ലോർഡ്സ്: ലോകകപ്പിന്റെ ഫൈനൽ വരെയുള്ള ഇംഗ്ലണ്ടിന്റെ യാത്രയിൽ ഓപ്പണർ ജോണി ബെയർസ്റ്റോയുടെ ബാറ്റ് വഹിച്ച പങ്ക് ചെറുതല്ല. രണ്ട് സെഞ്ചുറികളും  രണ്ട് അർധസെഞ്ചുറികളും അടക്കം മൊത്തം 496 റൺസാണ് തന്റെ ഈ ഭാഗ്യ ബാറ്റ് കൊണ്ട് ബെയർസ്റ്റോ ഇതുവരെ നേടിയത്. അക്ഷരാർഥത്തിൽ ഒരു റൺ മെഷിൻ തന്നെയാണ് മുൻ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ഡേവിഡ് ബെയർസ്റ്റോയുടെ മകന്റെ ബാറ്റ്.

ന്യൂസീലൻഡിനെതിരായ ഫൈനലിന് തൊട്ടു മുൻപ് ബെയർസ്റ്റോ ഈ ബാറ്റുമായി ഓടുന്നത് കണ്ടപ്പോൾ ടീമംഗങ്ങൾ പോലും ഞെട്ടി. ലോർഡ്സ് സ്റ്റേഡിയത്തിലുള്ള ലണ്ടനിലെ വിഖ്യാതമായ ഗ്രേ നിക്കോൾസ് സ്റ്റോറിലേയ്ക്കായിരുന്നു ബെയർസ്റ്റോയുടെ യാത്ര. കലാശപ്പോരാട്ടത്തിന് തൊട്ടു മുൻപായി ബാറ്റിന്റെ ഹാൻഡിൽ റിപ്പയർ ചെയ്യുകയായിരുന്നു ലക്ഷ്യം.

കടയിലെത്തിയ ബെയർസ്റ്റോ ബാറ്റിന്റെ ഗ്രിപ്പ് അഴിച്ച് പിടി ഒന്ന് കൂടി പരിശോധിച്ച് കടയുടമയുമായി കുറച്ചുനേരം സംസാരിച്ചശേഷമാണ് മടങ്ങിയത്.

ഈ ലോകകപ്പിലെ ആതിഥേയരായ ഇംഗ്ലണ്ടിന്റെ മിന്നുന്ന ഫോമിന്റെ നെടുന്തൂൺ ഓപ്പണർമാരായ ബെയർസ്റ്റോയും ജേസൺ റോയും തന്നെയാണ്. ഇവർ നൽകിയ കരുത്തുറ്റ തുടക്കത്തിന്റെ ബലത്തിലാണ് ക്ലാസിക്ക് പോരാട്ടമാവേണ്ടിയിരുന്ന ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിൽ ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്.

ഫൈനലിൽ തങ്ങൾ ഏറ്റവും കൂടുതൽ ഭയക്കുന്നത് ഈ ഇംഗ്ലീഷ് ഓപ്പർണമാരെ തന്നെയാണെന്ന് കിവീസ് ക്യാപ്റ്റൻ കെയ്ൻൻ വില്ല്യംസൺ പരസ്യമായി തുറന്നുപറഞ്ഞിട്ടുണ്ട്.

Content Highlights: English Opener Bairstow gets his favourite bat repaired just before Cricket World Cup final