ഓവല്‍: ഇന്ത്യക്കെതിരേ മികച്ച ഷോട്ടുകളുമായി മുന്നേറുകയായിരുന്ന ആരോണ്‍ ഫിഞ്ച് അപ്രതീക്ഷിതമായി റണ്‍ ഔട്ടാകുകയായിരുന്നു. ഓസീസ് ക്യാപ്റ്റന്‍ ഒരിക്കലും അങ്ങനെ ഒരു ഔട്ട് പ്രതീക്ഷിച്ചിരുന്നില്ല. 35 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 36 റണ്‍സുമായി ഫിഞ്ച് നിലയുറപ്പിച്ചിരുന്നു. അതിനിടയിലാണ് നിര്‍ഭാഗ്യത്തിന്റെ രൂപത്തില്‍ റണ്‍ഔട്ട് വന്നത്. 

വാര്‍ണറും  ഫിഞ്ചും  ഓപ്പണിങ് വിക്കറ്റില്‍ 61 റണ്‍സെടുത്ത് നില്‍ക്കുന്നു. 14-ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക് പാണ്ഡ്യ. വാര്‍ണര്‍ അടിച്ച ഷോട്ടില്‍ ഡബിളെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫിഞ്ച് റണ്‍ ഔട്ടായി. കേദര്‍ ജാദവിന്റെ ത്രോ പിടിച്ചെടുത്ത് ഹാര്‍ദിക് സ്റ്റമ്പ് ഇളക്കി. ഇതിനിടയില്‍ കൈ വേദനിച്ചെങ്കിലും പാണ്ഡ്യ പന്ത് നിലത്തിട്ടില്ല. ഓസീസ് ക്യാപ്റ്റന്‍ റണ്‍ ഔട്ട്. 

മത്സരശേഷം ഡ്രസ്സിങ് റൂമിലെത്തിയ ഫിഞ്ചിന് ദേഷ്യം നിയന്ത്രിക്കാനായില്ല. ജനാലയുടെ ഗ്ലാസ് ബാറ്റുകൊണ്ട് ഉടച്ചാണ് ഓസീസ് ക്യാപ്റ്റന്‍ അരിശം തീര്‍ത്തത്.

 

Content Highlights: Aaron Finch Smashes Dressing Room Window After Runout