പിച്ചില്‍ കുത്തിയുയര്‍ന്ന ആർച്ചറുടെ ബൗണ്‍സര്‍ ഒരു നിമിഷം എല്ലാവരുടെയും മനസ്സില്‍ തീ പടര്‍ത്തി. കാരിയുടെ മുഖത്ത്  വന്നിടിച്ച പന്ത് ഹെല്‍മറ്റിനെയും തെറിപ്പിച്ച്  ചോര വീഴ്ത്തിയാണ് കടന്നു പോയത്. കീഴ്ത്താടിയിലായിരുന്നു പരിക്ക്. ഭാഗ്യത്തിനാണ് ഗുരുതരമായ പരിക്കില്‍ നിന്ന് കാരി രക്ഷപ്പെട്ടത്. മുഖത്തിടിച്ച് പന്ത് വിക്കറ്റിൽ വീഴാതെ കഷ്ടിച്ചാണ് കാരി രക്ഷപ്പെടുത്തിയത്. 

ഉടനെ കളിക്കാരും ഓസ്ട്രേലിയൻ ടീമിന്റെ മെഡിക്കൽ സംഘവും കാരിയുടെ അടുത്ത് ഓടിയെത്തി. പിന്നീട് താടിയെല്ലിന് ബാൻഡേജ് ഇട്ടാണ് കാരി കളി തുടർന്നത്. 

carey

മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഓസ്ട്രേലിയയെ സ്മിത്തിനൊപ്പം ചേർന്ന് കരയറ്റാൻ തുടങ്ങുമ്പോഴായിരുന്നു എട്ടാമത്തെ ഓവറിന്റെ അവസാന പന്തിൽ ആർച്ചർ മണിക്കൂറിൽ 86 മൈൽ വേഗതയിൽ കാരിക്കുനേരെ  വെടിയുണ്ട പായിച്ചത്.

എന്നാൽ, ഈ പരിക്ക് കൊണ്ടൊന്നും കാരി തളർന്നില്ല. തെല്ലും പതറിയതുമില്ല. പരിക്കേൽക്കുമ്പോൾ അഞ്ച് പന്തിൽ നിന്ന് നാലു റൺ മാത്രമായിരുന്നു സമ്പാദ്യം. പിന്നീട് 94 മിനിറ്റ് ക്രീസിൽ നിന്ന് 70 പന്ത് നേരിട്ട് 46 റൺസെടുത്താണ് കാരി മടങ്ങിയത്. സ്മിത്തിനൊപ്പം 103 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയശേഷമായിരുന്നു മടക്കം. കാരി പോകുമ്പോൾ നാലിന് 117 എന്ന  സ്കോറിൽ എത്തിയിരുന്നു ഓസ്ട്രേലിയ.

ബർമിങ്ങാമിലെ കാരിയുടെ ഈ ധീരമായ കളിക്ക് ഒന്നര പതിറ്റാണ്ട് പഴക്കമുളളൊരു  പൂർവ മാതൃകയുണ്ടായിരുന്നു. ബർമിങ്ങാമിൽ നിന്ന് നൂറിലേറെ കിലോമീറ്റർ അകലെയുള്ള ലോർഡ്സായിരുന്നു വേദി. കഥയിലെ നായകൻ റിക്കി പോണ്ടിങ്. വില്ലൻ ഇംഗ്ലീഷ് ബൗളർ സ്റ്റീവ് ഹാർമിസണും. 2005ലെ ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിലായിരുന്നു സംഭവം. മികച്ച ബാക്ക് ഫൂട്ട് കളിക്കാരനായിട്ടും ഹാർമിസന്റെ മാരക ബൗൺസറിൽ നിന്ന രക്ഷ നേടാൻ പോണ്ടിങ്ങിനായില്ല. പന്ത് ഹെൽമെറ്റിന്റെ ഗ്രില്ലിലിടിക്കുകയും ഗ്രില്ല് തട്ടി മുഖത്ത് വലിയൊരു മുറിവുണ്ടാവുകയും ചെയ്തു. പരിക്കോടെ ആകെ ഉലഞ്ഞുപോയ പോണ്ടിങ് ഹാർമിസന്റെ അടുത്ത ഓവറിലെ ആദ്യ പന്ത് അതിർത്തി കടത്തിയെങ്കിലും അഞ്ചാം പിൽ സ്ലപ്പിൽ സ്ട്രോസിന്  ക്യാച്ച് നൽകി മടങ്ങി. ഒൻപത് റൺസ് മാത്രമായിരുന്നു പോണ്ടിങ്ങിന്റെ സംഭാവന.

പോണ്ടിങ്ങിന് പിന്നീട് മുഖത്ത് തുന്നിക്കെട്ട് ഇടേണ്ടിയും വന്നു. ഒടുവിൽ ടെസ്റ്റ് ഓസ്ട്രേലിയ വിജയിക്കുകയും ചെയ്തു.

എന്നാൽ, പിന്നീട് ഈ ബൗൺസറിന് പരസ്യമായി ക്ഷമ ചോദിച്ച ചരിത്രവുമുണ്ട് ഹാർമിസണ്. പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് അപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല. പിന്നീട് ആഷസ് പരമ്പരയിലുടനീളം ഈ കുറ്റബോധം എന്ന വേട്ടയാടുന്നുണ്ടായിരുന്നു-അക്കാലത്ത് വന്ന ഒരു അഭിമുഖത്തിൽ ഹാർമിസൺ പറഞ്ഞു.

Content Highlights: ICC Cricket WorldCup Alex Carey Injured in Jofra Archer Bouncer