സ്‌ട്രേലിയക്കെതിരെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ആ ഫ്ലൈയിങ് ക്യാച്ച്, ഇന്ത്യക്കെതിരായ സെമിഫൈനലില്‍ എം.എസ് ധോനിയെ റണ്‍ ഔട്ടാക്കിയ ആ ഡയറക്ട് ത്രോ... ഇതു രണ്ടുമില്ലെങ്കില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്ന ന്യൂസീലന്‍ഡ് ഓപ്പണര്‍ ഈ ലോകകപ്പിലെ ചിത്രങ്ങളിലൊന്നുമുണ്ടാകില്ല. കഴിഞ്ഞ ലോകകപ്പില്‍ 547 റണ്‍സുമായി (68.37 ബാറ്റിങ് ശരാശരി) ടോപ്പ് സ്‌കോററായ ഗുപ്റ്റിലിന് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം എന്താണ് സംഭവിച്ചത്?

ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ ഫൈനലിലെങ്കിലും ഗുപ്റ്റില്‍ ഫോമിലെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ 19 റണ്‍സെടുത്ത് ക്രിസ് വോക്‌സിന് മുന്നില്‍ എൽബിയിൽ കുരുങ്ങി പുറത്തേക്ക്. പതിവുപോലെ ഡ്രസ്സിങ് റൂമിലിരുന്ന് ന്യൂസീലന്‍ഡിന്റെ ബാറ്റിങ് വീക്ഷിക്കുന്നു. ഗുപ്റ്റിലിന്റെ ഈ ലോകകപ്പിലെ ഹൈലൈറ്റ് കാണിക്കുകയാണെങ്കില്‍ ഡ്രസ്സിങ് റൂമില്‍ ഇരിക്കുന്നത് കാണിക്കേണ്ടി വരുമെന്ന് ഒരു ആരാധകന്‍ തമാശയായി പറഞ്ഞിരുന്നു. ആ ക്യാച്ചും റണ്ണൗട്ടും മാത്രമാണ് അതിന് അപവാദം.

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ പുറത്താകാതെ 73 റണ്‍സ് നേടി ഗുപ്റ്റില്‍ മികച്ച തുടക്കമിട്ടിരുന്നു. എന്നാല്‍ പിന്നീട് അങ്ങോട്ട് ഒന്നുമില്ലാതെയായി. അടുത്ത ഭേദപ്പെട്ടത് എന്നെങ്കിലും പറയാവുന്ന സ്‌കോര്‍ വന്നത് മൂന്നു മത്സരങ്ങള്‍ക്ക് ശേഷമാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായ 35 റണ്‍സ്. ലുങ്കി എന്‍ഗിഡിയുടെ നാല് പന്തില്‍ മൂന്നു ബൗണ്ടറി നേടി. എന്നാല്‍ ഫെഹുല്‍കാവോയുടെ പന്തില്‍ ഹിറ്റ് വിക്കറ്റില്‍ പുറത്ത്. 

അഫ്ഗാനിസ്താനെതിരേ അതിലും കഷ്ടമായിരുന്നു കാര്യം. അഫ്താബ് ആലത്തിന്റെ ഇന്‍ സ്വിങ്ങറില്‍ പുറത്ത്. ജോണ്‍ റൈറ്റിന് ശേഷം ആദ്യ പന്തില്‍ തന്നെ പുറത്താകുന്ന ന്യൂസീലന്‍ഡ് ഓപ്പണര്‍ എന്ന നാണക്കേടും ഗുപ്റ്റിലിനൊപ്പമായി. വെസ്റ്റിന്‍ഡീസിനെതിരേയും അക്കൗണ്ട് തുറക്കും മുമ്പ് പുറത്ത്. കഴിഞ്ഞ ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരേ പുറത്താകാതെ ന്യൂസീലന്‍ഡ് ഓപ്പണര്‍ അടിച്ചെടുത്ത് 237 റണ്‍സാണെന്ന് ഓര്‍ക്കണം. ലോകകപ്പിന്റെ ചരിത്രത്തിലേ തന്നെ ഏറ്റവുമയര്‍ന്ന് സ്‌കോര്‍ ആയിരുന്നു അത്. ഇന്ത്യക്കെതിരേ നേടിയത് ഒരൊറ്റ റണ്‍. ഈ ലോകകപ്പില്‍ കളിച്ച പത്ത് മത്സരങ്ങളില്‍ ആകെ നേടിയത് 186 റണ്‍സ്, ബാറ്റിങ് ശരാശരി 20.66. അതില്‍ ശ്രീലങ്കയ്‌ക്കെതിരായ ആ 73 റണ്‍സ് കുറച്ചാല്‍ ഒമ്പത് മത്സരങ്ങളിലെ ശരാശരി 12.55!.

പക്ഷേ എന്നിട്ടും ഗുപ്റ്റിലിനെ മാറ്റി പരീക്ഷിക്കാന്‍ ന്യൂസീലന്‍ഡോ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണോ തയ്യാറായില്ല. അതിനുള്ള കൃത്യമായ ഉത്തരം വില്ല്യംസണിന്റെ കൈയിലുണ്ട്. സെമിയില്‍ 49-ാം ഓവറില്‍ ക്രീസിന് രണ്ട് ഇഞ്ച് അപ്പുറമുള്ള ധോനിയെ റണ്‍ ഔട്ടാക്കിയ ത്രോയെ പ്രശംസിച്ച് വില്ല്യംസണ്‍ പറഞ്ഞത് ഇങ്ങനെയാണ്.' ആ സമയത്ത് അങ്ങനെ ഒരു റണ്‍ഔട്ട് ഗുപ്റ്റിലിന് മാത്രം സാധ്യമായ കാര്യമാണ്. ക്രിക്കറ്റില്‍ ഓരോരുത്തരുടേയും സംഭാവനകള്‍ പല രീതിയിലാണുണ്ടാകുക. ഫീല്‍ഡിങ് ചാര്‍ട്ട് നോക്കുകയാണെങ്കില്‍ ഗുപ്റ്റില്‍ എന്ന പേര് അതില്‍ മുകളില്‍ തന്നെയുണ്ടാകും. ഒരു മത്സരത്തിന്റെ ഗതി തന്നെ നിര്‍ണയിക്കുന്ന കാര്യം ചെയ്യുക എന്നതിലും പ്രത്യേകത വേറൊന്നിനും ഇല്ലല്ലോ.'

Content Highlights: Martin Guptill 2019 ICC Cricket World Cup England vs New Zealand