1983 ലോകകപ്പിലെ ആദ്യമത്സരത്തിന് മുമ്പുള്ള ടീം മീറ്റിങ്ങില്‍ ക്യാപ്റ്റന്‍ കപില്‍ദേവ് ഇങ്ങനെ പറഞ്ഞു 'ടീമില്‍ ഏഴ് സീനിയര്‍ താരങ്ങളുണ്ട്. എന്ത് ചെയ്യണമെന്ന് നിങ്ങളോട് പറഞ്ഞുതരേണ്ട ആവശ്യമില്ല. എന്താണ് ഉത്തരവാദിത്വങ്ങളെന്ന് നിങ്ങള്‍ക്കറിയാം. ഞാനല്ല ടീമിനെ നയിക്കേണ്ടത്, നിങ്ങള്‍ എന്നെയാണ്'. ടീമിന്റെ വിജയമന്ത്രമതായിരുന്നെന്ന് ആ ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്ന സയ്യിദ് കിര്‍മാനി പറയുന്നു. ബെംഗളുരുവില്‍ മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ആദ്യമായ് കിരീടം നേടിയ ആ ലോകകപ്പിലെ ചില മുഹൂര്‍ത്തങ്ങള്‍ കിര്‍മാനി ഓര്‍ത്തെടുക്കുന്നു. സിംബാബ്വെയ്ക്കെതിരായ അവിസ്മരണീയ വിജയമായിരുന്നു അതിലൊന്ന്. ടോസ് നേടിയ കപില്‍ദേവ് ബാറ്റിങ് തിരഞ്ഞെടുത്തു. കിര്‍മാനി ആ കളി വിവരിക്കുന്നു

'ബാറ്റിങ്ങിനിറങ്ങും മുന്‍പ് നന്നായി കുളിക്കുന്ന ശീലമുള്ളയാളാണ് ഞാന്‍. ഇന്ത്യ ബാറ്റിങ് തുടങ്ങി. ഞാനാണെങ്കില്‍ കുളിക്കുകയോ ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയോ ചെയ്തിട്ടില്ല. പെട്ടെന്ന് ആരോ അലറി വിളിച്ചു... 'കിറി.. പാഡ് കെട്ടൂ...'. ഇന്നിങ്സാണെങ്കില്‍ ഇപ്പോ തുടങ്ങിയിട്ടുള്ളൂ. ഞാനാണെങ്കില്‍ പത്താം നമ്പര്‍ ബാറ്റ്സ്മാനും. എനിക്കുശേഷം ബാക്കിയുള്ളത് ബല്‍വീന്ദര്‍ സിങ് സന്ധു മാത്രം. അതുകൊണ്ട് ഞാനതിന് ശ്രദ്ധകൊടുത്തില്ല. പെട്ടെന്ന് വീണ്ടുമൊരു അലറല്‍. 'കിറി നിങ്ങളെന്താണ് കാണിക്കുന്നത്. പാഡ് ചെയ്യൂ.' അതോടെ ഞാന്‍ ഗൗരവത്തിലായി. നേരെ സ്‌കോര്‍ബോര്‍ഡിലേക്ക് നോക്കി. ഇന്ത്യ 17ന് അഞ്ച്. ചങ്കിടിച്ചു.

ഞാന്‍ കുളിക്കാനായി ഓടി. ആറാം വിക്കറ്റില്‍ റോജര്‍ ബിന്നിയും എട്ടാം വിക്കറ്റില്‍ മദന്‍ ലാലും കപിലിന് കൂട്ടുനിന്നതോടെ സ്‌കോറുയര്‍ന്നു. ഞാന്‍ ക്രീസിലെത്തുമ്പോള്‍ എട്ടിന് 140 എന്ന നിലയിലായിരുന്നു ടീം. ഞാന്‍ നേരെ കപിലിനോട് പറഞ്ഞു. 'നമ്മള്‍ ജീവന്‍ മരണ പോരാട്ടത്തിലാണ്. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഹിറ്ററാണ് നിങ്ങള്‍. ഓവറിലെ ഒരു ബോള്‍ ഞാന്‍ കളിക്കും. ആ പന്തില്‍ നിങ്ങള്‍ക്ക് സ്ട്രൈക്ക് കൈമാറുകയും ചെയ്യും. ബാക്കി അഞ്ചു ബോള്‍ അതിര്‍ത്തി കടത്തണം. ഞാന്‍ സിംഗിളെടുത്തു, കപില്‍ ബൗണ്ടറികളടിച്ചു. 138 പന്തില്‍ കപില്‍ നേടിയത് 175 റണ്‍സ്. 126 റണ്‍സിന്റ കൂട്ടുകെട്ടില്‍ ഞാന്‍ നേടിയത് 24 റണ്‍സ്. 56 പന്ത് നേരിടുകയും ചെയ്തു. 126 റണ്‍സിന്റെ വേര്‍പിരിയാത്ത കൂട്ടുകെട്ടിനൊടുവില്‍ 31 റണ്‍സ് ജയം'.

ഒടുവില്‍, ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് കിരീടം. കപില്‍ദേവ് കപ്പുയര്‍ത്തി. ലോകകപ്പിലെ മികച്ച വിക്കറ്റ് കീപ്പര്‍ക്കുള്ള പുരസ്‌കാരം ഗോഡ്ഫ്രെ എവന്‍സില്‍ നിന്ന് ഏറ്റുവാങ്ങിയത് മറക്കാനാവാത്ത നിമിഷങ്ങളാണെന്ന് കിര്‍മാനി പറയുന്നു.

ലോകകപ്പ്: പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാം സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാം

സയ്യിദ് കിര്‍മാനിയുടെ ലോകകപ്പ് ഓര്‍മകള്‍ വായിച്ചല്ലോ. വായനക്കാര്‍ക്കും അവസരമുണ്ട്. 1983ലെയും 2011ലെയും ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളെക്കുറിച്ച് നിങ്ങളുടെ മനസ്സിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്താം. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി മാതൃഭൂമി സ്പോര്‍ട്സ് മാസികയുടെ നേതൃത്വത്തില്‍ നടത്തുന്ന പോസ്റ്റര്‍ ഡിസൈന്‍ മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ മേയ് 10 വരെ സ്വീകരിക്കും. ഇതിനായി ഓയില്‍

പെയിന്റിങ്, കമ്പ്യൂട്ടര്‍ ഗ്രാഫിക്സ്, പെന്‍സില്‍ ഡ്രോയിങ് തുടങ്ങിയ ഏതുരീതിയും ഉപയോഗിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ഡിസൈനുകള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ സമ്മാനമായി നല്‍കും. തിരഞ്ഞെടുക്കപ്പെടുന്ന ഡിസൈനുകള്‍ മേയ് 22ന് പുറത്തിറങ്ങുന്ന മാതൃഭൂമി സ്പോര്‍ട്സ് മാസികയുടെ ലോകകപ്പ് ക്രിക്കറ്റ് സ്പെഷലില്‍ പ്രസിദ്ധീകരിക്കും. ഡിസൈനുകള്‍ sports@mpp.co.in എന്ന ഇമെയിലിലേക്ക് അയക്കുക.

Content Highlights: Syed Kirmani World Cup memories