ലിയ ടോട്ടലുകളിൽ തുടങ്ങിയ ചെറിയ ടോട്ടലുകളിൽ അവസാനിക്കുകയാണ് ഇത്തവണത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പ്. രണ്ട് സെമികളിലും ഫൈനലിലും 250ന് താഴെയായിരുന്നു ആദ്യം ബാറ്റ് ചെയ്ത ടീമുകൾ നേടിയ സ്കോർ. ന്യൂസീലൻഡ് ഉയർത്തിയ 241 റൺസ് എന്ന താരതമ്യേന ദുർബലമായ സ്കോറാണ് ആതിഥേയരായ ഇംഗ്ലണ്ടിന് മറികടക്കാനുണ്ടായിരുന്നത്. അവസാന ഓവറിലെ അവസാന പന്തിലും പിന്നെ സൂപ്പർ ഓവറിന്റെ അവസാന പന്തിലും വരെ എത്തി ഒടുവിൽ ഇംഗ്ലണ്ട് ആ ടോട്ടലിനൊപ്പമെത്തി ബൗണ്ടറികളുടെ എണ്ണത്തിന്റെ മേനിയിൽ കിരീടം സ്വന്തമാക്കി.

ന്യൂസീലൻഡ് കുറിച്ച ടോട്ടലിനേക്കാൾ കുറഞ്ഞ സ്കോർ പ്രതിരോധിച്ച് കപ്പടിച്ച് ഒരേയൊരു ടീമേ ലോകകപ്പിന്റെ ചരിത്രത്തിലുള്ളൂ. കപിൽദേവിന്റെ ഇന്ത്യ. 1983ൽ ഇതേ ലോഡ്സിൽ കരുത്തരായ വെസ്റ്റിൻഡീസിനെതിരെ 183 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. ഒരാൾ പോലും അർധ സെഞ്ചുറി കടന്നില്ല. 38 റൺസെടുത്ത കൃഷ്ണമചാരി ശ്രീകാന്തായിരുന്നു ടോപ് സ്കോറർ. ക്ലൈവ് ലോയ്ഡും വിവ് റിച്ചാർഡ്സും ഡെസ്മണ്ട് ഹെയ്ൻസും ഗോർഡൻ ഗ്രീനിഡ്ജും അടങ്ങിയ വിൻഡീസ് അനായാസം ലക്ഷ്യം മറികടന്ന് ലോകകപ്പിൽ ഹാട്രിക്കടിക്കുമെന്ന് സകലരും കണക്കുകൂട്ടി.

എന്നാൽ, സംഭവിച്ചത് ഒരു മഹാത്ഭുതം. കപിൽ വിൻഡീസ് ഇതിഹാസങ്ങളെ വരിഞ്ഞുമുറുക്കിയപ്പോൾ മൂന്ന് വിക്കറ്റ് വീതമെടുത്ത് മൊഹീന്ദർ അമർനാഥും മദൻലാലും അവരുടെ തല കൊയ്തു. ബൽവീന്ദർ സന്ധുവും സ്വന്തമാക്കി രണ്ട് വിക്കറ്റുകൾ. 52 ഓവറിൽ 140 റൺസിന് വിൻഡീസ് ഓൾഔട്ടായി. ഇന്ത്യയ്ക്ക് 43 റൺസ് ജയം. ക്രിക്കറ്റിൽ പുതിയൊരു കാലത്തിന്റെ ഉദയത്തിന് കൂടിയാണ് ഈ 43 റൺസ് ജയം വഴിവച്ചത്. എന്നാൽ, ഇത് ആവർത്തിക്കാൻ കെയ്ൻ വില്ല്യംസണിന്റെ ന്യൂസീലൻഡിന് കഴിഞ്ഞില്ല. മികച്ച ബൗളിങ് പ്രകടനമുണ്ടായിട്ടും അവർക്ക് 241 റൺസ് എന്ന ടോട്ടൽ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഏറ്റവും കുറഞ്ഞ ടോട്ടൽ പ്രതിരോധിച്ച് ചാമ്പ്യന്മാരാവുക എന്ന റെക്കോഡ് കപിലിന്റെ ടീമിന്റെ കൈയിൽ ഇപ്പോഴും ഭദ്രം.

2011ൽ മുംബൈയിൽ എം.എസ്.  ധോനിയുടെ നായകത്വത്തിൽ ഇന്ത്യ കപ്പടിച്ചത് ബാറ്റ്സ്മാന്മാരുടെ കരുത്തിലായിരുന്നു. അന്ന് ശ്രീലങ്കയ്ക്കെതിരേ 48.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണ് ഇന്ത്യ നേടിയത്. ശ്രീലങ്കയ്ക്ക് 50 ഓവറിൽ 274 റൺസ് മാത്രമാണ് നേടാനായത്. ആറു വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ ഒരിക്കൽക്കൂടി ലോകകപ്പിൽ മുത്തമിട്ടത്.

ലോകകപ്പ് ഫൈനലിലെ ഏറ്റവും മോശപ്പെട്ട സ്കോർ പാകിസ്താന്റേതാണ്. 1999ൽ ഇംഗ്ലണ്ടും വെയ്ൽസും സംയുക്തമായി ആതിഥേയത്വം വഹിച്ച 1999ലെ ലോകകപ്പിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ  ഓസ്ട്രേലിയക്കെതിരേ 39 ഓവറിൽ 132 റൺസിന് ഓൾഔട്ടായി. ഓസ്ട്രേലിയ 20.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയും ചെയ്തു.

ലോകകപ്പ് ഫൈനലിലെ ഏറ്റവും കൂറ്റൻ സ്കോർ വഴങ്ങിയതിന്റെ റെക്കോഡ് ഇന്ത്യയ്ക്കാണ്. 2003ൽ ബ്രിഡ്ജ്ടൗണിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ റിക്കി പോണ്ടിങ്ങിന്റെ സെഞ്ചുറിയുടെ ബലത്തിൽ നേടിയത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 359 റൺസാണ്. സെവാഗ് 83 റൺസെടുത്ത് പൊരുതി നോക്കിയെങ്കിലും ഇന്ത്യ 39.2 ഓവറിൽ 234 റൺസിന് ഓൾഔട്ടായി. 125 റൺസ് ജയത്തോടെ ഓസ്ട്രേലിയക്ക് തുടർച്ചയായ രണ്ടാം ലോകകിരീടം.

2007 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരേയും ഓസ്ട്രേലിയ വമ്പൻ സ്കോറാണ് നേടിയത്. നാല് വിക്കറ്റ് നഷ്ടത്തിൽ 281 റൺസ്. ശ്രീലങ്ക 215 റൺസാണ് നേടിയത്. ഓസീസിന് 53 റൺസ് ജയം.

ആദ്യ രണ്ട് ലോകകപ്പുകളിലും ആദ്യം ബാറ്റ് ചെയ്ത് മികച്ച ടോട്ടൽ പ്രതിരോധിച്ചാണ് വിൻഡീസ് ലോകകപ്പ് നേടിയത്.