ലോഡ്‌സ്: സമ്മര്‍ദ്ദ ഘട്ടങ്ങളില്‍, നെഞ്ചിടിപ്പേറ്റുന്ന നിമിഷങ്ങളില്‍ ഒരു പോരാളി എങ്ങനെയായിരിക്കണം? ലോകകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെ  ബെന്‍ സ്‌റ്റോക്ക്‌സിന്റെ ബാറ്റിങ് ഒന്നു വീക്ഷിച്ചാല്‍ മതി. ഇംഗ്ലണ്ട് കൈവിട്ടെന്ന് കരുതിയ കളി ലോകകിരീടത്തിലെത്തിച്ചത് സ്‌റ്റോക്ക്‌സിന്റെ പോരാട്ടമായിരുന്നു. റണ്ണിനായുള്ള ഓട്ടത്തിനിടയിലെ വീഴ്ച്ചയില്‍ പറ്റിപ്പിടിച്ച മണ്ണുള്ള ആ ജഴ്‌സി അയാളുടെ വീട്ടിലെ ഷെല്‍ഫില്‍ പൊടിപിടിക്കാതെ എന്നുമുണ്ടാകുമെന്നുറപ്പാണ്. 

98 പന്തില്‍ നിന്ന് 84 റണ്‍സ്, അതില്‍ അഞ്ചു ഫോറും രണ്ട് സിക്‌സും. അഞ്ചാം വിക്കറ്റില്‍ ബട്‌ലര്‍ക്കൊപ്പമുള്ള സെഞ്ചുറി കൂട്ടുകെട്ട്. അവസാന രണ്ട് ഓവറിനിടയില്‍ അടിച്ച സിക്‌സുകള്‍. അവസാന ഓവറിലെ 14 റണ്‍സ്. സൂപ്പര്‍ ഓവറിലെ ബാറ്റിങ്. സ്‌റ്റോക്ക്‌സ് കളിയിലെ താരമാകാന്‍ ഇത്രയും മതിയായിരുന്നു. ഒപ്പം മൂന്നു വര്‍ഷം മുമ്പ് തന്റെ പിഴവില്‍ നഷ്ടപ്പെട്ട ഒരു ലോകകിരീടത്തിന് പ്രായശ്ചിത്തം കൂടിയായി സ്റ്റോക്ക്‌സിന് ലോഡ്‌സിലെ ഫൈനല്‍. 

2016 ല്‍ ഇന്ത്യയില്‍ നടന്ന ട്വന്റി-20 ലോകകപ്പിന്റെ ഫൈനല്‍ ഓര്‍മയില്ലേ..?. ഇംഗ്ലണ്ടിനെതിരേ വിന്‍ഡീസിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 19 റണ്‍സായിരുന്നു. പന്തെറിയാനെത്തിയത് ബെന്‍ സ്റ്റോക്സ്. ആദ്യത്തെ നാലു പന്തിലും സ്റ്റോക്സിനെ സിക്സര്‍ പറത്തി കാര്‍ലോസ് ബ്രാത്വൈറ്റ് വിന്‍ഡീസിനെ ജയത്തിലേക്ക് നയിച്ചു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ സ്റ്റോക്സ് കണ്ണീരണിഞ്ഞു. ആ കണ്ണീര്‍ ഇന്ന് ചിരിയിലേക്ക് വഴിമാറി. 

അതു മാത്രമല്ല, മറ്റൊരു കൗതുകകരമായ കാര്യം കൂടി സ്റ്റോക്ക്‌സിന് പിന്നില്‍ ഒളിച്ചിരിപ്പുണ്ട്. തന്റെ ജന്മനാടിനെ തോല്‍പ്പിച്ചാണ് സ്റ്റോക്ക്‌സ് ഇംഗ്ലണ്ടിന് കിരീടത്തിലേക്ക് നയിച്ചത്. ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലാണ് സ്റ്റോക്ക്‌സിന്റെ ജനനം. അച്ഛന്‍ ജെറാദ് സ്‌റ്റോക്ക്‌സ് ന്യൂസീലന്‍ഡിലെ റഗ്ബി ലീഗിലെ താരവുമായിരുന്നു. പിന്നീട് റഗ്ബി പരിശീലിപ്പിക്കുന്നതിനായി ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. ഇതോടെ സ്‌റ്റോക്ക്‌സും ഇംഗ്ലീഷ് നാടിന്റെ ഭാഗമായി. 

Content Highlights: Ben Stokes Player of the final England vs New Zealand