ലോര്‍ഡ്സ്: ലോകകപ്പ് ഫൈനലിലെ അമ്പയറിങ് പിഴവുകള്‍ക്കെതിരേ മുന്‍ അന്താരാഷ്ട്ര അമ്പയര്‍ സൈമണ്‍ ടോഫല്‍ രംഗത്ത്. 

ഫൈനലില്‍ ഇംഗ്ലണ്ടിന് ഓവര്‍ത്രോയിലൂടെ ബൗണ്ടറിയടക്കം ആറു റണ്‍സ് അനുവദിച്ച ഫീല്‍ഡ് അമ്പയര്‍മാരുടെ നടപടി വലിയ പിഴവായിരുന്നുവെന്നും ടോഫല്‍ പറഞ്ഞു. ക്രിക്കറ്റ് നിയമങ്ങളുണ്ടാക്കുന്ന എം.സി.സിയുടെ ഉപസമിതി അംഗം കൂടിയാണ് ടോഫല്‍.

മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു വിവാദ സംഭവം. ഇംഗ്ലണ്ടിന് മൂന്ന് പന്തില്‍ നിന്ന് ജയിക്കാന്‍ ഒമ്പത് റണ്‍സ് വേണമെന്നിരിക്കെയാണ് ഗുപ്റ്റിലിന്റെ ത്രോ സ്റ്റോക്സിന്റെ ബാറ്റില്‍ കൊണ്ട് പന്ത് ബൗണ്ടറിലെത്തിയത്. ഇതോടെ ബൗണ്ടറിയും ഓടിയെടുത്ത രണ്ടു റണ്‍സുമടക്കം ഇംഗ്ലണ്ടിന് അമ്പയര്‍ കുമാര്‍ ധര്‍മസേന ആറു റണ്‍സ് അനുവദിച്ചു.

ആറു റണ്‍സ് അനുവദിച്ചത് പിഴവായിരുന്നുവെന്നാണ് ടോഫല്‍ പറയുന്നത്. ഐ.സി.സി നിയമപ്രകാരം അഞ്ചു റണ്‍സ് അനവദിക്കേണ്ടിടത്താണ് അമ്പയര്‍ ഒരു റണ്‍സ് അധികം നല്‍കിയത്. 

ഇത്തരം സാഹചര്യങ്ങളില്‍ ബൗളര്‍ പന്തെറിഞ്ഞു കൊടുക്കുന്ന സമയത്ത് ബാറ്റ്‌സ്മാര്‍ രണ്ടാം റണ്ണിനായി പരസ്പരം ക്രോസ് ചെയ്തിട്ടുണ്ടായിരുന്നില്ല. ഇതിനാല്‍ തന്നെ അഞ്ചു റണ്‍സായിരുന്നു അനുവദിക്കേണ്ടിയിരുന്നത്, ടോഫല്‍ പറഞ്ഞു.

മത്സരത്തിന്റെ അന്തിമഫലം ഈ സംഭവത്തില്‍ നിശ്ചയിക്കപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്നും ടോഫല്‍ അഭിപ്രായപ്പെട്ടു.

Content Highlights: England Were Mistakenly Awarded Extra Run Simon Taufel