പതിനേഴാം വയസ്സില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിച്ച്, ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് സ്വന്തമാക്കി, സുനില്‍ നരെയ്ന്‍ അടക്കമുള്ള ബൗളര്‍മാരെ പഞ്ഞിക്കിട്ടായിരുന്നു വിന്‍ഡീസ് ടീമിലേക്കുള്ള നിക്കോളാസ് പുരാന്‍ എന്ന ബാറ്റ്സ്മാന്റെ എന്‍ട്രി. ഒപ്പം ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച പരിചയസമ്പത്തും ഈ യുവതാരത്തിനൊപ്പമുണ്ടായിരുന്നു. ലോകകപ്പിലും ഈ ഇരുപത്തിമൂന്നുകാരന്‍ പ്രതീക്ഷ തെറ്റിച്ചില്ല.
പാകിസ്താനെതിരെ പുറത്താകാതെ 19 പന്തില്‍ 34, ഓസ്ട്രേലിയക്കെതിരേ അടിച്ചെടുത്തത് 36 പന്തില്‍ 40 റണ്‍സ്, ഇംഗ്ലണ്ടിനെതിരേ മറ്റു ബാറ്റ്സ്മാന്‍മാരെല്ലാം പരാജയമായപ്പോള്‍ യുവതാരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത് 78 പന്തില്‍ 63 റണ്‍സ്. ഇനിയുള്ള മത്സരങ്ങളില്‍ ഈ മധ്യനിര ബാറ്റ്സ്മാന്റെ പ്രകടനം എങ്ങനെയായിരിക്കും എന്ന് കണ്ടറിയണം. പക്ഷേ ഈ ലോലകകപ്പ് ഒന്നും വിന്‍ഡീസ് താരത്തെ സംബന്ധിച്ച് ഒന്നുമല്ല. കാരണം ജീവിതത്തില്‍ അതിനേക്കാളേറെ പ്രതിസന്ധികളേയും സമ്മര്‍ദ്ദങ്ങളേയും അതിജീവിച്ചാണ് നിക്കോളാസ് പുരാന്‍ ഗ്രൗണ്ടിലേക്ക് തിരിച്ചു വന്നത്. നാല് വര്‍ഷം മുമ്പ് നടന്ന ആ സംഭവത്തെ ഒരു പന്ത് സിക്സിലേക്ക് പറത്തുന്ന ലാഘവത്തോടെ പുരാന് ഇന്ന് പറയാന്‍ കഴിയും.
2015 ജനുവരിയില്‍ ട്രിനിഡാഡില്‍ വെച്ചായിരുന്നു ആ അപകടം. പരിശീലനത്തിന് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു പൂറാന്‍. അതിനിടയില്‍ ഒരു കാര്‍ വന്നിടിച്ചു. ആ നിമിഷം തന്നെ വിന്‍ഡീസ് താരത്തിന്റെ ബോധം പോയി..പിന്നീട് ആംബുലസന്‍സെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയതൊന്നും താരത്തിന്റെ ഓര്‍മ്മകളില്‍ ഇല്ല.
അടുത്ത ദിവസം ഉണര്‍ന്നപ്പോള്‍ അത്യന്തം ഭീകരമായ അവസ്ഥയായിരുന്നു താരത്തെ കാത്തിരുന്നത്. രണ്ടു കാല്‍മുട്ടിന് താഴേയും അനുഭവപ്പെട്ടത് മരവിപ്പ് മാത്രമായിരുന്നു. അവിടെ കാലുകള്‍ ഉണ്ട് എന്ന് പോലും തോന്നില്ലായിരുന്നു. രണ്ടു കാലുകളും നഷ്ടപ്പെട്ടു എന്നു കരുതി ഞാന്‍ നിലവിളിച്ചു. സഹിക്കാനാവാത്ത വേദനയായിരുന്നു. ആശുപത്രയില്‍ കിടന്ന 12 ദിവസം തുടര്‍ച്ചയായി വേദനസംഹാരികള്‍ കഴിച്ചു.
വീണ്ടും ക്രിക്കറ്റ് കളിക്കാനാകുമോ എന്ന് ഞാന്‍ ഡോക്ടറോട് ചോദിച്ചു. സാധ്യത കുറവാണെന്നായിരുന്നു മറുപടി. എനിക്ക് പഴയപോലെ ഓടാന്‍ പറ്റുമോ എന്നുപോലും അദ്ദേഹത്തിന് ഉറപ്പ് നല്‍കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഞാന്‍ ആകെ ഭയപ്പെട്ടു. എന്റെ രക്തസമ്മര്‍ദ്ദം കൂടി. പ്രാര്‍ഥന മാത്രമായിരുന്നു ആശ്വാസം. അന്നത്തെ ആശുപത്രി ജീവിതം പുരാന്‍ ഓര്‍ത്തെടുക്കുന്നു.
രണ്ട് ശസ്ത്രക്രിയകളാണ് വിന്‍ഡീസ് താരത്തിന് ചെയ്തത്. ആദ്യത്തേത് ഇടതു കാല്‍മുട്ടിനായിരുന്നു. അടുത്തത് കണങ്കാല്‍ ശരിയാക്കാനായി വലതു കാലിലും. ഇപ്പോഴും ആ ശസ്ത്രക്രിയയുടെ അടയാളങ്ങള്‍ താരത്തിന്റെ രണ്ടു കാലിലും മായാതെയുണ്ട്. പിന്നീട് മാസങ്ങളോളം നടക്കാനായില്ല. അത്രയും കാലം വീല്‍ചെയറിലായിരുന്നു സഞ്ചാരം.
മാംസപേശികളുടെ ശക്തിയെല്ലാം നഷ്ടപ്പെട്ടിരുന്നു. കാല്‍മുട്ട് വളക്കുമ്പോഴെല്ലാം വേദന അനുഭവപ്പെട്ടു. ഫിസിയോ തെറാപ്പിയുടെ സമയത്തായിരുന്നു ഏറ്റവും കൂടുതല്‍ വേദന അനുഭവിച്ചത്. ഏതായാലും ആ പ്രതിസന്ധിയെ മറികടക്കാന്‍ മനക്കരുത്തിലൂടെ എനിക്ക് കഴിഞ്ഞു. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ആ അപകടമാണ് എന്നെ ഒരു മികച്ച താരമാക്കിയതെന്ന് തോന്നും. അതില്‍ നിന്ന് ഞാന്‍ ഒരുപാട് പാഠം പഠിച്ചു. പുരാന്‍ പറയുന്നു.
Content Highlights: West Indies star Nicholas Pooran on car crash that nearly ended his career