ന്യൂഡല്‍ഹി: എം.എസ് ധോനിയിലെ നായകനെ പ്രശംസിച്ച് ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന രംഗത്ത്. 2014-ല്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനവും 2017-ല്‍ ഏകദിന - ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞെങ്കിലും ഇപ്പോഴും ടീമിന്റെ മൈതാനത്തെ പ്രധാന തലച്ചോര്‍ ധോനിയാണ്. ഇക്കാര്യം ക്യാപ്റ്റന്‍ വിരാട് കോലി തന്നെ പലപ്പോഴും സമ്മതിച്ചിട്ടുള്ളതാണ്. 

കടലാസിലും രേഖകളിലും ക്യാപ്റ്റന്‍ വിരാട് കോലിയാണെങ്കിലും ഗ്രൗണ്ടിലെ ക്യാപ്റ്റന്‍ ധോനിയാണെന്ന് റെയ്‌ന പറയുന്നു. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും ധോനിയുടെ റോളിന് ഇപ്പോഴും മാറ്റമൊന്നുമില്ല. അദ്ദേഹം വിക്കറ്റിനു പിന്നില്‍ നിന്ന് ബൗളര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നു, ഫീല്‍ഡ് ഒരുക്കുകയും ചെയ്യുന്നു, റെയ്‌ന കൂട്ടിച്ചേര്‍ത്തു.

ക്യാപ്റ്റന്‍മാരുടെ ക്യാപ്റ്റനാണ് ധോനിയെന്നും റെയ്‌ന പറയുന്നു. വിക്കറ്റിനു പിന്നില്‍ ധോനിയുള്ളത് വിരാടിന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. കോലി അത് എപ്പോഴും സമ്മതിക്കുന്നതാണ്. ഐ.പി.എല്ലില്‍ ധോനിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ താരമായിരുന്നു റെയ്‌ന. 

അതേസമയം കോലി ആത്മവിശ്വാസമുള്ള കളിക്കാരനും ഒരു ടീം പ്ലെയറുമാണെന്നും റെയ്‌ന പറഞ്ഞു. തന്റെ റോള്‍ എന്താണെന്ന് കോലിക്ക് നന്നായി അറിയാം. അദ്ദേഹം മറ്റു താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കേണ്ടതുണ്ട്. കോലിയുടെ നിര്‍ണായക ലോകകപ്പാണിത്. കാര്യങ്ങള്‍ നമുക്ക് അനുകൂലമാണ്. ലോകകപ്പ് ജയിക്കാന്‍ ഏറ്റവും പ്രാപ്തമായ ടീമാണ് ഇന്ത്യയുടേതെന്നും റെയ്‌ന ചൂണ്ടിക്കാട്ടി.

ഈ ലോകകപ്പില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമാകുമെന്നും റെയ്‌ന പറഞ്ഞു. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും മികവ് കാണിക്കുന്നതിനൊപ്പം നിര്‍ണായകമായ 6-7 ഓവറുകളെറിയാനും പാണ്ഡ്യയ്ക്കാകും. ഏത് സ്ഥാനത്ത് ബാറ്റ് ചെയ്യാനും അദ്ദേഹത്തിനാകും. സ്വതസിദ്ധമായ കളി പുറത്തെടുക്കാന്‍ ടീം മാനേജ്‌മെന്റിന്റെ പിന്തുണ പാണ്ഡ്യയ്ക്ക് ആവശ്യമാണെന്നും റെയ്‌ന ചൂണ്ടിക്കാട്ടി.

Content Highlights: icc cricket world cup 2019 suresh raina virat kohli ms dhoni