ലോകകപ്പ് ക്രിക്കറ്റ് ഒരുരീതിയില്‍ നോക്കിയാല്‍ നാലുവര്‍ഷം കൂടുമ്പോഴുള്ള മാമാങ്കമാണ്. നിലപാടുതറയില്‍ സാമൂതിരിയും ആ അധീശത്വത്തെ പടവെട്ടി തോല്‍പ്പിക്കാനെത്തുന്ന നാട്ടുരാജാക്കന്മാരും. ആദ്യകാലത്ത് ആ നിലപാടുതറയില്‍ വിന്‍ഡീസായിരുന്നുവെങ്കില്‍ പിന്നീട് അത് ഓസ്ട്രേലിയയായി. രണ്ടുതവണ ഇന്ത്യ, ഓരോതവണ പാകിസ്താന്‍, ശ്രീലങ്ക കഴിഞ്ഞു. പുതിയ രാജാക്കന്മാര്‍ ഉദയംചെയ്യാത്തതാവാം ഒരുപക്ഷേ, ലോകകപ്പിന്റെ വിരസത. ഏക ദിശയിലുള്ള സഞ്ചാരം. ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസീലന്‍ഡിനുമൊന്നും ചാമ്പ്യന്‍മാരാകാനുള്ള യോഗ്യതക്കുറവ് ഒരുകാലത്തുമുണ്ടായിട്ടില്ല. പക്ഷേ, നിര്‍ഭാഗ്യങ്ങളുടെ വാള്‍മുനത്തുമ്പില്‍ ഒടുങ്ങി തൊട്ടടുത്ത മാമാങ്കത്തിനായി അവര്‍ കാത്തിരിപ്പ് തുടരുന്നു.

എങ്കിലും ലോകകപ്പുകള്‍ അവശേഷിപ്പിച്ച ഒരുപാട് മനോഹര നിമിഷങ്ങളുണ്ട്. വിന്‍ഡീസ് ക്രിക്കറ്റിന്റെ അസ്തമയകാലത്തിനും ഓസ്ട്രേലിയയുടെ സര്‍വാധിപത്യം തുടങ്ങുന്നതിനും ഇടയിലൊരു കാലം. ടീമുകളുടെ ശക്തിക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ഇംഗ്ലണ്ടും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡും ഇന്ത്യയും പാകിസ്താനുമൊന്നും മുകളിലും താഴെയുമായി നിര്‍വചിക്കാന്‍ പ്രയാസപ്പെട്ടിരുന്ന സമയം. കളിക്കളങ്ങളിലെ അപൂര്‍വനിമിഷങ്ങളുടെ പിറവിയും ആ സമയത്തായത് യാദൃച്ഛികമായിരിക്കില്ല.  

പതിനെട്ട് വാരയോളം പിറകിലേക്ക് ഓടി കപില്‍ദേവെടുത്ത ക്യാച്ച്. ക്യാച്ച് പാഴാക്കി തൊട്ടടുത്ത സെക്കന്‍ഡില്‍ മനീന്ദര്‍സിങ്ങിനെ റണ്ണൗട്ടാക്കിയ സ്റ്റീവ് വോയുടെ ത്രോ. മാര്‍ട്ടിന്‍ക്രോയുടെ ന്യൂസീലന്‍ഡിനെ അടിച്ചുപറപ്പിച്ച് ഇന്‍സമാമിന്റെ ഉദയം. മനോജ്പ്രഭാകറിന്റെ കരിയര്‍ ജയസൂര്യ അവസാനിപ്പിച്ച രണ്ട് ഓവറുകള്‍. വഖാറിനെ നിലംപരിശാക്കിയ അജയ് ജഡേജ. അമീര്‍ സൊഹൈലിന് പവലിയനിലേക്ക് വഴികാട്ടിയ വെങ്കിടേഷ് പ്രസാദ്. ഫീല്‍ഡില്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ചതിന് ഹാന്‍സി ക്രോണ്യയുമായി ഉടക്കിയ ഗാംഗുലി. ഗാലറിയിലും ടി.വി. സ്‌ക്രീന് മുന്നിലും ചിരിയും കണ്ണീരും ആവേശവും നിരാശയും സമ്മാനിച്ച് കടന്നുപോയ നിമിഷങ്ങള്‍. എങ്കിലും ചരിത്രത്തോട് ചേര്‍ത്തുവെച്ച ചില കണ്ണീരോര്‍മകളുണ്ട്. ഇനിയൊരു നൂറ്റാണ്ട് പോയാലും മാഞ്ഞുപോകാത്ത.

1992 മാര്‍ച്ച് 22 സിഡ്നി

ക്രിക്കറ്റിന്റെ ആധുനികവത്കരണം ആരംഭിച്ച ലോകകപ്പായിരുന്നു അത്. വെള്ള പന്തും ഡേനൈറ്റ് മത്സരങ്ങളും ഫീല്‍ഡിങ് നിയന്ത്രണങ്ങളും കളിക്കാരുടെ നിറമുള്ള ജഴ്സിയുമൊക്കെ സാമ്പ്രദായികരീതികളെ അടിമുടി മാറ്റിയ ടൂര്‍ണമെന്റ്. അതൊടൊപ്പം മഴനിയമമായ ഡക്ക്വര്‍ത്ത് ലൂയിസ് പ്രയോഗിച്ചതും അവിടെയാണ്.

അതൊടൊപ്പം ശ്രദ്ധേയം വര്‍ണവിവേചനത്തിന്റെയും വിലക്കിന്റെയും മൂന്നുപതിറ്റാണ്ടിനുശേഷം ദക്ഷിണാഫ്രിക്ക ലോകകപ്പിനെത്തിയതായിരുന്നു. കെപ്ലര്‍വെസല്‍സ് നയിച്ച ടീം മറ്റ് ടീമുകള്‍ക്ക് അജ്ഞാതരായിരുന്നു. ആന്‍ഡ്രൂ ഹഡ്സന്‍, ഡേവ് റിച്ചാഡ്സണ്‍, പീറ്റര്‍ കേസ്റ്റണ്‍, അലന്‍ ഡൊണാള്‍ഡ്, ജോണ്ടി റോഡ്സ്, ബ്രയന്‍ മക്മില്ലന്‍, ഹാന്‍സി ക്രോണ്യെ തുടങ്ങി പേരുകള്‍ക്കപ്പുറം പ്രകടനമെന്തെന്ന് ആര്‍ക്കുമറിയില്ലായിരുന്നു.

കന്നി ലോകകപ്പ് ഒന്ന് കളിച്ചുപോവാനെത്തിയവരെന്ന സഹതാപത്തിനപ്പുറം ഒന്നുമായിരുന്നില്ല അവര്‍. പക്ഷേ, ആദ്യകളിയില്‍ ഓസ്ട്രേലിയയെ ഒന്‍പത് വിക്കറ്റിന് മലര്‍ത്തിയടിച്ച് അവര്‍ വരവറിയിച്ചു. എന്നാല്‍ പിന്നീട് ശ്രീലങ്കയോടും ന്യൂസീലന്‍ഡിനോടും തോറ്റു. എന്നാല്‍ ഇന്ത്യയെയും വിന്‍ഡീസിനെയും സിംബാബ്വേയെയും തോല്പിച്ച് ശക്തമായി അവര്‍ സെമിയില്‍ കടന്നു. ബാറ്റിങ്ങും ബൗളിങ്ങും മാത്രമല്ല ഫീല്‍ഡിങ്ങും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമാണെന്ന് പ്രൊട്ടിയന്‍സ് തെളിയിക്കുകയായിരുന്നു.

cricket world cup
Photo Courtesy: ICC

 

സെമിയില്‍ നേരിട്ടത് ഇംഗ്ലണ്ടിനെയായിരുന്നു. മഴ ടൂര്‍ണമെന്റിന്റെ കാല്‍ഭാഗവും കുളംതോണ്ടിയിരുന്നു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തതായിരുന്നു വിളിച്ചുവരുത്തിയ നിര്‍ഭാഗ്യം. ഡക്ക്വര്‍ത്ത് ലൂയിസ് നിയമം രണ്ടാമത് ബാറ്റ്ചെയ്യുന്ന ടീമിനെ മുക്കുമെന്നത് അധികമാര്‍ക്കും അറിവുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ത്യയോട് തോല്‍ക്കേണ്ടിവന്ന സിംബാബ്വേക്ക് മാത്രമായിരുന്നു ആ സൂചന ലഭിച്ചിരുന്നത്.
മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഫീല്‍ഡ്ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഭാഗ്യക്കേട് തുടക്കത്തിലേ പിടികൂടി. ഇയാന്‍ ബോതത്തെ തുടക്കത്തില്‍ മടക്കിയെങ്കിലും ഫോമിലുണ്ടായിരുന്ന ഗ്രേം ഹിക്കിനെതിരേ മക്മില്ലന്റെ ശക്തമായ എല്‍.ബി.ഡബ്ല്യു. അപ്പീല്‍ അമ്പയര്‍ നിരസിച്ചു.

തൊട്ടടുത്ത ഓവറില്‍ മക്മില്ലന്‍ ഹിക്കിനെ സ്ലിപ്പിലെത്തിച്ചെങ്കിലും അത് നോബോളായി. 90 പന്തില്‍ ഹിക്ക് പിന്നീട് 83 റണ്‍സാണ് നേടിയത്. അനുവദിച്ചതിലും സമയം വൈകിയെറിഞ്ഞതിനാല്‍ 45 ഓവറായി കളി ചുരുങ്ങി. ഇംഗ്ലണ്ട് ആറിന് 253 എന്ന മികച്ച സ്‌കോറിലെത്തി. എന്നാല്‍ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു. 13 ബോളില്‍ 22 റണ്‍സെന്ന അധികം ദൂരെയല്ലാത്ത രീതിയിലെക്ക് അവരെത്തി. 21 പന്തില്‍ 21 റണ്‍സുമായി മക്മില്ലനും 10 പന്തില്‍ 13 റണ്‍സുമായി റിച്ചാഡ്സണും നില്ക്കുമ്പോള്‍ അവര്‍ക്ക് വിജയം ഉറപ്പിച്ചു. അപ്പോഴേക്കും മഴയെത്തി. പിന്നീട് മഴ മാറി അവര്‍ ക്രീസിലെത്തുമ്പോള്‍ വിജയം ഒരു പന്തില്‍ 21 ആയി പുനര്‍നിശ്ചയിക്കപ്പെട്ടു. തകര്‍ന്ന ഹൃദയത്തോടെ, ലോങ് ഓണിലേക്ക് സിംഗിളെടുത്ത് മടങ്ങുന്ന മക്മില്ലന്‍ കാലം കാത്തുവെച്ച വേദനയായി. സൗത്ത് ആഫ്രിക്കയുടെ ഭാഗ്യക്കേടിന്റെ തുടക്കവും.

1996 മാര്‍ച്ച് 13 

ശ്രീലങ്കയുടെ പട്ടാഭിഷേകമെന്നതിനെക്കാള്‍ സെമിയില്‍ ഈഡന്‍ ഗാര്‍ഡനിലെ ഇന്ത്യയുടെ തോല്‍വിയും വിനോദ് കാംബ്ലിയുടെ കണ്ണീരുമാകും ഓര്‍ക്കപ്പെടുന്നത്. ഓസ്ട്രേലിയയും വിന്‍ഡീസും കളിക്കാതെ പിന്മാറിയതുപോലും ലോട്ടറിയായി സെമിയിലെത്തിയതായിരുന്നു ശ്രീലങ്ക. അന്നത്തെ ഇന്ത്യയ്ക്ക് ശ്രീലങ്കയെ തോല്പിക്കാതിരിക്കാന്‍ കാരണങ്ങളൊന്നുമില്ലായിരുന്നു. സച്ചിന്റെ മാരക ഫോം, കുംബ്ലെയും ശ്രീനാഥും വെങ്കിടേഷ് പ്രസാദുമടങ്ങുന്ന ഭേദപ്പെട്ട ബൗളിങ് നിര. കരുത്തരായ പാകിസ്താനെ ക്വാര്‍ട്ടറില്‍ തല്ലിയൊതുക്കിയതിന്റെ ആത്മവിശ്വാസവും. 

ടോസ് കിട്ടിയിട്ടും ബൗളിങ്ങെടുക്കാന്‍ അസ്ഹറുദ്ദീനെ പ്രേരിപ്പിച്ചത് ഏത് സ്‌കോറും ചെയ്സുചെയ്യാനുള്ള ശ്രീലങ്കയുടെ പാടവമായിരുന്നു. അപകടകാരിയായ ജയസൂര്യയെയും കലുവിതരണയെയും തുടക്കത്തില്‍ പവലിയനിലെത്തിച്ച് പകുതി വിജയിച്ചു. 251 എന്ന പിന്തുടരാന്‍കഴിയുന്ന സ്‌കോറില്‍ അവരെ ഒതുക്കുകയും ചെയ്തു. സിദ്ദു മടങ്ങിയതിനുശേഷം സച്ചിന്‍ മഞ്ജരേക്കറുമായി 20 ഓവറില്‍ 98 റണ്‍സെന്ന സ്‌കോറില്‍ ഇന്ത്യയെ എത്തിക്കുകയും ചെയ്തു. പിന്നീടാണ് ശരാശരി ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിയുടെ മനസ്സില്‍ ദുഃസ്വപ്നമായി അത് സംഭവിച്ചത്. എന്താണെന്ന് തിരിച്ചറിയുന്നതിന് മുന്‍പ് ഓരോരുത്തരും പവലിയനിലേക്ക് കയറാന്‍തുടങ്ങി. 

എട്ട് വിക്കറ്റിന് 120 റണ്‍സെന്ന ദുരന്തത്തിലേക്ക് സ്‌കോര്‍ പതിച്ചു. ഒരറ്റത്ത് വിനോദ് കാംബ്ലി എല്ലാറ്റിനും മൂകസാക്ഷിയായി നിന്നു. കണ്‍മുന്നിലെ തോല്‍വി ആരാധകരുടെ നിയന്ത്രണം നഷ്ടപ്പെടുത്തി. അവര്‍ വെള്ളക്കുപ്പികളടക്കം കയ്യില്‍ കിട്ടിയതെല്ലാം മൈതാനത്തേക്ക് വലിച്ചെറിഞ്ഞു. ഫീല്‍ഡ്ചെയ്യാനാവില്ലെന്ന് ഉറപ്പിച്ച് ക്യാപ്റ്റന്‍ അര്‍ജുന രണതുംഗെ തിരിച്ചുകയറി. നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് വിനോദ് കാംബ്ലിയും. അവശേഷിച്ചിരുന്ന 15 ഓവറുകളില്‍ 132 റണ്‍സെന്നത് അന്നത്തെ സാഹചര്യത്തില്‍ അപ്രാപ്യമായിരുന്നു. 

 

1999 ജൂണ്‍ 13 

പടിക്കല്‍ കലമുടയ്ക്കുന്നവരെന്ന ചീത്തപ്പേര് സൗത്ത് ആഫ്രിക്കയ്ക്ക് ഉറപ്പിച്ചുനല്കിയ ലോകകപ്പായിരുന്നു അത്. തപ്പിത്തടഞ്ഞ് നീങ്ങിയ ഓസ്ട്രേലിയയ്ക്ക് മുന്നില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ പ്രൊട്ടിയാസിന് കാലിടറി. അമിത ആത്മവിശ്വാസമായിരുന്നു ആദ്യതവണ ചതിച്ചതെങ്കില്‍ രണ്ടാംതവണ അതിസമ്മര്‍ദമായിരുന്നു വില്ലന്‍.

സൂപ്പര്‍ സിക്സ് രീതിയിലായിരുന്നു രണ്ടാംറൗണ്ട്. ആദ്യതവണ പരാജയപ്പെടുത്തിയവര്‍ സൂപ്പര്‍ സിക്സിലെത്തിയാല്‍ രണ്ട് ബോണസ് പോയിന്റ് ലഭിക്കും. ഇന്ത്യയെ തോല്പിക്കുകയും സിംബാബ്വേയോട് തോല്ക്കുകയും ചെയ്താണ് ദക്ഷിണാഫ്രിക്ക  സൂപ്പര്‍സിക്സിലെത്തിയത്. ഓസ്ട്രേലിയയാവട്ടെ പാകിസ്താനോടും ന്യൂസീലന്‍ഡിനോടും തോറ്റ് പോയിന്റൊന്നും ഇല്ലാതെയും. രണ്ട് മത്സരങ്ങളും ജയിക്കേണ്ട സ്ഥിതിയും. സൂപ്പര്‍സിക്സിലെ അവസാന മത്സരമെത്തി. 

ആദ്യം ബാറ്റ്ചെയ്ത ആഫ്രിക്കന്‍ ടീം ഗിബ്സിന്റെ സെഞ്ച്വറി മികവില്‍ ഏഴ് വിക്കറ്റിന് 271 എന്ന മികച്ച ടോട്ടലിലെത്തി. പൊള്ളോക്കും ഡൊണാള്‍ഡും ക്ലൂസ്നറും ഉള്‍പ്പെട്ട ബൗളിങ് നിരയ്ക്ക് പ്രതിരോധിക്കാവുന്ന സ്‌കോറായിരുന്നു അത്. ഗില്‍ക്രിസ്റ്റിനെയും മാര്‍ക്ക് വോയും മാര്‍ട്ടിനും മടങ്ങി മൂന്നുവിക്കറ്റിന് 48 റണ്‍സെന്ന നിലയില്‍ ഓസീസ് തോല്‍വി മുന്നില്‍ കണ്ട നിമിഷം. നായകന്‍ സ്റ്റീവ് വോ ക്രീസിലെത്തി. പ്രകോപനപരമായ വാക്കുകളോടെയാണ് ഗിബ്സ് സ്റ്റീവ്വോയെ വരവേറ്റതും. പോണ്ടിങ്ങുമായി ചേര്‍ന്ന് നായകന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ക്ലൂസ്നറുടെ മുപ്പതാംഓവറിലെ അവസാന പന്ത്. വേഗം കണക്കാക്കുന്നതില്‍ സ്റ്റീവ്വോയ്ക്ക് തെറ്റ് പറ്റി. മിഡ്വിക്കറ്റിലേക്ക് ഉയര്‍ന്ന പന്തിനും വേഗം കുറവായിരുന്നു. 

ക്യാച്ചിങ് പ്രാക്ടീസ്ചെയ്യുന്ന ലാഘവത്വത്തോടെ ഗിബ്സിന്റെ കൈയില്‍ ഒതുങ്ങിയെന്ന് തോന്നി. പന്ത് ഗിബ്സിനടുത്തേക്ക് പോകുമ്പോള്‍തന്നെ കീപ്പര്‍ ബൗച്ചറും സ്ളിപ്പ് ഫീല്‍ഡര്‍ ഡൊണാള്‍ഡും ആഹ്ലാദം തുടങ്ങിയിരുന്നു. ഗിബ്സും അതേ മൂഡിലായിരുന്നു. കയ്യില്‍ വന്ന പന്ത് ഒരുസെക്കന്‍ഡ്പോലും വെക്കാതെ ആകാശത്തേക്ക് ഉയര്‍ത്തിവിടാനാണ് ഗിബ്സിന് തോന്നിയത്. ദക്ഷിണാഫ്രിക്ക നേരിട്ട സമര്‍ദം മുഴുവന്‍ ആ ആഹ്ലാദപ്രകടനത്തിലുണ്ടായിരുന്നു. സ്റ്റീവ്വോയുടെ വിക്കറ്റ് അത്രത്തോളം വിലപ്പെട്ടതും. കൈയിലൊതുങ്ങുംമുന്‍പ് പന്ത് തെന്നി തെറിച്ചു. 

തങ്ങളെ പിന്തുടരുന്ന നിര്‍ഭാഗ്യം പ്രൊട്ടിയാസ് ഒരിക്കല്‍ക്കൂടി തിരിച്ചറിയുകയായിരുന്നു. ആ നിരാശയുടെ മുകളില്‍ 110 പന്തില്‍ 120 റണ്‍സുമായി സ്റ്റീവ്വോ അടിച്ചുകയറി. കൈവിട്ട കാച്ചില്‍ ഒരു റണ്‍ പൂര്‍ത്തിയാക്കി നോണ്‍ സ്ട്രൈക്കിങ് എന്‍ഡിലെത്തിയ സ്റ്റീവ്വോ ഗിബ്സിനോട് എന്തോ പറഞ്ഞു. സുഹൃത്തേ നിങ്ങള്‍ കൈവിട്ടത് ലോകകപ്പാണെന്ന്  ഓസ്ട്രേലിയന്‍ മാധ്യമങ്ങളുള്‍പ്പെടെ എഴുതി. പിന്നീട് സ്റ്റീവ്വോ അത് നിഷേധിച്ചു. ആ മൂഡില്‍ എന്താണ് പറഞ്ഞതെന്ന് ഓര്‍മയില്ലെന്നായിരുന്നു സ്റ്റീവ്വോയുടെ പക്ഷം.

 

1999 ജൂണ്‍ 17

എഡ്ജ് ബാസ്റ്റണില്‍ രണ്ടാംസെമിഫൈനല്‍. കരുതിക്കൂട്ടിത്തന്നെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ വരവ്. ആദ്യം ബാറ്റ്ചെയ്ത ഓസ്ട്രേലിയയെ പൊള്ളോക്കും ഡൊണാള്‍ഡും ചേര്‍ന്ന്  213 റണ്‍സിലൊതുക്കി. ഇരുവരും ഒന്‍പത് വിക്കറ്റുകളാണ് പങ്കിട്ടെടുത്തത്. അപ്പോഴും 56 റണ്‍സുമായി സ്റ്റീവ്വോ തലയുയര്‍ത്തി നിന്നു. മടക്കബാറ്റിങ്ങില്‍ ക്രിസ്റ്റനും ഗിബ്സും ചേര്‍ന്ന് ചെറുതെങ്കിലും മനോഹരമായ തുടക്കം നല്‍കി. കള്ളിനനും ക്രോണ്യേയും മടങ്ങിയതോടെ നാലിന് 69 എന്ന സ്‌കോറില്‍ പ്രതിരോധത്തിലായെങ്കിലും കല്ലിസും റോഡ്സും പൊള്ളോക്കും ചേര്‍ന്ന് മുന്നോട്ടുനയിച്ചു. അപ്പോഴും കൂട്ടുകെട്ടുകള്‍ തകര്‍ത്തും റണ്‍ റേറ്റ് താഴ്ത്തിയും കൃത്യമായ സമ്മര്‍ദം ഓസീസ് ചെലുത്തുന്നുണ്ടായിരുന്നു. ഒടുവില്‍ 49 ഓവറില്‍ ഒന്‍പതിന് 205 എന്ന സ്‌കോറില്‍ ദക്ഷിണാഫ്രിക്കയെത്തി.

12 പന്തില്‍ 23 റണ്‍സുമായി നിന്ന ലാന്‍സ് ക്ലൂസ്നറിലേക്ക് കളി ചുരുങ്ങി. ഡാമിയന്‍ ഫ്ളെമിങ്ങിന്റെ ആദ്യപന്തുതന്നെ കവറിലൂടെ ക്ലൂസ്നര്‍ ബൗണ്ടറി കടത്തി. തൊട്ടടുത്തത് ലോങ് ഓഫിലൂടെ ബൗണ്ടറി. സ്‌കോര്‍ സമനിലയിലായി. ഗാലറി ഇരമ്പിയാര്‍ത്തു. മൂന്നാംപന്തില്‍ മിഡ്ഓണിലേക്ക് ക്ലൂസ്നറുടെ ഷോട്ട് പാഞ്ഞു. ഡൊണാള്‍ഡ് റണ്‍സിനായി പകുതിയിലെത്തി. ഡാരല്‍ ലേമാന്റെ ത്രോ വിക്കറ്റിനെ തൊടാതെപോയി. ഓസ്ട്രേലിയന്‍ ആരാധകര്‍ ഗാലറിയില്‍ തലയില്‍ കൈവെച്ചിരുന്നുപോയി. ദക്ഷിണാഫ്രിക്ക ആശ്വസിച്ചു. നാലാംപന്ത് മിഡ് ഓഫിലേക്ക് പായിച്ച് ക്ലൂസ്നര്‍ ഓടാന്‍തുടങ്ങി. തൊട്ടുമുന്‍പത്തെ അനുഭവം ഓര്‍ത്താവാം പന്തിനെ നോക്കിനിന്ന ഡൊണാള്‍ഡ് ക്ലൂസ്നറുടെ വിളി കേട്ടില്ല. മാര്‍ക്ക് വോയുടെ ത്രോ ഫ്ളെമിങ്ങിലൂടെ ഗില്‍ക്രിസ്റ്റിലേക്ക്. ബെയ്ല്‍ ഇളകുമ്പോള്‍ ഡൊണാള്‍ഡ് ക്രീസിന് പകുതിയിലായതേയുണ്ടായിരുന്നുള്ളൂ. എല്ലാം തകര്‍ന്നുവെന്ന് മനസ്സിലാക്കിയ ക്ലൂസ്നര്‍ തിരിഞ്ഞുപോലും നോക്കാതെ നോണ്‍സ്ട്രൈക്കിങ് എന്‍ഡില്‍നിന്ന് പവലിയനിലേക്ക് നടന്നു. 

മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഓസ്ട്രേലിയ ഫൈനലില്‍ കടന്നു. പാകിസ്താനെ തോല്പിച്ച് കപ്പും ഉയര്‍ത്തി. 1999 നല്‍കിയ രണ്ട് ദുരന്തകഥാപാത്രങ്ങളായിരുന്നു ഗിബ്സും ക്ലൂസ്നറും. ഇരുവരും ദക്ഷിണാഫ്രിക്കയെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ്. എങ്കിലും ഓര്‍ക്കപ്പെടുന്നത് രണ്ട് വലിയ പിഴവുകളുടെ പേരിലാണെന്ന് മാത്രം.

2007 മാര്‍ച്ച് 18

വിന്‍ഡീസില്‍ നടന്ന ലോകകപ്പ് ഓര്‍മിക്കപ്പെടുന്നത് പാകിസ്താന്‍ കോച്ചായിരുന്ന ഇംഗ്ലണ്ടുകാരന്‍ ബോബ് വൂമറുടെ പേരിലായിരുന്നു. ദുര്‍ബലരായ അയര്‍ലന്‍ഡിനോട് ടീം തോറ്റ് മണിക്കൂറുകള്‍ക്കുശേഷമാണ് ഹോട്ടല്‍മുറിയില്‍ അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പല സംശയങ്ങളും ഉയര്‍ന്നു. വാതുവയ്പുസംഘങ്ങളും പാകിസ്താന്‍ ടീമും തമ്മിലുള്ള ബന്ധംവരെ വിവാദവിഷയമായി. പാകിസ്താന്‍കളിക്കാരില്‍ പലരും ചോദ്യംചെയ്യലിന് വിധേയരായി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന ജമൈക്കന്‍ പോലീസിന്റെ ആദ്യവിലയിരുത്തല്‍ പിന്നീട് മാറ്റേണ്ടിവന്നു. ശരീരത്തില്‍ വിഷാംശം ചെന്നിട്ടുണ്ടെന്ന് പിന്നീട് കണ്ടെത്തി. എങ്കിലും മരണത്തില്‍ അസ്വാഭാവികതയില്ലെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിച്ചു.  ഇന്നും ദുരൂഹമാണ് ബോബ് വൂമറുടെ മരണം.

വൂമറുടെ മരണം മാത്രമായിരുന്നില്ല ആ ലോകകപ്പിന്റെ ബാക്കിപത്രം. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ സാമ്പത്തികമായി തരിപ്പണമാക്കിയ ടൂര്‍ണമെന്റുകൂടിയായിരുന്നു അത്. ഫേവറിറ്റുകളായ ഇന്ത്യയും പാകിസ്താനും ആദ്യംതന്നെ പുറത്തായത് നിറംകെടുത്തി. ഒഴിഞ്ഞ ഗാലറികളിലാണ് രണ്ടാംറൗണ്ട് മത്സരങ്ങള്‍ നടന്നത്. ഒന്ന് പച്ചപിടിക്കാനുള്ള വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ കണ്ണീരായിമാറി ആ ലോകകപ്പ്.

സ്‌പോര്‍ട്‌സ് മാസിക വാങ്ങാം

Sports Masika

 

 

Content Highlights: World Cup Cricket Memories Lance Klusener Bob Woolmer