മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിന് ശേഷം വിരമിക്കുമെന്നായിരുന്നു വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ക്രിസ് ഗെയ്ല്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ വിരമിക്കല്‍ തീരുമാനത്തില്‍ ഒരു ചെറിയ മാറ്റംവരുത്തിയിരിക്കുകയാണ് വിന്‍ഡീസ് താരം. ലോകകപ്പിന് ശേഷം വെസ്റ്റിന്‍ഡീസിന്റെ ജഴ്‌സിയില്‍ ഒരിക്കല്‍ കൂടി കളിക്കുമെന്ന് ഗെയ്ല്‍ വ്യക്തമാക്കി. 

ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഗെയ്ല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പിന് ശേഷം എന്താണ് പ്ലാന്‍ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. 'ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും. അതിനു ശേഷം ഏകദിന പരമ്പരയിലും കളിക്കും. പക്ഷേ ട്വന്റി-20 പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കും. അതിനു ശേഷമേ വിരമിക്കൂ.' ഇതായിരുന്നു യൂണിവേഴ്‌സല്‍ ബോസിന്റെ ഉത്തരം. 

വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ മീഡിയ മാനേജര്‍ ഫിലിപ്പ് സ്പൂണറും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഗെയ്ലിന്റെ അവസാന അന്താരാഷ്ട്ര പരമ്പര ഇന്ത്യക്കെതിരെ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റിലാണ് ഇന്ത്യയുടെ വിന്‍ഡീസ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി-20യും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

അതേസമയം ഗെയ്‌ലിന്റെ വിരമിക്കലിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി. 'ഡ്രസ്സിങ് റൂമിലെ സംസാരത്തിനിടയില്‍ അദ്ദേഹം അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. ഇത് നല്ല തീരുമാനമാണ്. ഗെയ്ല്‍ ടീമിലുള്ളത് മുതല്‍ക്കൂട്ടാണ്. കുറച്ചുകാലം കൂടി വിന്‍ഡീസിനായി കളിക്കാന്‍ കഴിയുമെന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഇതിനെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ല.' ജേസണ്‍ ഹോള്‍ഡര്‍ പറയുന്നു.

Content Highlights: Chris Gayle backtracks on ODI retirement