1983. ആ വർഷം ഇന്ത്യയ്ക്ക് മറക്കാനാവാത്തത് ലോകകപ്പ് ക്രിക്കറ്റിൽ നേടിയ വിജയംകൊണ്ടാണ്. കടലാസിൽ ദുർബലരായിരുന്ന കപിലിന്റെ സംഘം കളിക്കളത്തിൽ കറുത്ത ചെകുത്താന്മാരായി. ലോഡ്സിന്റെ പുൽത്തകിടിയിൽ അവർ കപ്പിൽ ചുംബിച്ചു. ഇന്ത്യയിൽ അങ്ങനെ ക്രിക്കറ്റിന്റെ വിപ്ലവത്തിന് തുടക്കമായി. അന്നത്തെ ടീമിൽ വിക്കറ്റ് കീപ്പറായിരുന്ന സയ്യിദ് കിർമാനി ഇന്ന്്് ആ ലോകകപ്പിനെ ഓർക്കുന്നത് ഒട്ടൊരു അദ്ഭുതത്തോടെയാണ്. ഹൃദ്യമായ ഒത്തൊരുമയുടെയും പോരാട്ടവീര്യത്തിന്റെയും സാക്ഷ്യംകൂടിയാണ് കിർമാനിയുടെ ഈ ഓർമകൾ
വർണശബളമായ കുപ്പായമിട്ട മൊട്ടത്തലയൻ, മുഖത്ത് വലിയൊരു ‘റ’ മീശ. തമാശകൾ പറഞ്ഞ് ഉറക്കെ ചിരിച്ചുകൊണ്ടേയിരിക്കുന്ന ഈ മനുഷ്യന് 69 വയസ്സായെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. ഹോട്ടലിന്റെ രണ്ടാം നിലയിലേക്കുള്ള പടവുകൾ ഓടിക്കയറുന്നതിനിടെ തിരിഞ്ഞുനോക്കിക്കൊണ്ട് പറയുന്നു: ‘‘ഐ ആം സ്റ്റിൽ യങ് ആൻഡ് ഫിറ്റ്, മാൻ. ഇഫ് ധോനി ഈസ് നോട്ട് ഫിറ്റ്, റെഡി ടു കീപ്പ് വിക്കറ്റ് ഫോർ ഇന്ത്യ ഇൻ അപ്കമിങ് വേൾഡ്കപ്പ്.’’ പൊക്കം കുറഞ്ഞ ഈ മനുഷ്യന് നീളമുള്ളൊരു പേരുണ്ട് -സയിദ് മുജ്താബ ഹുസൈൻ കിർമാനി. 1983-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയെ ലോകകപ്പ് ചാമ്പ്യന്മാരാക്കിയ ‘കപിലിന്റെ ചെകുത്താൻ കൂട്ട’ത്തിലെ അത്യുത്സാഹിയായ വിക്കറ്റ് കീപ്പറാണ് കൂട്ടുകാർ ‘കിരി’യെന്ന് സ്നേഹത്തോടെ വിളിക്കുന്ന ഈ വെറ്ററൻ ക്രിക്കറ്റർ. 88 ടെസ്റ്റ്മാച്ചുകളിലും 27 ഏകദിന മത്സരങ്ങളിലും ഇന്ത്യയ്ക്കുവേണ്ടി ഗ്ലൗ അണിഞ്ഞ കിർമാനി വീണ്ടുമൊരു ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ’83-ലെ വിസ്മയ വിജയമുൾപ്പെടെ തന്റെ കരിയറിലെ നല്ലനാളുകൾ ഓർത്തെടുക്കുകയാണ്.

ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് യാത്രതിരിക്കുമ്പോൾ ചാമ്പ്യന്മാരാവുമെന്ന പ്രതീക്ഷ ടീമംഗങ്ങൾക്കുണ്ടായിരുന്നോ
സുഹൃത്തേ, ലോകക്രിക്കറ്റിലെ ഏറ്റവും ദുർബലമായ ടീമുകളിലൊന്നായിരുന്നു അന്ന് ഇന്ത്യ. ഏകദിന മത്സരങ്ങളിലെ ശിശുക്കൾ എന്നെല്ലാം മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്ന കാലം. ടീമംഗങ്ങൾക്കോ ആരാധകർക്കോ ചാമ്പ്യന്മാരാവുകയെന്ന ഒരു വിദൂരസ്വപ്നം പോലും ഉണ്ടായിരുന്നില്ല. മികച്ച പ്രകടനം കാഴ്ചവെക്കുക, ഒന്നോ രണ്ടോ മത്സരങ്ങൾ ജയിക്കുക എന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. അതിനു മുമ്പത്തെ രണ്ട് ലോകകപ്പുകളിലും ചാമ്പ്യന്മാരായ ക്ലൈവ് ലോയ്ഡിന്റെ വെസ്റ്റിൻഡീസും കിം ഹ്യൂസിന്റെ നേതൃത്വത്തിലുള്ള കരുത്തരായ ഓസ്ട്രേലിയയും ആദ്യറൗണ്ടിൽ നമ്മുടെ ഗ്രൂപ്പിൽ. പിന്നെ തോൽപ്പിക്കാവുന്ന ടീം സിംബാബ്വേ മാത്രം. നോക്കൗട്ട് റൗണ്ട് കഴിഞ്ഞ് പുറത്താവുമ്പോൾ യൂറോപ്യൻ ട്രിപ്പിന് പോവുന്ന കാര്യമൊക്കെ പലരും പ്ലാൻ ചെയ്തിരുന്നു. (ഉറക്കെ ചിരിക്കുന്നു)
പക്ഷേ, ആദ്യ മത്സരത്തിൽ നിങ്ങൾ വെസ്റ്റിൻഡീസിനെ തോൽപ്പിച്ചു.
അതെ, ഞങ്ങൾക്കുപോലും വിശ്വസിക്കാനാവാത്ത വിജയമായിരുന്നു അത്. രണ്ട് ദശകത്തോളം ക്രിക്കറ്റ് ലോകം ഭരിച്ച രാജാക്കന്മാരെയാണ് തോൽപ്പിച്ചത്. അതൊരു വല്ലാത്ത അനുഭവമായിരുന്നു. അതായിരുന്നു ആ ലോകകപ്പിലെ ടേണിങ് പോയന്റ്. വലിയ ടീമുകളെ തോൽപ്പിക്കാനുള്ള കഴിവുണ്ടെന്ന് ഞങ്ങളെ തന്നെ ബോധ്യപ്പെടുത്തിയ ജയം. അന്നുതൊട്ട് ലോകചാമ്പ്യന്മാരാവുന്നതിനെ കുറിച്ച് ഞങ്ങൾ സ്വപ്നം കണ്ടുതുടങ്ങി.

ടീമിൽ താരതമ്യേന ജൂനിയറായിരുന്ന കപിൽദേവ് ആയിരുന്നു നിങ്ങളുടെ ക്യാപ്റ്റൻ. സീനിയർ താരങ്ങൾക്കിടയിൽ അതിൽ അസ്വാരസ്യം ഉണ്ടായിരുന്നില്ലേ
ഒരിക്കലുമില്ല. മറിച്ചായിരുന്നു കാര്യങ്ങൾ. കുറച്ചു മാത്രം സംസാരിക്കുകയും കൂടുതൽ പ്രവർത്തിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനായിരുന്ന കപിൽ ടീമിനെ മുന്നിൽനിന്ന് നയിച്ചു. ആദ്യമത്സരത്തിനു മുമ്പ് കപിൽ പറഞ്ഞു: ‘ടീമിൽ എന്നെക്കാൾ സീനിയറായ ഏഴു പേരുണ്ട്. എന്നെ വഴികാണിക്കേണ്ടതും ഉപദേശിക്കേണ്ടതും നിങ്ങളുടെ കടമയാണ്. നിങ്ങളുടെ ഉത്തരവാദിത്വത്തെ കുറിച്ച് ഞാൻ ഓർമിപ്പിക്കേണ്ട കാര്യമില്ല.’ ക്യാപ്റ്റന്റെ വാക്കുകൾ ശരിയായ സ്പിരിറ്റോടെ ഉൾക്കൊണ്ട് ഓരോരുത്തരും തങ്ങളുടെ ജോലി ഭംഗിയായി നിർവഹിച്ചു.
തിരിഞ്ഞുനോക്കുമ്പോൾ എന്തായിരുന്നു നിങ്ങളുടെ പ്രധാന കരുത്ത്
അത് ഓൾറൗണ്ടർമാരായിരുന്നു. ഏഴ് ഓൾറൗണ്ടർമാർ ഞങ്ങളുടെ ടീമിലുണ്ടായിരുന്നു. കപിൽദേവ്, മദൻലാൽ, അമർനാഥ്, യശ്പാൽ, ബിന്നി, കീർത്തി അസാദ്, രവിശാസ്ത്രി-ഇത്രയധികം ഓൾറൗണ്ടർമാർ മറ്റൊരു ടീമിലും ഉണ്ടായിരുന്നില്ല. ഒറ്റയ്ക്ക് മത്സരത്തിന്റെ ഗതി മാറ്റാൻ കെൽപ്പുള്ള ഗെയിം ചെയ്ഞ്ചർമാരായിരുന്നു ഓരോരുത്തരും. എല്ലാവരും പ്രതീക്ഷയ്ക്കപ്പുറത്തേക്ക് ഉയരുകയും ചെയ്തു.

താങ്കളെ ഓൾറൗണ്ടറായി പരിഗണിച്ചിരുന്നില്ല. പക്ഷേ, നിർണായകഘട്ടത്തിൽ താങ്കൾക്ക് ബാറ്റുകൊണ്ടും വലിയ സംഭാവന നൽകാനായി.
വിക്കറ്റ്കീപ്പിങ്ങിലുള്ള മികവുകൊണ്ടു തന്നെയാണ് ഞാൻ ടീമിലെത്തിയത്. ആ ലോകകപ്പിലെ ഏറ്റവും മികച്ച വിക്കറ്റ്കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടതും ഞാനാണ്. എന്നാൽ, സിംബാബ്വേയ്ക്കെതിരായ നിർണായക ഗ്രൂപ്പ് മത്സരത്തിൽ ബാറ്റുകൊണ്ടും ടീമിന് തുണയാവാൻ എനിക്കുകഴിഞ്ഞു. തോറ്റാൽ പുറത്താവുമെന്ന അവസ്ഥയിലാണ് ആ മത്സരത്തിൽ കളിക്കാനിറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത നമ്മൾക്ക് തുടക്കത്തിലേ തുടരെ വിക്കറ്റുകൾ നഷ്ടമായി. 17 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് വീണു. പത്താമനായി ഞാൻ ഇറങ്ങുമ്പോൾ എട്ട് വിക്കറ്റിന് 140. കപിൽദേവ് ക്രീസിലുണ്ട്. പക്ഷേ, ആകെ പരിഭ്രാന്തനായിരുന്നു: ‘കിരി, ഇനിയും ഏറെ ഓവറുകൾ ബാക്കിയുണ്ട്. പക്ഷേ, രണ്ട് വിക്കറ്റല്ലേയുള്ളൂ?’ അതായിരുന്നു കപിലിന്റെ ആധി. ഞാൻ പറഞ്ഞു: ‘നമ്മളിന്ന് പുറത്താവില്ല. സിംഗിൾ എടുത്ത് നിങ്ങൾക്ക് സ്ട്രൈക്ക് തരും. അടിച്ചു തകർക്കണം. കപിലിനതിന് കഴിയും.’ എന്റെ വാക്കുകൾ അദ്ദേഹത്തിന് വലിയ ആത്മവിശ്വാസം നൽകിയെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പിന്നെ ഗ്രൗണ്ടിൽ കണ്ടത് മാജിക്കായിരുന്നു. സിക്സ്, ഫോർ, സിക്സ്, ഫോർ... കപിലിന്റെ ബാറ്റിൽ നിന്ന് തീയുണ്ട പോലെ പന്ത് പറന്നു. കപിൽ പുറത്താവാതെ 175 റൺസ് നേടി ലോക റെക്കോഡിട്ടു. ഞാനും 24 റൺസുമായി പുറത്താവാതെ നിന്നു. ഇന്നത്തെ പോലെ റൺസൊഴുകുന്ന വിക്കറ്റുകളോ ഹൈസ്കോറിങ് മാച്ചുകളോ ഇല്ലാത്ത അക്കാലത്ത് കപിലിന്റെ ഇന്നിങ്സ് ഒരു അദ്ഭുതം തന്നെയായിരുന്നു. ആ ഇന്നിങ്സ് ഏറ്റവും അടുത്തുനിന്നു കണ്ട ആൾ എന്ന നിലയിൽ ഞാനുറപ്പിച്ചു പറയുന്നു, അതിനെക്കാൾ മികച്ചൊരു ഇന്നിങ്സ് ഇന്നേവരെ ലോകക്രിക്കറ്റിൽ ഉണ്ടായിട്ടില്ല.

ഫൈനലിൽ നമ്മൾ 183 റൺസിന് പുറത്തായി. അറുപത് ഓവർ മത്സരമായിരുന്നു അത്. വിൻഡീസിന് എളുപ്പം ജയിക്കാവുന്ന അവസ്ഥ. ഫീൽഡിലിറങ്ങുമ്പോൾ കപിൽ എന്താണ് പറഞ്ഞത്
‘കമോൺ, വി വിൽ ഫൈറ്റ്’ എന്നു മാത്രമാണ് പറഞ്ഞത്. കാരണം എല്ലാവർക്കും അവരവരുടെ ഉത്തരവാദിത്വമറിയാമായിരുന്നു. കപിലിനു വേണ്ടിയല്ല ഞങ്ങൾ കളിച്ചത്. ലോഡ്സിലെ ബാൽക്കണിയിൽ ത്രിവർണ പതാക പാറുന്നത് കാണാനായിരുന്നു. ലോയ്ഡും റിച്ചാർഡ്സും ഗ്രീനിഡ്ജും ഉൾപ്പെട്ട ബാറ്റിങ് നിരയൊന്നും ഞങ്ങളെ ഭയപ്പെടുത്തിയില്ല. വല്ലാത്തൊരു ആവേശത്തോടെയാണ് ഓരോരുത്തരും കളിച്ചത്. ഫീൽഡിൽ ക്യാച്ചുകൾക്കായി പറക്കുകയും കുതിക്കുകയും ചെയ്തു. ഒടുവിൽ ജയം പൂർത്തിയാക്കിയ സമയത്തെ അവസ്ഥ, മനോനില പറഞ്ഞറിയിക്കാനാവില്ല. ഞങ്ങളെല്ലാവരും അങ്ങകാശത്തായിരുന്നു. ലോകചാമ്പ്യന്മാരായി എന്ന് ഞങ്ങൾക്കുതന്നെ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ. ഇന്നും ആ മധുരം എന്റെ മനസ്സിലുണ്ട്. നിങ്ങളിലൊക്കെ അതുണ്ടെന്ന് എനിക്കറിയാം. കാരണം ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ആദ്യ പ്രണയത്തിന്റെ മധുരമാണത്.

വീണ്ടുമൊരു ലോകപ്പിനായി ഇംഗ്ലണ്ടിലേക്ക് പോവുന്ന ടീം ഇന്ത്യയെ കുറിച്ച് എന്താണ് പ്രതീക്ഷ
വളരെ മികച്ച, സന്തുലിതമായ ടീമാണ് നമ്മുടേത്. ഒറ്റയ്ക്ക് മത്സരം ജയിക്കാൻ പ്രാപ്തരായ നാലഞ്ചു പേർ ടീമിലുണ്ട്. ധോനിയും കോലിയും ലോകോത്തര താരങ്ങളാണ്. തന്റെ കരിയറിലുടനീളം ഒരു ഗെയിം ചെയ്ഞ്ചറായി വർത്തിച്ച കളിക്കാരനാണ് ധോനി. എന്നെപ്പോലെ എപ്പോഴും യങ്ങും ഫിറ്റുമാണയാൾ (അട്ടഹസിക്കുന്നു). ടീം ഇന്ത്യയ്ക്കും പ്രിയപ്പെട്ട ധോനിക്കും ആയിരം ആശംസകൾ...
മാതൃഭൂമി സ്പോർട്സ് മാസിക വാങ്ങാം
alokviswa@mpp.co.in
Content Highlights: Wicket Keeper Syed Kirmani Remembers 1983 Cricket World Cup Victory, Kapil Dev, M.S.Dhoni ICC World Cup 2019