടെയും കരുത്ത് ഓപ്പണർമാരാണ്. എന്നാൽ, ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയിൽ ഇന്ത്യയെ നേരിടുന്ന ന്യൂസീലൻഡ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഓപ്പണർമാരുടെ ഫോമില്ലായ്മയാണ്.

ഒരൊറ്റ മത്സരത്തിൽ ഒഴികെ മറ്റെല്ലാറ്റിലും ടീമിനെ കൈവിടുകയായിരുന്നു ഓപ്പണർമാരായ മാർട്ടിൻ ഗുപ്​ടില്ലും കോളിൻ മൺ​റോയും ഹെൻ​റി നിക്കോൾസും. സെമിവരെ കളിച്ച ഒൻപത് മത്സരങ്ങളിലായി ആകെ 221 റൺസാണ് മൂവരും ചേർന്ന് നേടിയത്. ഇന്ത്യയും ഇംഗ്ലണ്ടുമെല്ലാം ഓപ്പണർമാരുടെ ബലത്തിൽ കൂറ്റൻ സ്കോറുകൾ പടുത്തുയർത്തുകയും വിജയം നേടുകയും ചെയ്യുമ്പോഴാണിത്.

ശ്രീലങ്കയ്ക്കെതിരായ ആദ്യ  മത്സരത്തിൽ 137 റൺസ് നേടിയശേഷമാണ് അവർ അവിശ്വസനീയമാംവണ്ണം നിരാശപ്പെടുത്തിയത്. പത്ത് വിക്കറ്റിന് വിജയിച്ച ആ മത്സരത്തിൽ ഗുപ്ടിൽ 73 ഉം മൺറോ 58 ഉം റൺസെടുത്ത് പുറത്താകാതെ നിന്നു.

പിന്നീടങ്ങോട്ട് ദയനീയമായിരുന്നു ഓപ്പണർമാരുടെ പ്രകടനം. ബംഗ്ലാദേശിനെതിരേ 35, അഫ്ഗാനിസ്താനെതിരേ പൂജ്യം, (ഈ  മത്സരത്തിൽ ആദ്യ പന്തിൽ തന്നെ പുറത്തായി ഗുപ്​ടിൽ ചരിത്രം രചിക്കുകയും ചെയ്തു.) ദക്ഷിണാഫ്രിക്കയ്ക്കെതിരേ 12, വിൻഡീസിനെതിരേ പൂജ്യം, പാകിസ്താനെതിരേ അഞ്ച്, ഓസ്ട്രേലിയക്കെതിരേ 29, ഇംഗ്ലണ്ടിനെതിരേ രണ്ട് എന്നിങ്ങനെയാണ് ഓപ്പണർമാരുടെ സംഭാവന.

ശ്രീലങ്കയ്ക്കെതിരായ മത്സരം മുന്നൽ വിൻഡീസിനെതിരായ മത്സരം വരെ ഗുപ്​ടില്ലിന് കൂട്ട് കോളിൻ മൺ​റോയായിരുന്നു. അവസാന രണ്ട് മത്സരങ്ങളിലാണ് നിക്കോൾസ് ഓപ്പൺ ചെയ്യാനെത്തിയത്.

ആദ്യ മത്സരം ഒഴിച്ചുനിർത്തിയാൽ നിരാശാജനകമായിരുന്നു ഇരു ഓപ്പണർമാരുടെയും വ്യക്തിഗത സ്കോറിങ്ങും. 0, 35, 0, 5, 20, 8 എന്നിങ്ങനെയാണ് ന്യൂസീലൻഡ് ഏറെ പ്രതീക്ഷ വച്ചു പുലർത്തിയിരുന്ന ഗുപ്ടില്ലിന്റെ സംഭാവന. ആകെ 167 റൺസ്. 2015ലെ ലോകകപ്പിൽ മൊത്തം 547 റൺസാണ് ഗുപ്ടിൽ നേടിയത്. ഏറ്റവും ഉയർന്ന സ്കോറാവട്ടെ 237 റൺസും.

24, 22, 9, 0, 12 എന്നിങ്ങനെയാണ് മൺറോ ഇക്കുറി നേടിയത്. സെമി അടക്കം മൂന്ന് മത്സരങ്ങൾ മാത്രം കളിച്ച നിക്കോൾസിന് എട്ടും 28 ഉം റൺസാണ് നേടിയത്. ഒരിക്കൽ പൂജ്യത്തിന് പുറത്തായി.

ഇന്ത്യയ്ക്കെതിരായ സെമിയിലും ടീമിനെ തുടക്കത്തിൽ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഓപ്പണർമാർ. 3.3 ഓവറിൽ ഒരൊറ്റ റണ്ണാണ് ഇരുവരും ചേർന്ന് സംഭാവന ചെയ്തത്. ഗുപ്ടിൽ ഒന്നും നിക്കോൾസ് 28 ഉം റൺസാണ് നിർണായക മത്സരത്തിൽ നേടിയത്.

Content Highlights: ICC Cricket WorldCup NewZealand India Opening Partnership Martin Guptil