ലണ്ടന്‍: ഞായറാഴ്ച ഇംഗ്ലണ്ട് ടീമിനൊപ്പം ഭാഗ്യത്തിന്റെ സാന്നിധ്യം ആവോളമുണ്ടായിരുന്നു. തോല്‍വി മുന്നില്‍ കണ്ട പല ഘട്ടങ്ങളിലും ഭാഗ്യം ഇംഗ്ലണ്ടിന്റെ രക്ഷയ്‌ക്കെത്തി.

മത്സരശേഷം പക്ഷേ 'അല്ലാഹു കൂടി ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു' എന്നാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ പറഞ്ഞത്. മത്സരത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ ലോകകപ്പ് വിജയത്തില്‍ ഐറിഷ് ഭാഗ്യം തുണച്ചോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മോര്‍ഗന്‍.

അയര്‍ലന്‍ഡ് വംശജനായ മോര്‍ഗനടക്കം ലോകകപ്പ് ഫൈനല്‍ കളിച്ച ഇംഗ്ലണ്ട് ടീമിലെ ആറു താരങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ഇതാണ് മോര്‍ഗനോട് ഐറിഷ് ഭാഗ്യത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിക്കാന്‍ കാരണം. ഇതിനാണ് അല്ലാഹു കൂടി ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു എന്ന് മോര്‍ഗന്‍ മറുപടി നല്‍കിയത്. താന്‍ ആദില്‍ റഷീദിനോട് സംസാരിച്ചിരുന്നുവെന്നും അവനാണ് ഇംഗ്ലണ്ട് ടീമിനൊപ്പം തീര്‍ച്ചയായും അല്ലാഹു ഉണ്ടെന്ന് പറഞ്ഞതെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട് ടീമിലെ താരങ്ങളില്‍ പലരും വ്യത്യസ്ത പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്, വ്യത്യസ്ത സംസ്‌കാരത്തില്‍ നിന്നുള്ളവരും. ഇത്തരത്തിലുള്ള ഒരു ടീമിനെ ലഭിച്ചത് തന്റെ ഭാഗ്യമാണെന്നും മോര്‍ഗന്‍ ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടിലെത്തു മുന്‍പ് അയര്‍ലന്‍ഡ് ദേശീയ ടീമിനു വേണ്ടി കളിച്ച താരമാണ് മോര്‍ഗന്‍. ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ബെന്‍ സ്റ്റോക്ക്‌സ് ന്യൂസീലന്‍ഡിലാണ് ജനിച്ചത്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജേസണ്‍ റോയ് ജനിച്ചതാകട്ടെ ദക്ഷിണാഫ്രിക്കയിലും. പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ വെസ്റ്റിന്‍ഡീസ് വംശജനും. മോയിന്‍ അലിയും, ആദില്‍ റഷീദും പാക് വംശജരാണ്.

Content Highlights: Allah was with us Eoin Morgan takes pride in diverse cultures in England team