'ധോനി, ധോനി' എന്ന് ആര്‍ത്തച്ചലച്ച സ്റ്റേഡിയം ഒരു നിമിഷം നിശബ്ദമായി. രോഹിത് ശര്‍മ്മയും ചാഹലും തലയില്‍ കൈവച്ചു. കോലി എന്നത്തേയും പോലെ എന്തൊക്കെയോ ആക്രോശിച്ചു. കാണികളില്‍ ചിലര്‍ വിശ്വസിക്കാനാവാതെ കണ്ണുകളടച്ചു. 49-ാം ഓവറിലെ മൂന്നാം പന്ത്. ഇന്ത്യയുടെ കഥകഴിച്ച ജാതകം അവിടെ കുറിക്കപ്പെട്ടു. 133 കോടിയുടെ സ്വപ്നമാണ്, പ്രതീക്ഷയാണ് റണ്ണൗട്ടായത്. ഗുപ്ടില്‍ നിങ്ങൾ അടിച്ച സെഞ്ചുറികളും ഇതുവരെയെടുത്ത ക്യാച്ചുകളും ഫീല്‍ഡിങ്ങും ഞങ്ങള്‍ക്ക് പ്രശ്നമല്ല. പക്ഷേ ഇത് ഈ റണ്ണൗട്ട് ഞങ്ങള്‍ക്ക് മറക്കാനാവില്ല. ഞങ്ങളുടെ നെഞ്ചാണ് ആ ബെയ്ല്‍ തെറിച്ചപ്പോള്‍ തകര്‍ന്നത്. ആ മൂന്നിഞ്ച് ദൂരത്തെ ക്രിക്കറ്റ് ചരിത്രം ഓര്‍മ്മിക്കുക സെമിക്കും ഫൈനിലും ഇടയിലുള്ള ദൂരമായിട്ടായിരിക്കാം.

ധോനിയുടെ ബാറ്റിനും ക്രീസിനുമിടയിലുള്ള ദൂരത്തിലാണ് ഇന്ത്യ ലോകകിരീടം കൈവിട്ടത്. റണ്ണൗട്ടുകളും ഞങ്ങള്‍ക്ക് മുന്നില്‍ രംഗബോധമില്ലാത്ത കോമാളിയായി മാറുന്നു. മഹാരാഥന്മാരുടെ കരിയറില്‍ വില്ലനായി അവതരിക്കുന്ന ഈ റണ്ണൗട്ടിനെ നിര്‍ഭാഗ്യമായി കണ്ട് എങ്ങനെ ഞങ്ങള്‍ ആശ്വസിക്കും. ആ ഒരു റണ്ണൗട്ടാണ് ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ നിമിഷം. എന്നാല്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് അത് നിര്‍ഭാഗ്യത്തിന്റെ മുഹൂര്‍ത്തം.

ധോനിയുടെ ബാറ്റില്‍ നിന്ന് ഷോർട്ട് ഫൈൻ ലെഗ്ഗിലേയ്ക്ക് ചാഞ്ഞിറങ്ങിയ പന്തില്‍ രണ്ടാം റണ്‍ എടുത്തേ മതിയാകുമായിരുന്നുള്ളൂ ഇന്ത്യയ്ക്കും ധോനിക്കും. വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തില്‍ എന്നും മികവ് പുലര്‍ത്തുന്ന ധോനിയുടെ ബാറ്റ്  മൂന്നിഞ്ച് അകലെ എത്തിയപ്പോള്‍ ബെയ്ല്‍ തെറിച്ചു. ധോനിയുടെ പ്രായത്തെ നിങ്ങള്‍ക്ക് ശപിക്കാം. പക്ഷേ ഏറക്കുറേ സീറോ ആംഗിളില്‍ നിന്നുള്ള ഗുപ്ടിലിന്റെ ആ ത്രോ എങ്ങനെ വിലകുറച്ചുകാണാനാകും. വിക്കറ്റ് കീപ്പര്‍ പോലും ഗ്ലൗ ഉപേക്ഷിച്ച് ആ പന്തെടുക്കാന്‍ ഓടി.

ഫൈന്‍ ലെഗ്ഗിൽ നിന്ന് ഓടിയെത്തിയ ഗുപ്ടില്‍ അത് എടുത്ത് എറിയുമ്പോള്‍ സ്റ്റംപ് ചെയ്യാന്‍ കീപ്പറില്ല. ഓടിയെത്തുന്ന ഫീല്‍ഡറെക്കാള്‍ ഗുപ്ടില്‍ കുറിച്ച സ്വന്തം ഉന്നത്തിലാണ് കിവികളുടെ മുഴുവന്‍ സ്വപ്നങ്ങളും കാത്തുവച്ചത്. പിഴയ്ക്കാത്ത ഉന്നം സ്റ്റമ്പിലേക്ക് വരുമ്പോള്‍ പിടിച്ചു സ്റ്റമ്പ് ചെയ്യാന്‍ കാത്തുനിന്ന ഫീല്‍ഡറും അതിന് ശ്രമിക്കാതെ ആ ഉന്നത്തെ വിശ്വസിച്ചു. ഒരുപക്ഷേ ആ ഫീല്‍ഡര്‍ ആ പന്ത് പിടിച്ച് സ്റ്റമ്പിങ്ങിന് ശ്രമിച്ചിരുന്നെങ്കിലും ധോനിയുടെ ബാറ്റ് ആ വര കടന്നേനെ.

ലോകകപ്പില്‍ റണ്ണൗട്ട് വില്ലനായി ഇതിന് മുമ്പ് കണ്ടത് 99-ലാണ്. ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ ഒന്നടങ്കം കരഞ്ഞുപോയ നിര്‍ഭാഗ്യം. അല്ലെങ്കില്‍ 'അബദ്ധം'. അതും ഇതുപോലെ സെമിയില്‍. അവസാന ഓവറില്‍ ഒരു വിക്കറ്റും ഒമ്പത് റണ്‍സുമായിരുന്നു ഓസീസിനെതിരായ വിജയലക്ഷ്യം. ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ലാന്‍സ് ക്ലൂസ്നറാണ് ക്രീസില്‍ സ്ട്രൈക്കര്‍ എന്‍ഡില്‍. ഫ്ളെമിങ് എറിഞ്ഞ ആദ്യ രണ്ട് പന്തും ക്ലൂസ്നര്‍ അനായാസം ബൗണ്ടറി കടത്തി. ഫൈനലിനും സെമിക്കുമിടയില്‍ അപ്പോഴുള്ള ദൂരം.

ഫീല്‍ഡര്‍മാരെയെല്ലാം അകത്തെ സര്‍ക്കിളിനുള്ളില്‍ വിന്യസിച്ച് സ്റ്റീവ് വോ സിംഗിള്‍ തടയാന്‍ കോട്ടകെട്ടി. മൂന്നാം പന്തില്‍ ക്ലൂസ്നറിന് ഗ്യാപ്പ് കണ്ടെത്താനായില്ല. നാലാം പന്തില്‍ ക്ലീസ്നര്‍ സിംഗിളിനായി ഓടി. ഒന്നുമിറിയാതെ ഫീല്‍ഡറുടെ നേരെ പന്തുപോകുന്നത് നോക്കി നോണ്‍സ്ട്രൈക്കര്‍ എന്‍ഡില്‍ ഡോണാള്‍ഡ് നിന്നു. ക്ലൂസ്നര്‍ നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡിലെത്തി. കാര്യം തിരിച്ചറിഞ്ഞ് ഡോണാള്‍ഡ് നീങ്ങുമ്പോഴേക്കും ഓസീസ് റണ്ണൗട്ട് ഉറപ്പാക്കി. 

ആവേശവും ഉദ്വേഗവും നിറഞ്ഞ ത്രില്ലറായിരുന്നു ഈ ലോകകപ്പ് സെമി. ക്ലൈമാക്സില്‍ ഇന്ത്യ കരഞ്ഞപ്പോള്‍ കിവികള്‍ ചിരിച്ചു. ലോക ഒന്നാം നമ്പറുകാരനും രണ്ടാം നമ്പറുകാരനും സെലക്ടര്‍മാരുടെ മാനം കാത്ത് ഫോമിലേക്ക് ഉയര്‍ന്ന ലോകേഷ് രാഹുലും ഒരേ സ്‌കോറില്‍ ഒന്നുവീതമെടുത്ത് പവലിയനിലേക്ക് മടങ്ങി. ക്രീസില്‍ നിലയുറപ്പിക്കാന്‍ പാടുപെട്ട ദിനേഷ് കാര്‍ത്തിക്ക് നേഷത്തിന്റെ മാസ്മരിക ക്യാച്ചില്‍ അവസാനിച്ചു. പക്വതക്കുറവിന്റെ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ച് പന്തും പാണ്ഡ്യയും തുടക്കം കിട്ടിയിട്ടും മികച്ച സ്‌കോറിലേക്ക് എത്തിപ്പെടാനായില്ല. എന്നത്തേയും പോലെ ഭാരിച്ച ഉത്തരവാദിത്തം ധോനി ചുമലിലേറ്റി. ജഡേജയ്ക്ക് സിംഗിള്‍ നല്‍കി കളിപ്പിക്കുക എന്ന തന്ത്രമാണ് ധോനി പുറത്തെടുത്തത്. പക്ഷേ സമ്മര്‍ദം ഏറിവന്നു. പോരാട്ടവീര്യത്തിന്റെ അധ്യായം രചിച്ചു. നിര്‍ണായക ഘട്ടത്തില്‍ ബോള്‍ട്ട് ജഡേജയെ മടക്കി. ധോനിക്കും കരകയറ്റാനാകാതെ റണ്ണൗട്ടില്‍ വീണു.

പതിവില്ലാതെ ധോനി അസ്വസ്ഥനായി. ആ നിമിഷത്തെ ആ ദൂരത്തെ പഴിച്ചിട്ടുണ്ടാവണം. ധോനിയുടെ മുഖഭാവം വായിച്ചാല്‍ അറിയാം. അതില്‍ എല്ലാം ഉണ്ടായിരുന്നു. കാരണം മുന്‍പത്തെ പന്ത് സിക്സര്‍ പറത്തി പ്രതീക്ഷ വാനോളം ഉയര്‍ത്തി ആവേശം നിറയ്ക്കവേയാണ് ആ പുറത്താകല്‍. അതുവരെ ഒരു റിസ്‌ക് ഷോട്ട് പോലും എടുക്കാതെ എല്ലാം ജഡേജയെ ഏല്‍പിച്ച് വിക്കറ്റ് കാത്തുനിന്ന ധോനി ജഡേജ പുറത്തായ ശേഷമാണ് ദൗത്യം ഏറ്റെടുത്തത്. ഈ ലോകകപ്പ് കിവികള്‍ നേടിയാല്‍ ഗുപ്ടലിന്റെ  സംഭാവന ഒരു പക്ഷേ അദ്ദേഹം നേടിയ റണ്ണിനെക്കാള്‍ ഈ റണ്ണൗട്ടായി വിലയിരുത്തപ്പെടാം. ഏറ്റവും മികച്ച ഫിനിഷറുടെ ഏറ്റവും മികച്ച ഫിനിഷ് കാത്തിരുന്നവരുടെ നെഞ്ചുപിളര്‍ത്തുന്നതായിരുന്നു ഗുപ്ടിലിന്റെ ഉന്നം പിഴക്കാത്ത ആ ത്രോ. അതൊരു നിയോഗമായിരിക്കാം. 

ഒരു സെഞ്ചുറിയെക്കാള്‍ മൂല്യം ചിലപ്പോള്‍ റണ്ണൗട്ടിന് ഉണ്ടാകും. രോഹിത് ശര്‍മ്മ ഈ ലോകകപ്പില്‍ അഞ്ച് സെഞ്ചുറിയടിച്ചു. റെക്കോഡ് പുസ്തകത്തില്‍ പേരും കുറിച്ചു. പക്ഷേ രോഹിത്തിന്റെ ആ അഞ്ച് സെഞ്ചുറികളെക്കാള്‍ ക്രിക്കറ്റ് ലോകം ഒരു പക്ഷേ ഓര്‍ക്കുക സെമിയിലെ ധോനിയുടെ റണ്ണൗട്ടായിരിക്കും. 100 റണ്‍സ് അടിച്ചുകൂട്ടിയ ഇന്നിങ്സിനെക്കാള്‍ മൂല്യമുണ്ടായിരുന്നു ആ റണ്ണൗട്ടിന്. കിവീസ് നിരയില്‍ ഓപ്പണറായി ഇറങ്ങി ഗുപ്ടില്‍ നേടിയത് ഒരേ ഒരു റണ്ണാണ്. പക്ഷേ ആ റണ്ണൗട്ടിലൂടെ അയാള്‍ താരമായി. അവസാന പന്തുവരെ ക്രീസിലുണ്ടായിരുന്നെങ്കില്‍ ധോനി ജയിപ്പിക്കില്ലായിരുന്നോ. അങ്ങനെ വിശ്വസിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. 

ഈ വര്‍ഷം ഐപിഎല്‍ കിരീടം ചെന്നൈ സീപ്പര്‍ കിങ്സിന് നഷ്ടപ്പെടുത്തിയതിലും റണ്ണൗട്ട് ധോനിക്ക് വില്ലനായി. മലിംഗയുടെ ത്രില്ലിങ് അവസാന ഓവറിലെ മികവില്‍ മുംബൈ ഇന്ത്യന്‍സ് ഒരു റണ്ണിന് കപ്പുയര്‍ത്തിയപ്പോഴും ധോനിയുടെ റണ്ണൗട്ട് നിര്‍ണായകമായി. ധോനി എന്ന ഫിനിഷറുടെ അഭാവമാണ് ചെന്നൈക്ക് അനായാസം നേടാനാകുമായിരുന്ന കിരീടം നഷ്ടപ്പെടുത്തിയത്. ഇഷാന്‍ കിഷന്റെ ത്രോ ബെയില്‍ ഇളക്കുമ്പോള്‍ ധോനിയുടെ ബാറ്റ് ഓണ്‍ ദ ലൈനായിരുന്നു. പക്ഷേ അമ്പയര്‍ ഔട്ട് വിളിച്ചു. റണ്ണൗട്ടില്‍ തുടങ്ങി റണ്ണൗട്ടില്‍ അവസാനിക്കുന്ന ഇന്നിങ്സ്. ധോനിയുടെ കരിയര്‍ തുടങ്ങിയത് റണ്ണൗട്ടിലാണ്. അതും പൂജ്യനായി പുറത്തായിക്കൊണ്ട്. ധോനിയും ഇന്ത്യന്‍ ക്രിക്കറ്റും ഏറെ മുന്നോട്ടുപോയി. ഇന്ത്യക്ക് രണ്ട് ലോകകപ്പ് നേടിത്തന്ന സക്സസ്ഫുള്‍ ക്യാപ്റ്റനായി. ഈ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് വിമാനം കയറുമ്പോള്‍ മൂന്നാം ലോകകിരീടവുമായി ഇന്ത്യന്‍ മണ്ണിലെത്താമെന്ന് അയാള്‍ മോഹിച്ചുണ്ടാവണം, 2011-ല്‍ സച്ചിന്‍ തെണ്ടുല്‍ക്കറെന്ന ഇതിഹാസത്തിന് എം.എസ് ധോനിയെന്ന ക്യാപ്റ്റന്‍ കൂള്‍ നല്‍കിയ പോലൊരു യാത്രയയപ്പ്...

Content Highlights: MS Dhoni run out World Cup 2019 India vs New Zealand Martin Guptill