രണ്ടു പതിറ്റാണ്ടു മുന്‍പാണ് സംഭവം. പട്യാലയില്‍ സായ് സെന്ററിലേക്കുള്ള യാത്രാമധ്യേ ഇന്ത്യ-പാകിസ്താന്‍ സൗഹൃദ ക്രിക്കറ്റ് മത്സരം നടക്കുന്നു എന്നറിഞ്ഞ് കാണാന്‍ ചെന്നതാണ്. പാകിസ്താന്റെ വസിം രാജയും ഇന്ത്യയുടെ നവ്ജ്യോത് സിങ് സിദ്ദുവുമൊക്കെ കളിക്കുന്നു. പ്രവേശനം സൗജന്യം. പവലിയനില്‍ മുഖ്യാതിഥിയായി ഒളിമ്പ്യന്‍ രാജാ രണ്‍ധീര്‍ സിങ്. അദ്ദേഹം അന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍.
രണ്‍ധീറിനെ പരിചയമുണ്ടായിരുന്നതിനാല്‍ ഇടവേളയില്‍ ഇന്ത്യാ-പാക്ക് കളിക്കാര്‍ തികഞ്ഞ സൗഹൃദത്തില്‍ ഇടപെടുന്നത് അടുത്തു കാണാന്‍ കഴിഞ്ഞു.'ഇന്ത്യ- പാക്ക് താരങ്ങളുടെ സൗഹൃദത്തില്‍ സിക്ക് കളിക്കാരുടെ സംഭാവന പാകിസ്താന്റെ മുന്‍ നായകര്‍ കഴിഞ്ഞ ദിവസം അനുസ്മരിച്ചപ്പോള്‍ ഓര്‍മയില്‍ എത്തിയതാണ് ഈ രംഗം. 1980-കളില്‍ ആദ്യം വസിം രാജ, സിഖ് തലപ്പാവ് ധരിച്ചു നില്‍ക്കുന്നൊരു ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഷന്‍ സിങ് ബേദിയാണ് തന്റെ തലപ്പാവ് വസിം രാജയെ അണിയിച്ചത്. എതിര്‍ ടീം കളിക്കാര്‍ക്കിടയിലും തികഞ്ഞ രസികന്റെ റോള്‍ അയിരുന്നു ബേദിക്ക്.
ലോകകപ്പ് ക്രിക്കറ്റില്‍ ഏഴാം തവണയും ഇന്ത്യ പാകിസ്താനെതിരെ വിജയം നേടിയതില്‍ മാത്രമല്ല കാത്തിരുന്നൊരു മത്സരം നടന്നുകണ്ടതിലും സന്തോഷിച്ചവരാണ് അധികവും. ആഹ്‌ളാദം അതിരുവിടാതെ ശ്രദ്ധിച്ചു എന്നതും ശ്രദ്ധേയമാണ്. കോലിക്കും ധോനിക്കുമൊക്കെ പാകിസ്താനിലും ആരാധകര്‍ ഏറെയെന്നു മത്സരത്തിനു മുമ്പേ തെളിഞ്ഞിരുന്നു. ആ ആരാധകരെ ആരും തടഞ്ഞുമില്ല. ഇന്ത്യ - പാക് താരങ്ങള്‍ തികഞ്ഞ സൗഹൃദത്തില്‍ കഴിഞ്ഞ നാളുകള്‍ പാക്കിസ്താൻ മുന്‍ നായകരായ മുഷ്താഖ് മുഹമ്മദും അസിഫ് ഇക്ബാലും ഓര്‍ത്തെടുത്തതും വെറുതേയല്ല.
ഇതിഹാസതാരങ്ങളെ ആരാധിക്കുന്ന പ്രവണത ഇന്ത്യയിലെയും പാകിസ്താനിലെയും സ്‌പോര്‍ട്‌സ്പ്രേമികള്‍ക്ക് പണ്ടേയുണ്ട്. ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദ് എഴുതിയത് ഓര്‍ക്കുന്നു. ഇന്ത്യാ-പാക്ക് വിഭജനത്തിന്റെ മുറിവുണങ്ങും മുന്‍പാണ് ഇന്ത്യന്‍ ഹോക്കി ടീം പാകിസ്താന്‍ വഴി അഫ്ഗാനിസ്ഥാനിലേക്ക് യാത്രതിരിച്ചത്. ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായിരുന്നു ഇത്.
ലഹോര്‍ റയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വേണം പോകുവാന്‍. ലഹോര്‍ സ്റ്റേഷനില്‍ ധ്യാന്‍ ചന്ദ് എത്തിയെന്ന വാര്‍ത്ത പെട്ടെന്നു പ്രചരിച്ചു. ദാദയെ കാണാന്‍ പാകിസ്താന്‍കാര്‍ ഒഴുകിയെത്തി. തുടര്‍ന്നു മറ്റു സ്റ്റേഷനുകളിലും സ്ഥിതി ഇതായിരുന്നു. നാലുമണിക്കുര്‍ വൈകി ട്രെയ്ന്‍ പെഷാവറില്‍ എത്തിയപ്പോള്‍ അവിടെയും വന്‍ ജനക്കൂട്ടം. ലാഹോറില്‍ എത്തിയവരില്‍ പാകിസ്താന്‍ താരം അലി ഇക്തിദര്‍ ഷാ ദാരയും ഉണ്ടായിരുന്നെന്ന് ധ്യാന്‍ ചന്ദ് എഴുതി. ബെര്‍ലിന്‍ ഒളിംപിക്‌സില്‍ ധ്യാന്‍ ചന്ദ് നയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അലി ഇക്തിദര്‍.
ഇന്ത്യന്‍ സൗഹൃദം അനുസ്മരിച്ച ക്രിക്കറ്റ് നായകന്‍ അസിഫ് ഇക്ബാല്‍ 1961 അവസാനം കറാച്ചിയിലേക്ക് കുടിയേറും മുന്‍പ് പാകിസ്താന്‍ ടീമിനെതിരെ ദക്ഷിണ മേഖലാ ടീമില്‍ കളിച്ചിരുന്നു. അതിലുപരി ഹൈദരാബാദ് രഞ്ജി ടീമില്‍ അംഗമായിരുന്നു. ഷാര്‍ജയില്‍ ക്രിക്കറ്റ് സംഘടിപ്പിച്ചപ്പോഴൊക്കെ ഇന്ത്യയെ ഉള്‍പ്പെടുത്താന്‍ അസിഫ് മറന്നില്ല.
ആമിര്‍ ഇലാഹിയും ഗുല്‍ മുഹമ്മദും അബ്ദുല്‍ അസീസ് ഖാദറും ഇന്ത്യക്കും പാകിസ്താനും ടെസ്റ്റ് കളിച്ചവരാണ്. ഇതില്‍ ഗുല്‍ മുഹമ്മദ് പാകിസ്താനെതിരെ ഇന്ത്യക്കു കളിച്ച താരം കൂടിയാണ്. പക്ഷേ, സൗഹൃദ രേഖകളില്‍ വേറിട്ടു നില്‍ക്കുന്നത് ഇന്ത്യ - പാകിസ്താന്‍ സംയുക്ത ടീം 1947-48 ല്‍ ഓസ്‌ട്രേലിയ യില്‍ അഞ്ചു ടെസ്റ്റ് കളിച്ചതാണ്. സിഡ്‌നിയിലെ രണ്ടാം ടെസ്റ്റ് സമനിലയായി. മറ്റു നാലു ടെസ്റ്റുകളും ഓസ്‌ട്രേലിയ ജയിച്ചു. ഇത്തരമൊരു സംയുക്ത ടീം ഇനി സ്വപ്നങ്ങളില്‍ മാത്രമാകുമോ?
Content Highlights: India vs Pakistan Cricket Memories