മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനെ പ്രവചിച്ച് സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ. നാലാം നമ്പറിലേക്ക് ധോനിയെ നിര്‍ദേശിച്ച കുംബ്ലെയുടെ ലിസ്റ്റില്‍ യുവ പേസ് ബൗളര്‍ ഖലീല്‍ അഹമ്മദുമുണ്ട്. അതേസമയം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലേക്ക് താരങ്ങളെ കണ്ടെത്തുന്നതിനായി ഇന്ത്യ നടത്തിയ പരീക്ഷണങ്ങള്‍ അതിരുവിട്ടെന്നും കുംബ്ലെ ചൂണ്ടിക്കാട്ടി.
ഓപ്പണര്‍മാരായി കുംബ്ലെ നിര്‍ദേശിക്കുന്നത് രോഹിത് ശര്‍മ്മയേയും ശിഖര്‍ ധവാനേയുമാണ്. കോലി മൂന്നാം നമ്പറില്‍ തന്നെയാണ്. പരിചയസമ്പന്നനായ ധോനിയാണ് നാലാമത്. കേദര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, അമ്പാട്ടി റായുഡു എന്നിവരും ടീമിലുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയാണ് കുംബ്ലെ തിരഞ്ഞെടുത്തത്. ദിനേശ് കാര്‍ത്തിക്ക് ടീമിലില്ല. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും ടീമിലുണ്ട്.
ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, എന്നിവരാണ് പേസ് ബൗളിങ്ങ് നയിക്കുന്നത്. അതേസമയം ഉമേഷ് യാദവിനെ മറികടന്ന് ഖലീല്‍ അഹമ്മദ് സ്‌ക്വാഡിലെത്തി. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലുമാണ് ടീമിലെ സ്പിന്നര്‍മാര്‍.
ധോനിയെ നാലാം നമ്പറില്‍ ഇറക്കേണ്ടതിന്റെ പ്രാധാന്യവും കുംബ്ലെ വിശദമാക്കുന്നു. ടോപ്പ് ഫോര്‍ ബാറ്റ്‌സ്മാന്‍മാരാണ് 70-80 ശതമാനം കളികളും ജയിപ്പിക്കുന്നത്. അതുകൊണ്ട് ആദ്യ നാലു പേരും ക്വാളിറ്റി ബാറ്റ്സ്മാന്മാരായിരിക്കണം. അതുകൊണ്ടാണ് ധോനിയെ പോലൊരു താരത്തെ നാലാമത് ഇറക്കണമെന്ന് പറയുന്നത്. നാലാമത് ഇറങ്ങിയാല്‍ ധോനിക്ക് മധ്യനിര മാനേജ് ചെയ്യാനാകും. അല്ലാതെ മധ്യനിര മാനേജ് ചെയ്യുകയും ഒപ്പം റണ്‍ ചെയ്സ് ചെയ്യേണ്ടിയും വരുന്ന പൊസിഷനിലല്ല ഇറക്കേണ്ടത്. കുംബ്ലെ വ്യക്തമാക്കുന്നു.
മധ്യനിരയിലെ ബാറ്റ്സ്മാന്മാര്‍ക്ക് ലോകകപ്പിന് മുന്നോടിയായി വേണ്ടത്ര അവസരം നല്‍കിയിട്ടില്ലെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു. ടോപ്പ് ത്രീ കളിച്ചില്ലെങ്കില്‍ എന്തു ചെയ്യും? സെമി ഫൈനലിലോ ഫൈനലിലോ ആണെങ്കിലോ ഇത് സംഭവിക്കുന്നത്? അതു നോക്കുമ്പോള്‍ ലോകകപ്പിന് മുന്നോടിയായി മധ്യനിരയിലേക്ക് തിരഞ്ഞെടുത്ത താരങ്ങള്‍ക്ക് വേണ്ടത്ര അവസരം നല്‍കുകയോ അവര്‍ക്ക് സ്ഥിരത പുലര്‍ത്താനോ സാധിച്ചിട്ടില്ല. കുംബ്ലെ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Anil Kumble comes up with his 15 member India squad ICC World Cup 2019