ലണ്ടന്‍: ഫോം മങ്ങി ഒന്നിലധികം തവണ ടീമില്‍നിന്ന് പുറത്താകുന്നതിന്റെ വക്കിലെത്തിയിരുന്നു ശിഖര്‍ ധവാന്‍. പക്ഷേ, ഇംഗ്ലണ്ടിലെയും ഐ.സി.സി ടൂര്‍ണമെന്റുകളിലെയും മികച്ച പ്രകടനവും ഓപ്പണിങ്ങില്‍ രോഹിനൊപ്പമുള്ള മികച്ച റെക്കോഡും ഈ ലോകകപ്പിലും ധവാനില്‍ വിശ്വസിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചു.

ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രോഹിതും തുടര്‍ന്ന് ഓസ്ട്രേലിയയ്‌ക്കെതിരേ ധവാനും സെഞ്ചുറി നേടിയതോടെ ആ തീരുമാനം ശരിയെന്ന് തെളിഞ്ഞു. പ്രാഥമികറൗണ്ടിലെ രണ്ടു കളികള്‍കൊണ്ടുതന്നെ, സെറ്റായ ടീമാണെന്ന് ഇന്ത്യ തെളിയിച്ചു. ഇതിനിടെ ശിഖര്‍ ധവാന്റെ പരിക്ക് ടീം ഇന്ത്യയെ വീണ്ടും ആശയക്കുഴപ്പത്തിലാക്കും.

അമ്പാട്ടി റായുഡുവിനെയും ഋഷഭ് പന്തിനെയും മറികടന്ന് 'ഔദ്യോഗിക' നാലാമനായി ലോകകപ്പ് ടീമില്‍ ഇടംനേടിയ ലോകേഷ് രാഹുല്‍, രോഹിത് ശര്‍മയുടെ പങ്കാളിയായി ഓപ്പണറാകുമെന്ന് ഉറപ്പാണ്. നാലാം നമ്പറില്‍, സാഹചര്യത്തിനനുസരിച്ച് നിലയുറപ്പിക്കാനും വേഗംകൂട്ടാനും കഴിയുമെന്ന് തെളിയിച്ച ലോകേഷ് ഓപ്പണറാകുന്നതോടെ, നാലാം നമ്പര്‍ ബാറ്റ്സ്മാനാര് എന്ന ചോദ്യം വീണ്ടുമുയരും.

vijay shankar

1. ഋഷഭ് പന്ത്/വിജയ് ശങ്കര്‍

'നാലാമന്‍' എന്ന വിശേഷണത്തോടെ ലോകകപ്പ് ടീമിലെത്തിയ വിജയ് ശങ്കര്‍ ഉണ്ടെങ്കിലും ഈ സ്ഥാനത്ത് അത്രത്തോളം വിശ്വസ്തനാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ധവാന് പകരം പുതുതായി ടീമിലെത്തിയ ഋഷഭ് പന്ത് ഏകദിനത്തില്‍ നാലും വിജയ് ശങ്കര്‍ അഞ്ചും ഇന്നിങ്സാണ് കളിച്ചത്. ഋഷഭിന്റെ ശരാശരി 23, വിജയ് ശങ്കറിന് 33.

rishabh pant

ആക്രമണാത്മക ശൈലികൊണ്ട് ശ്രദ്ധപിടിച്ചുപറ്റിയ ഋഷഭ് പന്ത് നിര്‍ഭയമായി ബാറ്റുചെയ്യുമെങ്കിലും എപ്പോഴും ആ ശൈലിയില്‍ വിശ്വസിക്കാനാകില്ല. വിജയ് ശങ്കറിന് പേസ് ഓള്‍റൗണ്ടറാണെന്ന ആനുകൂല്യമുണ്ട്. പക്ഷേ, ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ ഉറപ്പാണെന്നിരിക്കേ മറ്റൊരു പേസര്‍ ഓള്‍റൗണ്ടര്‍ക്ക് ഇലവനില്‍ സാധ്യതയില്ല. കൂട്ടത്തില്‍ കൂടുതല്‍ സാധ്യത ഋഷഭിനു തന്നെ.

Dinesh Karthik

2. ദിനേഷ് കാര്‍ത്തിക്

റിസര്‍വ് വിക്കറ്റ് കീപ്പര്‍ എന്ന വിശേഷണത്തോടെ ഋഷഭിനെ മറികടന്ന് ടീമിലെത്തിയ ദിനേഷ് കാര്‍ത്തിക്കും നാലാമനാകാനുള്ള മത്സരരംഗത്തെത്തി. 91 ഏകദിനം കളിച്ച പരിചയസമ്പത്താകും (ശരാശരി 31) ദിനേഷിന്റെ ശക്തി.

Kedar Jadhav

3. കേദാര്‍ ജാദവ്

ആറാം സ്ഥാനത്ത് ഇന്ത്യ കണ്ടുവെച്ചിരിക്കുന്ന കേദാര്‍ ജാദവിന് മാറ്റുതെളിയിക്കാന്‍ ഇതുവരെ അവസരം കിട്ടിയിട്ടില്ല. 61 മത്സരങ്ങളുടെ പരിചയമുള്ള കേദാറിനെ നാലാമനാക്കി പകരം ഋഷഭിനെ ആറാംസ്ഥാനത്തേക്ക് കൊണ്ടുപോകുന്ന കാര്യവും ടീമിന്റെ പരിഗണനയിലുണ്ട്.

ms dhoni

4. എം.എസ്. ധോനി

സാഹചര്യത്തിനനുസരിച്ച് സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്താനാകാതെ നേരത്തേ ധോനി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ ഗംഭീരഫോമിലുള്ള എം.എസ്. ധോനിക്ക് ഏത് പൊസിഷനിലും സാഹചര്യത്തിനനുസരിച്ച് ബാറ്റുവീശാനാകും. ധോനിയെ നാലാംസ്ഥാനം ഏല്‍പ്പിച്ച് പുതിയ ആളെ അഞ്ചാമനായി ഇറക്കാനും സാധ്യതയുണ്ട്.

മറ്റു സാധ്യതകള്‍

സ്പിന്നര്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയും അവസരം കാത്തിരിക്കുന്നുണ്ട്. ചൈനാമെന്‍ ബൗളറായ കുല്‍ദീപ് യാദവിന് പ്രതീക്ഷിച്ച രീതിയില്‍ തിളങ്ങാനായിട്ടില്ല. കുല്‍ദീപിനുപകരം രവീന്ദ്ര ജഡേജയെ കൊണ്ടുവന്ന് ബാറ്റിങ്ങിന് അല്പംകൂടി ശക്തിനല്‍കിയേക്കാം. ഇതെല്ലാം പിച്ചിന്റെ സ്വഭാവവും എതിരാളിയുടെ ശക്തിയും ആശ്രയിച്ചുകൂടിയാകും.

Content Highlights: discussion again number four spot in the indian odi team