കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്‍ താരം എബി ഡിവില്ലിയേഴ്‌സ്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസുമായുള്ള ചര്‍ച്ചയില്‍ ആവശ്യമെങ്കില്‍ തന്റെ സേവനം ലഭ്യമാക്കാമെന്ന് പറയുക മാത്രമാണ് ചെയ്തതെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.  

ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഞാന്‍ ഡു പ്ലെസിസുമായി സംസാരിച്ചത്. ഞാനും ഫാഫും സ്‌കൂള്‍ കാലം തൊട്ടേയുള്ള സുഹൃത്തുക്കളാണ്. അതിനാലാണ് ഇക്കാര്യം സംസാരിച്ചത്. അല്ലാതെ ടീമിലേക്ക് എന്നെ തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി ആരേയും ഞാന്‍ സമീപിച്ചിട്ടില്ല. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലെ കുറിപ്പില്‍ ഡിവില്ലിയേഴ്‌സ് പറയുന്നു.

ടീമിലേക്ക് ഇടിച്ചുകയറാന്‍ ഞാന്‍ ശ്രമിച്ചുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. അങ്ങനെ ഞാന്‍ ഒരിക്കലും ആഗ്രഹിക്കില്ല. അങ്ങനെ എന്നെ ടീമിലെടുക്കില്ലെന്നും എനിക്കുറപ്പുണ്ടായിരുന്നു. ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

ഞാനും ഫാഫും തമ്മിലുള്ള സംഭാഷണം ആരാണ് പുറത്തുവിട്ടതെന്ന് അറിയില്ല. ഞാനോ ഫാഫോ അതല്ലെങ്കില്‍ ഞങ്ങളിരുവരേയും സംബന്ധിക്കുന്ന ആരുമല്ല അതു ചെയ്തത്. ദക്ഷിണാഫ്രിക്ക ഇന്ത്യയോട് തോറ്റപ്പോഴാണ് ഈ സംഭാഷണം പുറത്തുവന്നത്. ദക്ഷിണാഫ്രിക്കയുടെ ലോകകപ്പിലെ മൂന്നാമത്തെ തോല്‍വിയായിരുന്നു അത്. തോല്‍വില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് അങ്ങനെ ചെയ്തത് എന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ അത് ആരാണെന്ന് അറിയില്ല.

പണത്തിന് വേണ്ടിയല്ല വിരമിച്ചതെന്നും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. ജോലിഭാരം ക്രമീകരിക്കാനായിരുന്നു വിരമിച്ചത്. എന്നെ അത്യാഗ്രഹിയെന്നും സ്വാര്‍ത്ഥനുമെന്നുമാണ് പലരും വിശേഷിപ്പിച്ചത്. എന്നാല്‍ അതല്ല സത്യം. ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. 

 

Content Highlights: AB de Villiers Faf du Plessis South Africa Cricket Team World Cup 2019