രു റണ്ണൗട്ടിൽ തുടങ്ങി മറ്റൊരു റണ്ണൗട്ടിൽ ഒടുങ്ങുകയാണോ മഹേന്ദ്ര സിങ് ധോനിയുടെ സംഭവബഹുലമായ  ഏകദിന കരിയർ? ഈ ലോകകപ്പോടെ ഏകദിന ക്രിക്കറ്റിനോട് വിടപറയാൻ മുൻ ഇന്ത്യൻ നായകൻ തീരുമാനിക്കുകയാണെങ്കിൽ കാലത്തിന്റെ ഈ യാദൃശ്ചികതയെ നമിക്കുകയല്ലാതെ തരമില്ല.

ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ വിജയസാധ്യതയുടെ കഴുത്തറുത്തത് ഷോർട്ട് ഫൈൻ ലെഗ്ഗിൽ നിന്ന് മാർട്ടിൻ ഗുപ്ടിൽ എറിഞ്ഞ ഒരു ത്രോയാണ്. പന്ത് നേരെ വിക്കറ്റിന്റെ മുകളിൽ കൊണ്ട് ബെയ്ൽ തെറിക്കുമ്പോൾ ക്രീസിലേയ്ക്ക് മിന്നലോട്ടക്കാരനായ ധോനിയുടെ ബാറ്റിന് ഒരു ആറിഞ്ചിന്റെ അകലമെങ്കിലും ഉണ്ടായിരുന്നു. നാൽപത്തിയൊൻപതാം ഓവറിന്റെ മൂന്നാം പന്തിൽ ധോനി റണ്ണൗട്ടായി മടങ്ങുന്നത് അവിശ്വസനീയതയോടെയാണ് ലോകം കണ്ടുനിന്നത്. ഒൻപത് പന്ത് ശേഷിക്കെ വിജയത്തിലേയ്ക്ക് ഇന്ത്യയ്ക്ക് 22 റണ്ണിന്റെ അകലമുണ്ടായിരുന്നു അപ്പോൾ. ഇന്ത്യ ആ ഓവറിൽ തന്നെ തോൽവി ഉറപ്പിച്ചു. ആറു പന്തുകൾക്കുള്ളിൽ അത് യാഥാർഥ്യമാവുകയും ചെയ്തു. ധോനിയുടെ ഈ റണ്ണൗട്ട് അങ്ങനെ ഇന്ത്യയുടെ തോൽവിയിൽ നിർണായകമായി.

എന്നാൽ, ഈ റണ്ണൗട്ടിന് ഇന്ത്യയുടെ തോൽവിയേക്കാൾ വലിയൊരു മാനമുണ്ടായിരുന്നു. ഇത് ഓർമിപ്പിച്ചത് പതിനഞ്ച് കൊല്ലം മുൻപത്തെ മറ്റൊരു റണ്ണൗട്ടാണ്. അതിലും നായകൻ ഇതേ ധോനി തന്നെ. തപഷ് ബൈസ്യയുടെ ഏറ് പിടിച്ച് ബംഗ്ലാദേശ് കീപ്പർ ഖാലിദ് മഷൂദ്  ബെയ്ലെടുക്കുമ്പോൾ റണ്ണൊന്നുമെടുത്തിരുന്നില്ല ധോനി. ഒരൊറ്റ പന്ത് മാത്രം നേരിട്ട് പൂജ്യനായി മടങ്ങേണ്ടിവന്നത് ഹൃദയഭേദകമായിരുന്നു ധോനിക്ക്. കാരണം, അതായിരുന്നു പിന്നീട് 350 ഏകദിനങ്ങളിൽ നിന്ന് 10773 റൺസ് വാരിക്കൂട്ടിയ ധോനിയുടെ അരങ്ങേറ്റ ഇന്നിങ്സ്. ആദ്യ ഇന്നിങ്സിൽ തന്നെ പൂജ്യത്തിന് റണ്ണൗട്ടാകേണ്ടിവന്നതിന്റെ സങ്കടമാണോ പിൽക്കാലത്ത് ധോനി സിംഗിളുകൾക്കും ഡബിളുകൾക്കും വേണ്ടി പിച്ചിൽ സ്പ്രിന്റ് ചെയ്തും മിന്നൽ സ്റ്റമ്പിങ് നടത്തിയും തീർത്തതെന്ന് സംശയിച്ചുപോകും ആരും.

പിന്നീട് മൂന്ന് ഇന്നിങ്സിൽകൂടി നിസാര സ്കോറിന് പുറത്തായി നിരാശപ്പെടുത്തി ധോനി. അതിനുശേഷമാണ് പാകിസ്താനെതിരേ കിടയറ്റ സെഞ്ചുറിയിലൂടെ പിൽക്കാലത്ത്  ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷറും ഏറ്റവും മികച്ച നായകരിൽ ഒരാളുമായി മാറിയ ധോനി ടീമിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചത്.

സെമിയിൽ കിവീസിനെ നേരിടുമ്പോൾ മുപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിച്ച് മൂന്ന് ദിവസമായെങ്കിലും ധോനി ഇതുവരെ ഏകദിനത്തിൽ നിന്ന് ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. ഇനിയൊരു ലോകകപ്പിനുള്ള ബാല്യം എന്തായാലും ധോനിക്കില്ല. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത ലോകകപ്പിലേയ്ക്ക് ഇനി നാലു വർഷത്തിന്റെ അകലമുണ്ട്.

ഏകദിനങ്ങളിലും ഇനി എത്രകാലം ധോനിക്ക് കളിക്കാനാകുമെന്ന കാര്യവും സംശയമാണ്. വിക്കറ്റിന് പിറകിലെ ധോനിയുടെ പ്രകടനത്തിന്റെ മാറ്റൊന്നും കുറഞ്ഞിട്ടില്ല. എന്നാൽ, ബാറ്റിങ്ങിന്റെ കാര്യം അങ്ങനെയല്ല. ആ പഴയ ഫിനിഷറുടെ നിഴലേ ഇപ്പോഴത്തെ മുത്തിയെട്ടുകാരനിലുള്ളൂ. ലോകകപ്പ് തന്നെ അതിന് ദൃഷ്ടാന്തം. സെമിയിലെ ഇന്നിങ്സ് ഒഴിച്ചുനിർത്തിയാൽ ഫിനിഷർ എന്നതിനേക്കാൾ തുഴച്ചിലുകാരൻ എന്ന ബഹുമതിയാണ് ധോനിക്ക് ചാർത്തിക്കിട്ടിയത്. ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിലെ തോൽവിയുടെ പാപഭാരമത്രയും ധോനിയുടെ മെല്ലെപ്പോക്കിന്റെ തലയിലാണ്. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ സെഞ്ചുറി നേടി പ്രതീക്ഷ നൽകിയ ധോനിക്ക് ലോകകപ്പിലെ ഒൻപത് മത്സരങ്ങളിൽ നിന്ന് രണ്ട്  അർധസെഞ്ചുറികൾ മാത്രമാണ് സ്വന്തമാക്കാനായത്. 34, 27, 1, 28, 56, 42, 35, 50 എന്നിങ്ങനെയായിരുന്നു സ്കോറുകൾ. ന്യൂസീലൻഡിനെതിരായ ആംഗറിങ് റോൾ ഒഴിച്ചുനിർത്തിയാൽ ധോനിയെപ്പോലൊരു ബാറ്റ്സ്മാനിൽ നിന്ന് ടീം പ്രതീക്ഷിച്ച പ്രകടനമല്ലിത്. അവസാന മത്സരത്തിലാവട്ടെ രവീന്ദ്ര ജഡേജയ്ക്കൊപ്പമുള്ള സെഞ്ചുറി കൂട്ടുകെട്ടിൽ ഇന്ത്യയെ വൻ നാണക്കേടിൽ നിന്ന് കരകയറ്റിയെങ്കിലും അവസാനം റണ്ണൗട്ട് വഴി പടിക്കൽ ചെന്ന് കലമുടച്ചു.

ലോകകപ്പിലെ തോൽവി വിൻഡീസിന്റെ പരമ്പരയ്ക്ക് മുന്നോടിയായി ടീമിൽ ഒരു അഴിച്ചുപണിക്ക് വഴിവയ്ക്കാനുള്ള സാധ്യത മുന്നിലുണ്ട്. മെല്ലെ പോകുന്ന ധോനിക്ക് പകരം നാലാമനായി സ്ഥാനമുറപ്പിച്ച ഋഷഭ് പന്ത് വന്നാൽ അത്ഭുതപ്പെടാനൊന്നുമില്ല. ക്രിക്കറ്റ് ആരാധകരിൽ നിന്ന് അതിനുള്ള മുറവിളി ഇപ്പോൾ തന്നെ ശക്തമാണ്. വിക്കറ്റിന് പിന്നിലെ വേഗവും ടോപ് ഓർഡർ തകർന്നാൽ മധ്യനിരയിൽ നങ്കൂരമിട്ടു കളിക്കാൻ ധോനിയെപ്പോലെ മറ്റൊരാളില്ല എന്നതും മാത്രമാണ് ഇപ്പോൾ ടീമിൽ ധോനിക്ക് പിടിവള്ളിയായുള്ളത്. എന്നാൽ, ഇത് ഇനിയും എത്ര നാൾ എന്ന ചോദ്യം ബാക്കിയാണ് ലോകകപ്പിന് ശേഷവും.

അതുകൊണ്ട് തന്നെയാണ് ന്യൂസീലൻഡിനെതിരായ ലോകകപ്പ് മത്സരം ധോനിയുടെ ഹംസഗാനമായേക്കുമെന്ന് ചിലരെങ്കിലും വിധിക്കുന്നത്. ക്രിക്കറ്റിലെ യാദൃശ്ചികതകളെയും ആകസ്മികതകളെയും അങ്ങനെ എളുപ്പം തള്ളിക്കളയാനാവില്ല.

Content Highlights: ICC Cricket WorldCup Dhoni RunOut Retirement India New Zealand Match