ബര്‍മിങാം: ചൊവ്വാഴ്ച നടന്ന ഇന്ത്യ - ബംഗ്ലാദേശ് മത്സരത്തില്‍ ഗാലറിയിലെ താരമായത് ഇന്ത്യന്‍ ആരാധികയായി ഒരു 87-കാരിയായിരുന്നു. മുഖത്ത് ഇന്ത്യയുടെ കൊടിവരച്ച് വലിയൊരു വിസിലും വിളിച്ചുകൊണ്ടിരുന്ന ഇവരുടെ പേര് ചാരുലത പട്ടേല്‍.

മത്സരത്തിനു പിന്നാലെ ക്രിക്കറ്റ് ലോകത്തിന്റെ ഒന്നാകെ സ്‌നേഹം നേടിയ ഈ മുത്തശ്ശിക്ക് ഇനി ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങള്‍ സൗജന്യമായി കാണാം. മുത്തശ്ശിക്കുള്ള ടിക്കറ്റ് എത്തിക്കാമെന്നു പറഞ്ഞിരിക്കുന്നത് ചില്ലറക്കാരാരുമല്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുമാണ്.

ഗാലറിയിലിരുന്ന് ഇന്ത്യയ്ക്കായി ജയ് വിളിച്ച ഈ മുത്തശ്ശിയെ ക്യാമറക്കണ്ണുകള്‍ നിരന്തരം ഒപ്പിയെടുത്തിരുന്നു. മത്സരം അവസാനിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചാരുലത പട്ടേല്‍ ഒരു താരമായി ഉയര്‍ന്നിരുന്നു.

മത്സരത്തിനുശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും ഈ മുത്തശ്ശിക്കടുത്തെത്തി സംസാരിച്ചിരുന്നു.

കോലി ചാരുലത പട്ടേലിനടുത്തെത്തി കാലില്‍ തൊട്ടു വന്ദിച്ചിരുന്നു. ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍ക്കും ഈ മുത്തശ്ശിയെ കാണാന്‍ സാധിക്കുമെന്ന് കോലി പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ ടിക്കറ്റില്ലെന്ന് അവര്‍ അറിയിച്ചതോടെ അതെല്ലാം താന്‍ ശരിയാക്കിക്കൊള്ളാമെന്ന് കോലി അറിയിക്കുകയായിരുന്നു. 

ഇതിനു പിന്നാലെയാണ് ആനന്ദ് മഹീന്ദ്ര ഇന്ത്യന്‍ ടീമിന്റെ ഇനിയുള്ള മത്സരങ്ങള്‍ നേരിട്ട് കാണാനായി മുത്തശ്ശിക്ക് ടിക്കറ്റുകള്‍ നല്‍കുമെന്ന് അറിയിച്ചത്. താന്‍ ടിവിയില്‍ കാണുന്ന മത്സരങ്ങളിലൊന്നും ഇന്ത്യ ജയിക്കാറില്ലെന്നും ഇക്കാരണത്താല്‍ ഇന്ത്യയുടെ കളി ടിവിയില്‍ കാണാതെ സ്‌കോര്‍ മാത്രം അറിയുന്നതാണ് പതിവെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ കുറച്ചുസമയം ടിവി ശ്രദ്ധിച്ചിരുന്നു. അപ്പോഴാണ് അവരെ ശ്രദ്ധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവര്‍ ആരാണെന്ന് കണ്ടെത്തിയാല്‍ ടീം ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റുകള്‍ നല്‍കുമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

Content Highlights: anand mahindra will pay for all upcoming india matches to 87 year old fan