1975 ലോകകപ്പില്‍ പ്രാഥമിക റൗണ്ടിലെ ഇന്ത്യ- ശ്രീലങ്ക പോരാട്ടം മൂന്നുദിവസം നീണ്ടുനിന്നു. ജൂണ്‍ 16- ശനിയാഴ്ചയായിരുന്നു മത്സരത്തിന്റെ തുടക്കം. ശനിയാഴ്ച തുടങ്ങാന്‍ വൈകിയതിനാല്‍ ആദ്യദിനം ശ്രീലങ്ക മാത്രമേ ബാറ്റ് ചെയ്തുള്ളൂ. രണ്ടാം ദിനമായ ഞായറാഴ്ച ലോകകപ്പിലെ വിശ്രമദിനമായിരുന്നു. അതോടെ ഇന്ത്യയുടെ ഇന്നിങ്സ് തിങ്കളാഴ്ചയാണ് തുടങ്ങിയത്.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച ഐ.സി.സി. ട്രോഫി ജയിച്ചാണ് 1975 ലോകകപ്പിന് ശ്രീലങ്ക യോഗ്യത നേടിയത്. ഇസ്രയേല്‍, ഡെന്‍മാര്‍ക്ക്, കാനഡ ടീമുകളെ യോഗ്യതാ റൗണ്ടില്‍ ശ്രീലങ്ക തോല്‍പ്പിച്ചു. അന്ന് അസോസിയേറ്റ് മെമ്പറായിരുന്നു ഈ ദ്വീപ് രാജ്യം.

വിന്‍ഡീസ്, ന്യൂസീലന്‍ഡ്, ഇന്ത്യ എന്നിവര്‍ക്കൊപ്പം ബി ഗ്രൂപ്പിലായിരുന്നു ലോകകപ്പില്‍ ശ്രീലങ്കയുടെ സ്ഥാനം. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ന്യൂസീലന്‍ഡിനോട് വിന്‍ഡീസിനോടും തോറ്റു. അവസാന മത്സരം ഇന്ത്യയോട്.

ഇന്ത്യയുടേതും സമാന അവസ്ഥയായിരുന്നു. വിന്‍ഡീസിനോടും കിവീസിനോടും തോറ്റു.

ഇതോടെ ഇന്ത്യ- ലങ്ക മത്സരം ഇരുവര്‍ക്കും മാനം കാക്കാനുള്ള പോരാട്ടമായി. ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്കായിരുന്നു സാധ്യത കല്‍പ്പിച്ചത്. മത്സരത്തലേന്ന് പരിശീലനത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ അനുര ടെനെകൂണിന്റെ അസാന്നിധ്യത്തിലായിരുന്നു ശ്രീലങ്കയുടെ വരവ്. ടോസ് നഷ്ടമായി ബാറ്റിങ് തുടങ്ങിയ ശ്രീലങ്ക സുനില്‍ വെറ്റിമുനി (120 പന്തില്‍ 67), റോണി ഡയസ് (88 പന്തില്‍ 50), ദുലീപ് മെന്‍ഡിസ് (57 പന്തില്‍ 64) എന്നിവരുടെ മികവില്‍ 60 ഓവറില്‍ അഞ്ചിന് 238 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങില്‍ സുനില്‍ ഗാവസ്‌കര്‍ (26), അനുഷ്മന്‍ ഗെയ്ക്കവാദ് (33), ദിലിപ് വെങ്സര്‍ക്കാര്‍ (36) എന്നിവരുടെ മികവില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം കിട്ടി. എന്നാല്‍ മൂന്നു വീതം വിക്കറ്റെടുത്ത് സോമചന്ദ്ര ഡിസില്‍വയും ടോണി ഒപാതയും തിളങ്ങിയതോടെ ഇന്ത്യയുടെ പോരാട്ടം 191 റണ്‍സില്‍ അവസാനിച്ചു. ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തില്‍ ശ്രീലങ്കയുടെ ആദ്യ ജയം പിറന്നത് 47 റണ്‍സിന്. ആദ്യമായിട്ടായിരുന്നു അസോസിയേറ്റ് രാജ്യം സ്ഥിരാംഗത്തെ ലോകകപ്പില്‍ തോല്‍പ്പിക്കുന്നത്.

Content Highlights: 3 day odi in 1975 wc india