നോട്ടിങ്ഹാം: സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ക്രിക്കറ്റിന്റെ എല്ലാ മേഖലകളിലും തിളങ്ങുകയാണ് ഇംഗ്ലണ്ട് താരങ്ങള്‍. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഉദ്ഘാടന മത്സരത്തില്‍ വണ്ടര്‍ ക്യാച്ചിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സായിരുന്നു. ഇപ്പോഴിതാ തിങ്കളാഴ്ച പാകിസ്താനെതിരായ മത്സരത്തില്‍ മറ്റൊരു ക്യാച്ചിലൂടെ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ഓള്‍റൗണ്ടര്‍ തന്നെയായ ക്രിസ് വോക്‌സ്.

മികച്ച രീതിയില്‍ ബാറ്റു ചെയ്യുകയായിരുന്ന പാക് ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെയാണ് വോക്‌സ് പുറത്താക്കിയത്. ലോങ് ഓണില്‍ നിന്ന് ഓടിയെത്തിയ വോക്‌സ് ഡീപ് മിഡ്‌വിക്കറ്റ് ഏരിയയിലേക്കെത്തിയ പന്ത് അവിശ്വസനീയമായി കൈപ്പിടിയിലാക്കുകയായിരുന്നു. 

മോയിന്‍ അലി എറിഞ്ഞ 21-ാം ഓവറിലായിരുന്നു സംഭവം. 58 പന്തുകള്‍ നേരിട്ട ഇമാം ഉള്‍ ഹഖ് 44 റണ്‍സെടുത്താണ് പുറത്തായത്. ഇതിനു പിന്നാലെ 62 പന്തില്‍ 84 റണ്‍സുമായി തകര്‍ത്തടിച്ച മുഹമ്മദ് ഹഫീസിനെയും വോക്‌സ് ലോങ് ഓഫില്‍ മികച്ചൊരു ക്യാച്ചിലൂടെ മടക്കി.

Content Highlights: cricket world cup 2019 chris woakes takes stunning catch