ലണ്ടന്‍: ലോകകപ്പില്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം തന്നെ മികച്ച ഫോം തുടരുന്ന താരമാണ് ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്.

ലോകകപ്പിനു മുന്‍പ് പാകിസ്താനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഫിഞ്ച് ലോകകപ്പിലും ആ പ്രകടനം തുടരുകയാണ്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി നേട്ടത്തോടെ ഈ ലോകകപ്പിലെ റണ്‍ നേട്ടം ഫിഞ്ച് 496 ആക്കി. ഈ ലോകകപ്പിലെ താരത്തിന്റെ രണ്ടാം സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെതിരേ പിറന്നത്. ഏഴു മത്സരങ്ങളില്‍ നിന്നാണ് ഫിഞ്ചിന്റെ ഈ നേട്ടം.

എതിരാളികള്‍ ഇംഗ്ലണ്ടാണെങ്കില്‍ ഫിഞ്ചിന്റെ തനിസ്വരൂപം പുറത്തുവരും. കാരണം ഏകദിനത്തില്‍ ഫിഞ്ചിന്റെ 14 സെഞ്ചുറികളില്‍ ഏഴും പിറന്നത് ഇംഗ്ലണ്ടിനെതിരെയാണ്. ഏതൊരു ടീമിനെതിരെയും ഒരു ഓസീസ് താരം നേടുന്ന ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോഡും ഫിഞ്ച് സ്വന്തമാക്കി. 

ഇന്ത്യയ്‌ക്കെതിരേ ആറു സെഞ്ചുറികള്‍ വീതം നേടിയ ആദം ഗില്‍ക്രിസ്റ്റിനെയും റിക്കി പോണ്ടിങ്ങിനെയുമാണ് ഫിഞ്ച് മറികടന്നത്. ഇക്കൂട്ടത്തില്‍ പോണ്ടിങ് ന്യൂസീലന്‍ഡിനെതിരെയും ആറു സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 

അതേസമയം ക്യാപ്റ്റനെന്ന നിലയില്‍ ഒരു ലോകകപ്പില്‍ കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമെന്ന സൗരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പമെത്താന്‍ ഫിഞ്ചിന് ഇനി ഒരു സെഞ്ചുറി കൂടി മതി.

അതിനിടെ ലോകകപ്പില്‍ തുടര്‍ച്ചയായി അഞ്ച് തവണ അമ്പത് റണ്‍സിനുമുകളില്‍ കൂട്ടുകെട്ടുണ്ടാക്കുന്ന ആദ്യ ഓപ്പണിങ് സഖ്യമായി ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും മാറി. ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരേ 123 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഈ ലോകകപ്പില്‍ മൂന്നുതവണ നൂറു റണ്‍സിനുമുകളില്‍ സ്‌കോര്‍ ചെയ്യാനും ഈ കൂട്ടുകെട്ടിനായി.

Content Highlights: aaron finch achieves unique milestone after century against england