സിഡ്‌നി: ഏകദിന ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീം റെഡി. പതിഞ്ചംഗ ടീമിനെ തിങ്കളാഴ്ച്ച രാവിലെയാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.  പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് 12 മാസത്തെ വിലക്കിന് ശേഷം ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ടീമില്‍ തിരിച്ചെത്തി. അതേസമയം ഫോമിലുള്ള പീറ്റര്‍ ഹാന്‍ഡ്‌കോമ്പ്, പേസ് ബൗളര്‍ ജോഷ് ഹേസല്‍വുഡ് എന്നിവര്‍ക്ക് സ്ഥാനമില്ല. ആരോണ്‍ ഫിഞ്ചിന്റെ ക്യാപ്റ്റന്‍സിയിലാണ് ഓസീസ് ടീം ഇംഗ്ലണ്ടിലേക്ക് പറക്കുക. 

ഓസ്‌ട്രേലിയക്കായി കഴിഞ്ഞ 13 മത്സരങ്ങളില്‍ ഹാന്‍ഡ്‌സ്‌കോമ്പ് കളിച്ചിരുന്നു. എന്നാല്‍ ഹാന്‍ഡ്‌കോമ്പിനെ മറികടന്ന ഷോണ്‍ മാര്‍ഷ് ടീമില്‍ ഇടം നേടുകയായിരുന്നു. പരിചയസമ്പത്ത് മുന്‍നിര്‍ത്തിയായിരുന്നു ഈ തീരുമാനം. 35-കാരനായ മാര്‍ഷിന്റെ അക്കൗണ്ടില്‍ ഏഴു ഏകദിന സെഞ്ചുറിയുണ്ട്. അതില്‍ ഒരെണ്ണം കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലാണ് നേടിയത്. പരിക്കാണ് ഹേസല്‍വുഡിന് വിനയായത്. പരിക്കില്‍ നിന്ന് പൂര്‍ണമുക്തനായെങ്കിലും ഹേസല്‍വുഡിനെ ഒഴിവാക്കുകയായിരുന്നു.

ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖ്വാജ, ഷോണ്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ബാറ്റിങ് നിരയെ നയിക്കുന്നത്. അലക്‌സ് ക്യാരിയാണ് വിക്കറ്റ് കീപ്പര്‍. ഗ്ലെന്‍ മാക്‌സ്‌വെല്ലും മാര്‍ക്കസ് സ്‌റ്റോയിന്‍സുമാണ് ഓള്‍റൗണ്ടര്‍മാര്‍. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ കോള്‍ട്ടര്‍ നൈല്‍, ജെ റിച്ചാര്‍ഡ്‌സണ്‍, നഥാന്‍ ലിയോണ്‍, ആദം സാംബ, ജേസണ്‍ ബെഹറന്‍ഡോഫ് എന്നിവരാണ് ബൗളര്‍മാര്‍. ആദം സാംബയും നഥാന്‍ ലിയോണുമാണ് സ്പിന്‍ ബൗളിങ്ങ് നിയന്ത്രിക്കുക. ജൂണ്‍ ഒന്നിന് ബ്രിസ്റ്റളില്‍ അഫ്ഗാനിസ്താനെതിരെയാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം.

 

Content Highlights: Australia name World Cup squad: Smith, Warner in, Handscomb, Hazlewood out