മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രണ്ട് നായകരേ ഇന്ത്യയ്ക്കുള്ളൂ. കപില്‍ദേവും എം.എസ്. ധോനിയും. നായകന്റെ ഭാരങ്ങളില്ലാതെ മറ്റൊരു ലോകകപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ ഇറങ്ങുകയാണ് ധോനി. ഒരു തവണ കൂടി ലോകകപ്പ് ഇന്ത്യയ്ക്ക് നേടിക്കൊടുക്കാന്‍ ധോനിക്ക് കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയാണ് കപില്‍ദേവ്.

ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മത്സരത്തിലെ മിന്നല്‍ ബാറ്റിങ് പ്രകടനത്തിനുശേഷമായിരുന്നു കപിലിന്റെ പ്രതികരണം. ചെന്നൈ ഒരൊറ്റ റണ്ണന് തോറ്റ ഈ മത്സരത്തില്‍ 48 പന്തില്‍ നിന്ന് 84 റണ്‍സാണ് ധോനി നേടിയത്.

'ധോനിക്ക് ഇനി എത്ര കാലം കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആര്‍ക്കും പറയാനാവില്ല. അദ്ദേഹത്തിന്റെ ശരീരത്തിന് ഈ ജോലിഭാരം താങ്ങാനാവുമെന്നും ആര്‍ക്കും പറയാനാവില്ല. ധോനിയെപ്പോലെ രാജ്യത്തെ ഇത്രയും നന്നായി സേവിച്ചവര്‍ വേറെ ഉണ്ടാവില്ല. നമ്മള്‍ ധോനിയെ മാനിക്കുകയും ആശംസകള്‍ നേരുകയുമാണ് വേണ്ടത്. അദ്ദേഹം ഇന്ത്യയ്ക്ക് ഒരു ലോകകപ്പ് കൂടി നേടിത്തരുമെന്നാണ് എന്റെ പ്രതീക്ഷ'-കപില്‍ പറഞ്ഞു.

'ഇന്ത്യ മികച്ച ഫോമിലാണെങ്കിലും കപ്പ് നേടുക എന്നത് അത്ര എളുപ്പമാവില്ല. അവര്‍ ഒരു ടീം എന്ന നിലയില്‍ ഒത്തൊരുമിച്ച് കളിക്കണം. കളിക്കാര്‍ ആരും തന്നെ പരിക്കിന്റെ പിടിയിലാവരുതെന്നാണ് എന്റെ പ്രാര്‍ഥന. ഭാഗ്യത്തിന്റെ കടാക്ഷമുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും ജയിക്കും'-കപില്‍ പറഞ്ഞു.

ഋഷഭ് പന്തിന് പകരം രണ്ടാം കീപ്പറായി ദിനേഷ് കാര്‍ത്തിക്കിനെ തിരഞ്ഞെടുത്ത ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെയും കപില്‍ ശ്ലാഘിച്ചു. സെലക്ടര്‍മാരുടേത് ഉചിതമായ തീരുമാനമാണെന്നും കപില്‍ പറഞ്ഞു.

Contetent Highlights: ICC Cricket World Cup MS Dhoni KapilDev Indian Team Dinesh Karthik Rishabh Pant