ഓര്‍മകളുടെ പിച്ചില്‍ നിന്ന് ഇന്നും കാതിലേക്കൊഴുകുന്ന മാസ്മരിക ശബ്ദങ്ങള്‍, സുരേഷ് സരയ്യ, ആനന്ദ് സെതല്‍വാദ്, ജെ.പി നാരായണ്‍, സുശീല്‍ ദോഷി, ജസ്‌ദേവ് സിങ്, ഡിക്കി രത്‌നാകര്‍, ബാല്യകൗമാരങ്ങളെ തോരാത്ത ക്രിക്കറ്റ് മഴയില്‍ കുളിപ്പിച്ച ആകാശവാണി കമന്റേറ്റര്‍മാര്‍.
ഗുണ്ടപ്പ വിശ്വനാഥിന്റെ മോഹിപ്പിക്കുന്ന സ്‌ക്വയര്‍ കട്ടും സുനില്‍ ഗാവസ്‌കറുടെ ലേറ്റ് ഫ്‌ളിക്കും വിവ് റിച്ചാര്‍ഡ്‌സിന്റെ കിടിലന്‍ ഹുക്ക് ഷോട്ടും ഭഗവത് ചന്ദ്രശേഖറിന്റെ ഗൂഗ്ലിയും ആന്‍ഡി റോബര്‍ട്ട്‌സിന്റെ മണിക്കൂറില്‍ 99 മൈല്‍ വേഗതയുള്ള മാരകമായ പന്തുകളും ഏക്‌നാഥ് സോള്‍ക്കറുടെ ഡൈവിംഗ് ക്യാച്ചുകളും എന്റെ തലമുറ കണ്‍കുളിര്‍ക്കെ 'കണ്ടതും' ആസ്വദിച്ചതും അവരുടെ വാക്കുകളിലൂടെയാണ്.
മറ്റൊരു ലോകകപ്പ് ലണ്ടനില്‍ പൊടിപൊടിക്കുമ്പോള്‍ ആ മാന്ത്രികരെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ? കളിക്കാഴ്ചകള്‍ ടെലിവിഷന്‍ സ്‌ക്രീനിലേക്കും കമ്പ്യൂട്ടറിലേക്കും അവിടെ നിന്ന് മൊബൈല്‍ ഫോണിലേക്കും വ്യാപിച്ചിരിക്കാം. എങ്കിലും, വാക്കുകളുടെ ഇന്ദ്രജാലത്തിലൂടെ ഈ കമന്റേറ്റര്‍മാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനസില്‍ വരച്ചിട്ട വര്‍ണ്ണ ചിത്രങ്ങള്‍ക്ക് ഇന്നുമില്ല മങ്ങല്‍. കാഴ്ചയേക്കാള്‍ മനോഹരമായിരുന്നില്ലേ കേള്‍വി എന്ന് ശരിക്കും തോന്നിപ്പോകും ചിലപ്പോള്‍.

ഓര്‍മകളില്‍ സുശീല്‍ ദോഷിയുടെ വികാരനിര്‍ഭരമായ ശബ്ദം വന്നു നിറയുന്നു; ''ഷോര്‍ട്ട് പിച്ച് ഗേന്ത് ഥി, ഓഫ് സ്റ്റമ്പ് കേ ബാഹര്‍ ബാക്ഫുട്ട് പര്‍ ഗയേ, സ്‌ട്രോക്ക് കേലിയെ ജഗഹ് ബനായെ ഔര്‍ ബഹുത് ഖുബ്സൂരതി കേ സാഥ് സ്‌ക്വയര്‍ കട്ട് കര്‍ ദിയാ ചാര്‍ റണോം കേലിയെ.......'' ഗാലറികള്‍ ആവേശത്താല്‍ പൊട്ടിത്തെറിക്കുന്നു, വയനാട്ടിലെ പുരാതനമായ വീടിന്റെ ഏകാന്തതയില്‍, കൊച്ചു ഫിലിപ്‌സ് ട്രാന്‍സിസ്റ്റര്‍ റേഡിയോക്ക് മുന്നിലിരുന്ന് ഒരു സ്‌കൂള്‍ കുട്ടിയും. ക്രിക്കറ്റ് ഭ്രാന്തനായ ആ കുട്ടി ഇപ്പോഴുമുണ്ട് ഉള്ളിന്റെയുള്ളില്‍.
സുരേഷ് സരയ്യ ആയിരുന്നു ദൃക്സാക്ഷി വിവരണക്കാരുടെ കൂട്ടത്തിലെ സൂപ്പര്‍ സ്റ്റാര്‍. ആകാശവാണിയുടെ അമിതാബ് ബച്ചന്‍. ഗാംഭീര്യമുള്ള ആ ശബ്ദം അനശ്വരമാക്കിയ കളിനിമിഷങ്ങള്‍ എത്രയെത്ര. അരങ്ങൊഴിഞ്ഞ കമന്റേറ്റര്‍മാരെ കുറിച്ചുള്ള ഒരു ന്യൂസ് സ്റ്റോറിയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ ഒരിക്കല്‍ ഫോണില്‍ സംസാരിക്കാന്‍ അവസരം ഒത്തുവന്നപ്പോള്‍ ചോദിച്ചു; ''എങ്ങനെ സാധിക്കുന്നു വിരസതയുടെ കണിക പോലും ഇല്ലാതെ കേള്‍വിക്കാരെ ഒപ്പം നടത്താന്‍?'' പൊട്ടിച്ചിരിച്ചുകൊണ്ട് സുരേഷ് സരയ്യയുടെ മറുപടി; ''സ്ഥിരമായി ആവര്‍ത്തിക്കുന്ന പദങ്ങള്‍, പ്രയോഗങ്ങള്‍ ഒഴിവാക്കുക. പുതിയ ശൈലികള്‍ അവതരിപ്പിക്കുക. ഇതൊക്കെയാണ് ശ്രോതാക്കളെ റേഡിയോക്ക് മുന്നില്‍ പിടിച്ചിരുത്താനുള്ള മാര്‍ഗം. പിന്നെ, കുട്ടിക്കാലം മുതലേ ചരിത്രം എനിക്കൊരു ലഹരിയാണ്. മത്സരങ്ങളെ കുറിച്ചു മാത്രമല്ല, മൈതാനങ്ങളെ കുറിച്ചും കളി നടക്കുന്ന നഗരങ്ങളെക്കുറിച്ചും ഒക്കെ ആഴത്തില്‍ പഠിക്കും. കളി വിരസമായിത്തുടങ്ങുന്ന ഘട്ടങ്ങളില്‍ ആ നുറുങ്ങുകള്‍ എടുത്തു പ്രയോഗിക്കും. അതോടൊപ്പം കാര്യങ്ങളെ നര്‍മ്മത്തിന്റെ സ്പര്‍ശം നല്‍കി അവതരിപ്പിക്കാന്‍ ശ്രമിക്കും. അന്നത്തെ നമ്മുടെ കമന്റേറ്റര്‍മാര്‍ പലരും ഗൗരവക്കാരായിരുന്നു. അതില്‍ നിന്നൊരു മാറ്റം....''
1969 നവംബറില്‍ മുംബൈ ബ്രേബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ - ഓസ്‌ട്രേലിയ മത്സരം ആയിരുന്നു സുരേഷ് സരയ്യയുടെ 'അരങ്ങേറ്റ ടെസ്റ്റ്'. അന്ന് ഒപ്പം ബോക്‌സ് പങ്കിട്ടത് ദേവരാജ് പുരിയും (നരോത്തം പുരിയുടെ പിതാവ്) ശരദിന്ദു സന്യാലും പ്രേം നാരായണും. കമന്ററിയോട് വിടപറഞ്ഞത് 2011-ല്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ - വിന്‍ഡീസ് മൂന്നാം ടെസ്റ്റോടെ. നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രക്ഷേപണ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ മത്സരം ക്ലൈവ് ലോയ്ഡിന്റെ വെസ്റ്റിന്‍ഡീസും ബിഷന്‍ സിംഗ് ബേദിയുടെ ഇന്ത്യയും തമ്മിലുള്ള 1976 ലെ പോര്‍ട്ട് ഓഫ് സ്പെയിന്‍ ടെസ്റ്റ് ആയിരുന്നു. ''നാലാം ഇന്നിങ്‌സില്‍ 400 ലേറെ റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യ നേടിയ ചരിത്ര വിജയം വിവരിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല എനിക്ക്. ആദ്യമായിട്ടാണ് മൈക്കിന് മുന്നില്‍ ശബ്ദമിടറിയത്''. സെന്‍ട്രല്‍ ബാങ്കില്‍ പി.ആര്‍.ഒ ആയി വിരമിച്ച സരയ്യ 2012 ജൂലൈയില്‍ അന്തരിച്ചപ്പോള്‍ പിന്‍തലമുറയിലെ വിഖ്യാത കമന്റേറ്റര്‍ ഹര്‍ഷ് ബോഗ്‌ലെ പറഞ്ഞു; ''കൊച്ചു കുട്ടിയുടെ മനസ്സായിരുന്നു അദ്ദേഹത്തിന്. സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്ന പ്രകൃതം. ആകാശവാണിയെ ജീവന് തുല്യം സ്‌നേഹിച്ചു അദ്ദേഹം''. അവസാന നാളുകളില്‍ അപൂര്‍വമായി മിനി സ്‌ക്രീനിലും സരയ്യയുടെ ശബ്ദം മുഴങ്ങിയെങ്കിലും, റേഡിയോ കമന്ററിയുടെ സ്‌ഫോടനാത്മകമായ ആവേശലഹരിയോട് താരതമ്യം പോലും അര്‍ഹിക്കുന്നില്ല ടിവി കമന്ററി എന്ന് മരണം വരെ വിശ്വസിച്ചു അദ്ദേഹം.

പൊടിപ്പും തൊങ്ങലും ലവലേശം കലരാത്ത ജെ.പി നാരായണിന്റെ ''സ്‌ട്രെയ്റ്റ് ഡ്രൈവു''കള്‍ എങ്ങനെ മറക്കും? 2005-ല്‍ കരളിലെ അര്‍ബുദത്തിന് കീഴടങ്ങുന്നതിന് മാസങ്ങള്‍ മുന്‍പ് വരെ കമന്റേറ്റര്‍ ബോക്‌സില്‍ ഉണ്ടായിരുന്നു ജെ പി. അവസാനം കവര്‍ ചെയ്തത് ജംഷഡ്പൂരിലെ ഇന്ത്യ-പാകിസ്താന്‍ ടെസ്റ്റ്. ബെറി സര്‍ബാധികാരിയോടും പിയേഴ്സണ്‍ സുരിതയോടുമുള്ള ആരാധന മൂത്ത് കമന്റേറ്ററുടെ വേഷമണിയുകയായിരുന്നു മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന ജെ പി. രണ്ടു ലോകകപ്പുകളും ഐ.സി.സി ചാമ്പ്യന്‍ഷിപ്പും അടക്കം നൂറോളം അന്താരാഷ്ട മത്സരങ്ങള്‍ ആകാശവാണി ശ്രോതാക്കള്‍ക്കെത്തിച്ചു അദ്ദേഹം. ആനന്ദ് സെതല്‍വാദിനെയോ സരയ്യയെയോ പോലെ സ്ഥിതിവിവരക്കണക്കുകളുടെ ഉസ്താദ് ആയിരുന്നില്ലെങ്കിലും അമിത വൈകാരികത കലരാത്ത ജെ.പിയുടെ വിവരണശൈലി ആളുകള്‍ ഇഷ്ടപ്പെട്ടു.
ഹിന്ദി കമന്റേറ്റര്‍മാരില്‍ സുശീല്‍ ദോഷിയുടേതായിരുന്നു ഏറ്റവും വര്‍ണശബളമായ ഇന്നിങ്‌സ്. കഥകളും ഉപകഥകളും നര്‍മത്തിന്റെ നുറുങ്ങുകളുമായി കത്തിക്കയറും ദോഷി. 1968-ല്‍ ഒരു രഞ്ജി ട്രോഫി മത്സരം റേഡിയോയിലൂടെ ശ്രോതാക്കള്‍ക്കെത്തിച്ചുകൊണ്ടാണ് ദോഷിയുടെ തുടക്കം. ഹിന്ദി ക്രിക്കറ്റ് കമന്ററി പ്രചാരത്തില്‍ വന്നിട്ടില്ലാത്ത കാലം. ''പതിനെട്ട് വയസ്സേ ഉള്ളൂ അന്നെനിക്ക്. ക്രിക്കറ്റിന് പറഞ്ഞിട്ടുള്ള ഭാഷയല്ല ഹിന്ദി എന്നായിരുന്നു പൊതുവായ ധാരണ. എല്ലാവരും അതൊരു തമാശയായാണ് കണ്ടത്. പക്ഷേ വിമര്‍ശനങ്ങള്‍ എന്നെ കൂടുതല്‍ കരുത്തനാക്കിയതേ ഉള്ളൂ. ഹിന്ദി കമന്ററി ഇംഗ്ലീഷിനെ പോലെ തന്നെ ജനകീയമായി മാറ്റിയതില്‍ എനിക്കുമുണ്ടൊരു പങ്കെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും''-ദോഷിയുടെ വാക്കുകള്‍. ഒരുപക്ഷേ ഇന്ത്യയില്‍ സ്വന്തം പേരില്‍ ഒരു കമന്ററി ബോക്‌സ് തന്നെയുള്ള ഒരേയൊരു കമന്റേറ്റര്‍ ദോഷിയായിരിക്കണം. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലെ കമന്ററി ഏരിയയുടെ പേര് സുശീല്‍ ദോഷി ബോക്‌സ്.
മികച്ച ക്രിക്കറ്റ് കമന്റേറ്റര്‍ കൂടി ആയിരുന്നെങ്കിലും ജസ്‌ദേവ് സിങിനെ എന്നും ഓര്‍ക്കുക 1975-ലെ കോലാലംപുര്‍ ലോകകപ്പ് ഹോക്കി ഫൈനലിന്റെ പേരിലാകും. ''ലംബി സീതി ബജ് ഗയീ ഔര്‍ ഇസ്‌കേ സാഥ് ഹി ഭാരത് നേ വിശ്വ കപ്പ് ഹോക്കി കാ ഖിതാബ് ജീത് ലിയാ'' - അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ജസ്‌ദേവ് വികാരവിവശമായി മൈക്കിലേക്ക് ഉറക്കെ വിളിച്ചുപറഞ്ഞ ആ വാക്കുകള്‍ എങ്ങനെ മറക്കാന്‍? അജിത്പാല്‍ സിങിന്റെ ഇന്ത്യ പാകിസ്താനെ 2-1 ന് കീഴടക്കിയ ആ ഫൈനല്‍ ഇന്ന് ചരിത്രത്തിന്റെ ഭാഗം. ''വീര്‍പ്പടക്കി കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. ശ്വാസം വീണ്ടെടുത്തത് താങ്കളുടെ വാക്കുകള്‍ കേട്ടപ്പോഴാണ്'' - ആവേശകരമായ ആ കലാശമത്സരത്തിന്റെ ദൃക്സാക്ഷി വിവരണം റേഡിയോയില്‍ കേട്ട് തരിച്ചിരുന്ന കോടിക്കണക്കിന് ഇന്ത്യക്കാരില്‍ ഒരാളായിരുന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പിന്നീട് ജസ്‌ദേവിനോട് പറഞ്ഞു. 2018-ലായിരുന്നു ജസ്‌ദേവിന്റെ വേര്‍പാട്. കമന്ററിയിലെ മറ്റൊരു യുഗാന്ത്യം.
1927-ലാണ് ആദ്യ ക്രിക്കറ്റ് കമന്ററി പ്രക്ഷേപണം ചെയ്യപ്പെട്ടതെന്ന് ചരിത്രം പറയുന്നു. എസക്സും ന്യൂസിലന്‍ഡും തമ്മില്‍ ലെയ്റ്റനില്‍ നടന്ന ആ മത്സരം ബി.ബി.സി ക്ക് വേണ്ടി ശ്രോതാക്കളില്‍ എത്തിച്ചത് പ്ലം വാര്‍ണര്‍. ബോബി തല്യാര്‍ഖാനില്‍ നിന്ന് തുടങ്ങുന്നു കമന്ററിയുടെ ഇന്ത്യന്‍ ചരിത്രം 1940-കളില്‍. ക്രിക്കറ്റില്‍ മാത്രമല്ല ഫുട്ബാളിലും വിദഗ്ദനായിരുന്നു ബോബി. ഒപ്പം നല്ലൊരു കോളമിസ്റ്റും. ബെറി സര്‍ബാധികാരി, സുരിത, ദേവരാജ് പുരി, ചക്രപാണി, രവി ചതുര്‍വേദി, ഡിക്കി രത്‌നാകര്‍ തുടങ്ങിയവര്‍ പിന്നാലെ വന്നു. ഇന്നിപ്പോള്‍ റേഡിയോ കമന്ററിക്ക് ആവശ്യക്കാര്‍ കുറവ്. ടെലിവിഷന് മുന്നിലാണ് ആരവങ്ങളുമായി ആള്‍ക്കൂട്ടങ്ങള്‍.
എങ്കിലും സുരേഷ് സരയ്യയും സെതല്‍വാദും സുശീല്‍ ദോഷിയുമൊക്കെ വാക്കുകളിലൂടെ വരച്ചിട്ട മിഴിവാര്‍ന്ന ചിത്രങ്ങള്‍ ഓര്‍മ്മയുടെ തിരശീലയില്‍ ഇന്നുമുണ്ട്. റേഡിയോയിലൂടെ കേള്‍വിയുടെ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ച ആ മാസ്മരിക ശബ്ദങ്ങള്‍ക്ക് പ്രണാമം.
Content Highlights: radio cricket commentary memories ravi menon