2019 ലോകകപ്പില്‍ ഉജ്ജ്വലമായ ഫോമിലാണ് ടീം ഇന്ത്യ. ലീഗ് റൗണ്ടില്‍ തങ്ങളുടെ മൂന്നില്‍ രണ്ട് കളികളും പൂര്‍ത്തിയാകുമ്പോള്‍ അപരാജിതരായി സെമി ഏതാണ്ടുറപ്പിച്ചു കഴിഞ്ഞു കോലിയും സംഘവും. മികച്ച മുന്‍നിര ബാറ്റിങ്, മാരക ഫോമിലുള്ള ബൗളര്‍മാര്‍, ഫീല്‍ഡിലെ ചടുലത എന്നീ ഘടകങ്ങള്‍ക്കൊപ്പം കളിയുടെ ഒരു ഘട്ടത്തിലും ആത്മവിശ്വാസം കൈവിടാത്ത മനോഭാവം കൂടിയാണ് ടീം ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായകമായത്. എന്നാല്‍, ലോകകപ്പിന് ഏറെ മുമ്പേ 'നാഷണല്‍ ടോപിക്' ആയ നാലാം നമ്പര്‍ സ്ഥാനവും മധ്യനിരയും ഇപ്പോഴും ടീമിന്റെ ദൗര്‍ബല്യമായിത്തുടരുന്നു എന്നതാണ് അഫ്ഗാനെതിരെയും വിന്‍ഡീസിനെതിരെയും നടന്ന അവസാന മത്സരങ്ങള്‍ വ്യക്തമാക്കുന്നത്.

കൃത്യമായ ഗെയിം പ്ലാനോടെയാണ് ടീം ഇന്ത്യ ലോകകപ്പിനായി കച്ചകെട്ടിയത്. പതിവിനു വിപപരീതമായി പവര്‍ പ്ലേ ഓവറുകളില്‍ റണ്‍റേറ്റിനെ കുറിച്ച് ആശങ്കപ്പെടാതെ വിക്കറ്റ് സംരക്ഷിച്ച് കളിക്കുക, മധ്യ ഓവറുകളില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തും മോശം ബോളുകള്‍ ആക്രമിച്ചും റണ്‍റേറ്റ് നിലനിര്‍ത്തുക, അവസാന ഓവറുകളില്‍ ആക്രമിച്ച് കളിക്കുക. ആദ്യ രണ്ടു ഘട്ടങ്ങളിലും ഗെയിംപ്ലാന്‍ ഏറെക്കുറെ കൃത്യമായി നടപ്പാക്കാനായെങ്കിലും മധ്യനിര രംഗത്തുവരുന്ന അവസാന ഘട്ടത്തില്‍ ടീം ഒന്നിലേറെ മത്സരങ്ങളില്‍ പ്രതീക്ഷിച്ച സ്‌കോറിലേക്ക് എത്താതെപോയി.

ലോകകപ്പില്‍ ഇന്ത്യ കളിച്ച അഞ്ചില്‍ നാലു മത്സരങ്ങളിലും ടീം ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ മാത്രമാണ് സ്‌കോര്‍ പിന്തുടര്‍ന്നത്. അപരാജിത സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച രോഹിതിന്റെ (122*) മികവില്‍ 15 പന്തുകള്‍ ശേഷിക്കേ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 228 എന്ന വിജയലക്ഷ്യം മറികടന്നു. ഓസീസിനെതിരെയും പാകിസ്താനെതിരെയും നടന്ന അടുത്ത മത്സരങ്ങളില്‍ ടീം അനായാസം 300 കടന്നു. ഓസീസിനെതിരെ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് നഷ്ടപ്പെട്ടത് 37-ാം ഓവറിലും പാകിസ്താനെതിരെ 39-ാം ഓവറിലുമായിരുന്നു. സ്‌കോറുകള്‍-352/5, 336/5.

എന്നാല്‍, മധ്യനിര നേരത്തേ ഇറങ്ങേണ്ടിവന്ന അഫ്ഗാനും വിന്‍ഡീസിനുമെതിരായ മത്സരങ്ങളില്‍ ടീം സ്‌കോര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 20-30 റണ്‍സ് കുറഞ്ഞു. അഫ്ഗാനെതിരെ 15-ാം ഓവറില്‍ രണ്ടാം വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ ആറു വിക്കറ്റിന് നേടാനായത് വെറും 224 റണ്‍സ് മാത്രം. വിന്‍ഡീസിനെതിരേ 21-ാം ഓവറില്‍ നാലാം നമ്പര്‍ ബാറ്റ്‌സ്മാന് ഇറങ്ങേണ്ടിവന്നപ്പോള്‍ അന്തിമ ഏഴു വിക്കറ്റിന് സ്‌കോര്‍ 268 ആയി. മാരകഫോമില്‍ പന്തെറിയുന്ന പേസര്‍മാരും അവശ്യസമയത്ത് വിക്കറ്റ് വീഴ്ത്തുന്ന സ്പിന്‍ ദ്വയവുമില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഇത്ര എളുപ്പമാകുമായിരുന്നില്ല. അവസാന ഓവര്‍ വരെ വിജയപ്രതീക്ഷ നിലനിര്‍ത്തി വെറും 11 റണ്‍സിനാണ് കുഞ്ഞന്‍മാരായ അഫ്ഗാനിസ്ഥാന്‍ കീഴടങ്ങിയത് എന്നതുതന്നെ അതിന് സാക്ഷ്യം പറയും.

നിലവില്‍ നാലും അഞ്ചും സ്ഥാനത്തിറങ്ങുന്ന വിജയ് ശങ്കറിനും കേദാര്‍ ജാദവിനും കാര്യമായ സംഭാവനകള്‍ നല്‍കാനാവാതിരിക്കുകയും പരിചയസമ്പന്നനായ ധോനിയ്ക്ക് പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാനാവാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ നാല് തുടര്‍ അര്‍ധ സെഞ്ചുറികളുമായി ക്യാപ്റ്റന്‍ വിരാട് കോലിയാണ് ടീമിന് ഇതുവരെ തുണയായത്. മധ്യ ഓവറുകളില്‍ വിക്കറ്റ് സംരക്ഷിച്ച് റണ്‍റേറ്റ് വലിയതോതില്‍ താഴാതെ കളിച്ച കോലിയുടെ മികവാണ് മധ്യനിരയുടെ ദൗര്‍ബല്യം ഒട്ടൊക്കെ കുറച്ചത്. കഴിഞ്ഞ നാലു മത്സരങ്ങളിലും പകുയോളം ഓവറുകളിലെങ്കിലും കോലി ക്രീസിലുണ്ടായിരുന്നു. 

ഓസീസിനെതിരെ 27.2 ഓവറുകള്‍, പാകിസ്താനെതിരെ 23.5, അഫ്ഗാനെതിരേ 26.1, വെസ്റ്റിന്‍ഡീസിനെതിരെ 32.2 എന്നിങ്ങനെയാണ് കോലി ക്രീസിലുണ്ടായിരുന്ന ഓവറുകളുടെ എണ്ണം. അതായത് ഈ നാലു മത്സരങ്ങളില്‍ ടീം കളിച്ച 200 ഓവറുകളില്‍ 109.4 ഓവറുകളിലും ലോകത്തെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ക്രീസിലുണ്ടായിരുന്നെന്നര്‍ത്ഥം! നിലവിലെ ടീം കോമ്പിനേഷന്‍ കോലി നേരത്തേ മടങ്ങിയാല്‍  മധ്യനിര അവസരത്തിനൊത്തുയരുമെന്ന് ആഗ്രഹിക്കുകയേ വഴിയുള്ളൂ.

വിജയ് ശങ്കറിന്റെയും കേദാര്‍ ജാദവിന്റെയും തുടര്‍പരാജയങ്ങള്‍ തന്നെയാണ് ഇന്ത്യന്‍ മധ്യനിരയെ ഇത്രകണ്ട് ദുര്‍ബലമാക്കുന്നത്. അഫ്ഗാനെതിരെ നേടിയ അര്‍ധ സെഞ്ചുറി മാത്രമാണ് അഞ്ചു മത്സരങ്ങളില്‍ ജാദവിന് എടുത്തുപറയാനുള്ളത്. രണ്ടു മത്സരങ്ങളില്‍ ബാറ്റിങിന് അവസരം ലഭിച്ചില്ലെങ്കിലും അവസരം ലഭിച്ച മറ്റു രണ്ടു മത്സരങ്ങളിലും രണ്ടക്കം കാണാതെ (9, 7) മടങ്ങി. സ്പിന്‍ ഓപ്ഷന്‍ കൂടി മുന്നില്‍ക്കണ്ടാണ് ജാദവിനെ ഉള്‍പ്പെടുത്തുന്നതെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലെ നാലോവര്‍ ഒഴിച്ചാല്‍ പിന്നീട് കാര്യമായി ബൗള്‍ ചെയ്തിട്ടുമില്ല. ഓസീസിനും വെസ്റ്റിന്‍ഡീസിനുമെതിരേ ഒരു ഓവര്‍ വീതം മാത്രമാണ് പിന്നീട് ജാദവ് എറിഞ്ഞിട്ടുള്ളത്.

'ത്രീ ഡയമെന്‍ഷന്‍' പ്ലെയറായി ടീമില്‍ ഉള്‍പ്പെടുത്തിയ വിജയ് ശങ്കറിന്റെ കാര്യവും വ്യത്യസ്തമല്ല. പാകിസ്താനെതിരേ ആദ്യ പന്തില്‍ തന്നെ വിക്കറ്റുമായി തുടങ്ങിയ ശങ്കറിന് തുടര്‍ന്നുള്ള മത്സരങ്ങളിലൊന്നും സാന്നിധ്യമറിയിക്കാനായില്ല. പാകിസ്താനെതിരേ 5.2 ഓവറില്‍ 22 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും തുടര്‍ന്നുള്ള രണ്ടു മത്സരങ്ങളിലും ബൗള്‍ ചെയ്തിട്ടില്ല. ഈ മത്സരങ്ങളില്‍ അഫ്ഗാനെതിരേ 41 പന്തില്‍ 29ഉം വിന്‍ഡീസിനെതിരെ 19 പന്തില്‍ 14ഉം റണ്‍സുമാണ് ബാറ്റിങിലെ സംഭാവന. പാകിസ്താനെതിരായ മത്സരത്തില്‍ അവസാന ഓവറുകളില്‍ ആഞ്ഞടിക്കാനാകാത്തതിന്റെ പേരില്‍ (15 പന്തില്‍ 15 നോട്ടൗട്ട്) പഴി കേള്‍ക്കുകയും ചെയ്തു.

തുടര്‍ച്ചയായി അവസരങ്ങള്‍ താരങ്ങള്‍ക്ക് ആത്മവിശ്വാസവും പ്രതിഭ തെളിയിക്കാനുള്ള സാഹചര്യവും നല്‍കുമെങ്കിലും അതിനുള്ള വേദി ലോകകപ്പാണോ എന്നതാണ് ഈ താരങ്ങള്‍ക്ക് വീണ്ടും വീണ്ടും സ്ഥാനം ലഭിക്കുന്നത് ചോദ്യം ചെയ്യപ്പെടാന്‍ കാരണം. നാലാം നമ്പര്‍ പോലൊരു നിര്‍ണായകസ്ഥാനത്ത് ഏറ്റവും സമ്മര്‍ദം നിറഞ്ഞ ടൂര്‍ണമെന്റില്‍ അന്താരാഷ്ട്ര മത്സര പരിചയം തീരെ കുറഞ്ഞ വിജയ് ശങ്കറിനെ പരീക്ഷിക്കുന്നതും കൗതുകമുണര്‍ത്തുന്നു. കഴിവും പ്രതിഭയുമുള്ള താരങ്ങള്‍ റീസര്‍വ് ബെഞ്ചില്‍ അവസരം കാത്തിരിക്കുമ്പോഴാണ് ഈ സാഹസം. ലോകത്തെ ഏതൊരു ടീമിനും മുതല്‍ക്കൂട്ടാകുന്ന ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, അനുഭവ സമ്പത്തും ഫിനിഷിങ് പാടവവുമുള്ള ദിനേഷ് കാര്‍ത്തിക്, യുവ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് എന്നിവര്‍ അവസരം കാത്ത് ഇതേ ടീമിലുണ്ട്.

ഇടങ്കയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നറായ രവീന്ദ്ര ജഡേജ ബൗളിങിന് കൂടുതല്‍ വൈവിധ്യം നല്‍കുമെന്ന് മാത്രമല്ല, എല്ലാ മത്സരങ്ങളിലും പത്ത് ഓവര്‍ വീതം എറിയാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മേലുള്ള സമ്മര്‍ദത്തിനും അയവ് നല്‍കുമെന്നുറപ്പ്. ഫീല്‍ഡിങില്‍ ലോകത്തെ ഒന്നാംനിര താരമാണ് ജഡേജ. മികച്ചൊരു ബാറ്റ്‌സ്മാന്‍ കൂടിയായ ജഡേജ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ താനൊരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് പലതവണ തെളിയിച്ചു കഴിഞ്ഞതാണ്. ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടില്‍ നടന്ന പരിശീലന മത്സരങ്ങളാണ് ഒടുവിലത്തെ ഉദാഹരണം.

ഇന്ത്യ 179 റണ്‍സിന് ഓള്‍ഔട്ടായ ന്യൂസിലന്‍ഡിന് എതിരായ പരിശീലന മത്സരത്തില്‍ 50 പന്തില്‍ 54 റണ്‍സുമായി ടോപ് സ്‌കോറര്‍ ജഡേജയായിരുന്നു. ബംഗ്ലാദേശിനെതിരായ പരിശീലന മത്സരത്തില്‍ അവസാന ഓവറില്‍ ഇറങ്ങി നാലു പന്തില്‍ 11 റണ്‍സടിച്ചു. രണ്ടു മത്സരങ്ങളിലും ഓരോ വിക്കറ്റും താരം തന്റെ പേരില്‍ കുറിച്ചു. ബാറ്റിങിനും ബൗളിങിനും ആഴം നല്‍കുന്ന, മികച്ച ഫീല്‍ഡറായ ജഡേജയെ പോലൊരു താരത്തെ ഇനിയും റിസര്‍വ് ബെഞ്ചിലിരുത്തുന്നതിനെ അനീതിയെന്ന് മാത്രമേ പറയാനാവൂ.

ഹാര്‍ദിക് പാണ്ഡ്യയുടെ മികവൊഴിച്ചാല്‍ ഫിനിഷിങില്‍ പിഴയ്ക്കുന്ന മധ്യനിരയില്‍ ദിനേശ് കാര്‍ത്തിക്കിന്റെ സാന്നിധ്യം മുതല്‍ക്കൂട്ടാകും. ആദ്യ ബോള്‍ മുതല്‍ സ്‌ട്രൈക്ക് ചെയ്യാന്‍ കഴിയുന്ന കാര്‍ത്തിക് നാലാം നമ്പറിലും ഇറക്കാവുന്ന സ്ഥിരതയുള്ള ബാറ്റ്‌സ്മാനാണ്. ഏത് സാഹചര്യത്തിലും തന്റെ സ്വാഭാവിക കളി പുറത്തെടുക്കുന്ന ഋഷഭ് പന്തിനെയും വരും മത്സരങ്ങളില്‍ അന്തിമ ഇലവനില്‍ ഇറക്കാം.

Content Highlights: India's Performance Analysis at World Cup 2019