ലണ്ടന്‍: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ സെഞ്ചുറിക്ക് നാലു റണ്‍സ് അകലെ പുറത്തായെങ്കിലും പാക് ബാറ്റ്‌സ്മാന്‍ ബാബര്‍ അസമിന് റെക്കോഡ്. 

ഒരു ലോകകപ്പില്‍ പാകിസ്താനുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡാണ് ജാവേദ് മിയാന്‍ദാദിനെ മറികടന്ന് ബാബര്‍ സ്വന്തമാക്കിയത്. 

പാകിസ്താന്‍ ജേതാക്കളായ 1992 ലോകകപ്പില്‍ ജാവേദ് മിയാന്‍ദാദ് 437 റണ്‍സെടുത്തിരുന്നു. ഈ ലോകകപ്പില്‍ ബാബറിന്റെ റണ്‍നേട്ടം 474 റണ്‍സായി. 

സയീദ് അന്‍വര്‍ 368 (1999), മിസ്ബാ ഉള്‍ ഹഖ് 350 (2015), റമീസ് രാജ 349 (1987, 1992) എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍. 

ഈ ലോകകപ്പില്‍ നാലാം തവണയാണ് ബാബര്‍ അമ്പതിലധികം സ്‌കോര്‍ ചെയ്യുന്നത്. ലോകകപ്പിലെ റണ്‍വേട്ടയില്‍ ഏഴാം സ്ഥാനത്തുള്ള ബാബറാണ് ആദ്യ പത്തിലുള്ള ഏക പാക് താരം.

Content Highlights: Babar Azam surpasses javed miandad to become highest run scorer in wc