സതാംടണ്‍: ലോകകപ്പില്‍ ആദ്യ രണ്ടു മത്സരങ്ങള്‍ തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. തോളിന് പരിക്കേറ്റ അവരുടെ സ്റ്റാര്‍ ബൗളര്‍ ഡെയ്ല്‍ സ്‌റ്റെയ്ന്‍ ലോകകപ്പില്‍ നിന്നും പുറത്തായി. ഇക്കാര്യം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

തോളിന് വീണ്ടും പരിക്കേറ്റതോടെയാണ് താരത്തിന് ലോകകപ്പ് നഷ്ടമാകുന്നത്. പരിക്ക് കാരണം ദക്ഷിണാഫ്രിക്കയുടെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സ്‌റ്റെയ്ന്‍ കളിച്ചിരുന്നില്ല. ലോകകപ്പ് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ അനുമതി ലഭിച്ചാലുടന്‍ സ്റ്റെയ്‌നിന് പകരം ബ്യുറന്‍ ഹെന്‍ഡ്രിക്സ് ടീമിലെത്തും.

2016 മുതല്‍ തന്നെ സ്‌റ്റെയ്‌നിനെ തോളിലെ പരിക്ക് അലട്ടിയിരുന്നു. ആ വര്‍ഷം താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. പരിക്കിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഐ.പി.എല്ലിലെ ഭൂരിഭാഗം മത്സരങ്ങളും സ്‌റ്റെയ്‌നിന് നഷ്ടമായിരുന്നു.

പേശീവലിവിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ലുങ്കി എന്‍ഗിഡിക്കും ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകും. ബംഗ്ലാദേശിനെതിരേ ഞായറാഴ്ച നടന്ന മത്സരത്തിന്റെ ഏഴാം ഓവറിലാണ് എന്‍ഗിടിക്ക് പരിക്കേറ്റത്. ഇതിനു പിന്നാലെ താരം മൈതാനം വിട്ടിരുന്നു. 

എന്‍ഗിഡിക്ക് 10 ദിവസം പുറത്തിരിക്കേണ്ടിവരുമെന്നും ഇതോടെ ജൂണ്‍ അഞ്ചിന് ഇന്ത്യയ്ക്കെതിരായ മത്സരം അദ്ദേഹത്തിന് നഷ്ടമാകുമെന്നും ദക്ഷിണാഫ്രിക്കന്‍ ടീം മാനേജര്‍ മുഹമ്മദ് മൂസാജി അറിയിച്ചു. അതേസമയം ജൂണ്‍ 10-ന് വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിനു മുന്‍പ് താരത്തിന്റെ പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് താരങ്ങളുടെ പരിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇംഗ്ലണ്ടിനോടും ബംഗ്ലാദേശിനോടുമായിരുന്നു ദക്ഷിണാഫ്രിക്കയുടെ തോല്‍വികള്‍.

Content Highlights: dale steyn ruled out of world cup due to shoulder injury