ലണ്ടന്‍ ബംഗ്ലാദേശിനെതിരായ 28 റണ്‍സ് വിജയത്തോടെ കഴിഞ്ഞ ദിവസമാണ് ഇന്ത്യ ലോകകപ്പ് സെമി ഉറപ്പിച്ചത്. പക്ഷേ സെമി അടുത്തിരിക്കവെ ഇന്ത്യന്‍ ക്യാമ്പ് വലിയ ആശങ്കയിലാണ്. 

ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരോട് തര്‍ക്കിച്ചതും അതിരുകടന്ന അപ്പീലും കാരണം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സസ്‌പെന്‍ഷന്‍ ഭീഷണിയിലായതാണ് കാരണം. 

ഇനി ഒരു തവണ കൂടി അമ്പയറോട് മോശമായി പെരുമാറിയാല്‍ കോലിക്ക് ഒരു മത്സരത്തില്‍ നിന്ന് വിലക്ക് ലഭിച്ചേക്കാം. ബംഗ്ലാദേശിനെതിരായ മത്സരത്തിന്റെ 12-ാം ഓവറില്‍ ഡി.ആര്‍.എസ് തീരുമാനത്തിന്റെ പേരില്‍ കോലി അമ്പയര്‍ മാരിയാസ് എറാസ്മസിനോട് ദീര്‍ഘനേരം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.

നേരത്തെ അഫ്ഗാനിസ്താനെതിരായ മത്സരത്തിനിടയിലും അതിരുകടന്ന അപ്പീലിന്റെ പേരില്‍ കോലിക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ ലഭിച്ചു. ഐ.സി.സി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഒരു ഡീമെറിറ്റ് പോയന്റും ഇതിനൊപ്പം ലഭിച്ചിരുന്നു. ഇതോടെ കോലിയുടെ പേരില്‍ രണ്ട് ഡീമെറിറ്റ് പോയന്റുകളായി. നേരത്തെ 2018-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിനിടെയാണ് കോലിക്ക് മറ്റൊരു ഡീമെറിറ്റ് പോയന്റ് ലഭിച്ചത്.

ബംഗ്ലാദേശിനെതിരായ മത്സരത്തിലെ പെരുമാറ്റത്തിന്റെ പേരില്‍ കോലിക്ക് ഒരു ഡീമെറിറ്റ് പോയന്റ് ലഭിക്കുകയും വീണ്ടും ഒരിക്കല്‍ക്കൂടി കോലിയുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടാകുകയും അതിനും ഡീമെറിറ്റ് പോയന്റ് ലഭിക്കുകയും ചെയ്താല്‍ ആകെ ഡീമെറിറ്റ് പോയിന്റ് നാലാകും.

ഇതോടെ ഐ.സി.സി നിയമപ്രകാരം ഒരു താരത്തിന് 24 മാസത്തിനുള്ളില്‍ നാല് ഡീമെറിറ്റ് പോയിന്റ് ലഭിച്ചാല്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്ക് ലഭിക്കും. ഇതാണ് ഇന്ത്യയെ ആശങ്കയിലാക്കുന്നത്. 

Content Highlights: can excessive appealing lead to a ban for virat kohli