ഒരുവട്ടം ചാമ്പ്യന്‍മാര്‍, രണ്ടുവട്ടം റണ്ണേഴ്സപ്പ്. ഇങ്ങനൊയൊക്കെയാണെങ്കിലും വിവാദങ്ങളും തോല്‍വികളും മാത്രമായിരുന്നു ലങ്കന്‍ ക്രിക്കറ്റില്‍ നിന്ന് സമീപകാലത്ത് ഉയര്‍ന്നുവന്നത്. ആദ്യം സനത് ജയസൂര്യയുടെ സസ്‌പെന്‍ഷന്‍. പിന്നാലെ ആവിഷ്‌ക ഗുണവര്‍ധനെയുടെയും നുവാന്‍ സോയ്സയുടെയും വിലക്കുകള്‍.
ഈ വാര്‍ത്തകള്‍ക്കിടയിലും ലങ്കന്‍ ക്രിക്കറ്റിന് സന്തോഷിക്കാന്‍ ഇട കിട്ടിയത് ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പര വിജയമായിരുന്നു. ആ ചരിത്രവിജയത്തിലേക്ക് ടീമിനെ നയിച്ച ദിമുത് കരുണരത്‌നയാണ് ലോകകപ്പില്‍ ശ്രീലങ്കയുടെ പടത്തലവന്‍. 2015-ലാണ് അവസാനം ഏകദിനം കളിച്ചതെങ്കിലും കരുണരത്‌നയുടെ നായകമികവില്‍ ലങ്ക ലോകകപ്പ് സ്വപ്നം കാണുന്നു.
ഈ ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് ആരും സാധ്യത കല്‍പ്പിക്കുന്നില്ല. എന്നാല്‍, എഴുതിത്തള്ളാനും തയ്യാറല്ല. 1996-ല്‍ അര്‍ജുന രണതുംഗയും സംഘവും ചാമ്പ്യന്മാരാകുമ്പോള്‍ അവര്‍ ആ ലോകകപ്പിന്റെ ഫേവറിറ്റുകളായിരുന്നില്ല. 2007-ലും 2011 ലും തുടര്‍ച്ചയായി ഫൈനലിലെത്തിയ ലങ്ക 2015-ല്‍ ക്വാര്‍ട്ടറിലുമെത്തി. എന്നാല്‍, അതിന് ശേഷം മികച്ച റെക്കോഡില്ല അവര്‍ക്ക്.
2015-നുശേഷം കളിച്ച 84 മത്സരങ്ങളില്‍ 23 തവണ മാത്രമാണ് ലങ്കയ്ക്ക് ജയിക്കാനായത്. 55 തവണ തോറ്റു. സിംബാബ്വെ പോലും ലങ്കയെ അവരുടെ ഗ്രൗണ്ടില്‍ പരമ്പരയില്‍ തോല്‍പ്പിച്ചു. 2016-ന് ശേഷം ഒരു ഏകദിന പരമ്പര പോലും ജയിച്ചതുമില്ല. ഈ വര്‍ഷം കളിച്ച എട്ട് ഏകദിനങ്ങളില്‍ എട്ടിലും തോറ്റു.
ടീം: ദിമുത് കരുണരത്ന (ക്യാപ്റ്റന്‍), ധനഞ്ജയ ഡിസില്‍വ, നുവാന്‍ പ്രദീപ് ആവിശ്ക ഫെര്‍ണാണ്ടോ, സുരംഗ ലക്മല്‍, ലസിത് മലിംഗ, ഏയ്ഞ്ചലോ മാത്യൂസ്, കുശാല്‍ മെന്‍ഡിസ്, ജീവന്‍ മെന്‍ഡിസ്, കുശാല്‍ പെരേര, തിസാര പെരേര, മിലിന്‍ഡ സിരിവര്‍ധനെ, ലഹിരു തിരിമനെ, ഇസുരു ഉദാന, ജെഫ്രി വാന്‍ഡെര്‍സ
ബാറ്റിങ്
മഹേല ജയവര്‍ധനയെ പോലെയോ കുമാര്‍ സംഗക്കാരയോ പോലെയുള്ള ഒരു ബാറ്റ്സ്മാന്റെ കുറവുണ്ട് ലങ്കന്‍ നിരയില്‍. എങ്കിലും കരുണരത്‌ന, കുശാല്‍ പെരേര, ലഹിരു തിരിമനെ, ഗുണതിലക അടക്കമുള്ള മുന്‍നിരക്കാര്‍ ഇംഗ്ലണ്ടില്‍ തിളങ്ങാന്‍ സാധ്യതയുള്ളവരാണ്. ഇവര്‍ക്ക് മികച്ച തുടക്കം നല്‍കാനായാല്‍ അവസാന ഓവറുകളില്‍ സ്‌കോറുയര്‍ത്താന്‍ മികച്ച താരനിരയുണ്ട് ലങ്കയ്ക്ക്. മാത്യൂസ്, തിസര പെരേര, സിരിവര്‍ധന അടക്കമുള്ള താരങ്ങള്‍ വമ്പനടിക്ക് കെല്‍പ്പുള്ളവരാണ്. മുന്‍ക്യാപ്റ്റന്‍ മാത്യൂസിന് ഇന്നിങ്സ് പടുത്തുയര്‍ത്താന്‍ പ്രത്യേക മികവുണ്ട്.
ബൗളിങ്
35-കാരന്‍ ലസിത് മലിംഗയാണ് ലങ്കന്‍ ബൗളിങ്ങിന്റെ തുറുപ്പുചീട്ട്. ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലിംഗ ലോകകപ്പില്‍ ടീമിന്റെ പ്രതീക്ഷയാണ്. മലിംഗയ്ക്ക് ലോകകപ്പില്‍ മാത്രം 22 മത്സരങ്ങളില്‍ 43 വിക്കറ്റുണ്ട്. മലിംഗയ്‌ക്കൊപ്പം സുരംഗ ലക്മലും നുവാന്‍ പ്രദീപുമടങ്ങുന്നതാണ് പേസ് നിര. പുതുമുഖ സ്പിന്നര്‍ വാന്‍ഡെര്‍സയ്ക്ക് അവസരങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇതുവരെ തിളങ്ങാനായിട്ടില്ല. ജീവന്‍ മെന്‍ഡില്‍, തിസര പെരേര, ഏയ്ഞ്ചലോ മാത്യൂസ് എന്നിവരുടെ സേവനവും ബൗളിങ് ഡിപ്പാര്‍ട്ട്മെന്റിന് ലഭ്യമാകും.
കരുത്ത്
ആറു മികച്ച ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യമുണ്ട് ലങ്കന്‍ നിരയില്‍. ഇവര്‍ ഫോമിലേക്കുയര്‍ന്നാല്‍ ആരെയും മറികടക്കാനുള്ള കരുത്തുണ്ട് ലങ്കന്‍ നിരയ്ക്ക്. ലോകകപ്പിനെത്തുമ്പോള്‍ പ്രത്യേക ഫോമിലേക്ക് ടീം മാറാറുണ്ട്.
Content Highlights: Sri Lanka Cricket Team ICC World Cup 2019