ഓവല്‍: ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറിന് ആദ്യ ഓവര്‍ നല്‍കി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ആതിഥേയരായ ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്ക ഞെട്ടിച്ചിരുന്നു.

താഹിറിനെ പന്തേല്‍പ്പിക്കുമ്പോള്‍ പ്രോട്ടീസ് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിന്റെ കണക്കുകൂട്ടല്‍ ശരിയാകുകയായിരുന്നു. ഇംഗ്ലണ്ടിന്റെ അപകടകാരിയായ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോവിനെ തുടക്കത്തില്‍ തന്നെ പുറത്താക്കുക. രണ്ടാം പന്തില്‍ തന്നെ അത് സാധിക്കുകയും ചെയ്തു. താഹിറിന്റെ രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി ബെയര്‍സ്‌റ്റോ മടങ്ങി.

ഇത്തരമൊരു നീക്കം നടത്താന്‍ ഡുപ്ലെസിസിനെ സഹായിച്ചത് എന്താണെന്നറിയുമോ? ലോകകപ്പിനു തൊട്ടുമുന്‍പ് സമാപിച്ച ഐ.പി.എല്‍. കാരണം ആറു തവണയാണ് ഇത്തവണത്തെ ഐ.പി.എല്ലില്‍ ബെയര്‍സ്‌റ്റോവ് സ്പിന്നര്‍മാര്‍ക്കു മുന്നില്‍ വീണത്. പ്രത്യേകിച്ചും ലെഗ് സ്പിന്നര്‍മാര്‍ക്കു മുന്നില്‍.

മികച്ച തുടക്കം ലഭിച്ചാല്‍ സ്‌ഫോടനാത്മക ബാറ്റിങ് പുറത്തെടുക്കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനാണ് ബെയര്‍സ്‌റ്റോവ്. ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ച താരം 63.57 റണ്‍ ശരാശരിയില്‍ 445 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. പിന്നാലെ നടന്ന ഇംഗ്ലണ്ട് - പാകിസ്താന്‍ പരമ്പരയിലും ബെയര്‍സ്‌റ്റോവിന്റെ ബാറ്റ് വെറുതെയിരുന്നില്ല. 

ICC World Cup 2019 jonny bairstow weakness against wrist spinners

ബെയര്‍സ്‌റ്റോവ് നല്‍കുന്ന തുടക്കം ഇംഗ്ലണ്ടിനെ 350-ന് അപ്പുറമുള്ള സ്‌കോറിലേക്ക് എത്തിക്കുമെന്ന് ഡുപ്ലെസിസിന് നന്നായി അറിയാം. ചെന്നൈ സൂപ്പര്‍കിങ്‌സിനായി കളിച്ച താരത്തിന് ബെയര്‍സ്‌റ്റോയെ തളയ്‌ക്കേണ്ടത് എങ്ങിനെയെന്ന് ഐ.പി.എല്‍ തന്നെ കാണിച്ചുകൊടുത്തിട്ടുമുണ്ട്. താഹിറിനെ ആദ്യ ഓവറിനായി നിയോഗിക്കുമ്പോള്‍ തന്നെ ബെയര്‍സ്‌റ്റോവിനെ പെട്ടെന്ന് പുറത്താക്കുക എന്നതു തന്നെയായിരുന്നു ഡുപ്ലെസിസിന്റെ ലക്ഷ്യം. മത്സരത്തിന്റെ രണ്ടാം പന്തില്‍ തന്നെ അത് സാധിക്കുകയും ചെയ്തു. ഇംഗ്ലണ്ട് 350-ല്‍ താഴെ ഒതുങ്ങിയെങ്കിലും വിജയം പിടിക്കാന്‍ പക്ഷേ പ്രോട്ടീസിന് സാധിക്കാതെ പോയി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പീയുഷ് ചൗളയ്ക്ക് മുന്നിലാണ് ബെയര്‍സ്‌റ്റോവ് വീണത്. രാജസ്ഥാനെതിരേ ശ്രേയസ് ഗോപാലാണ് ബെയര്‍സ്‌റ്റോവിനെ മടക്കിയത്. 

ബാംഗ്ലൂരിനെതിരേ നടന്ന മത്സരത്തില്‍ കോലി, യൂസ്‌വേന്ദ്ര ചാഹലിനെ പന്തേല്‍പ്പിച്ചപ്പോഴും ബെയര്‍സ്‌റ്റോവിന് പിഴച്ചു. മുംബൈക്കെതിരായ മത്സരത്തില്‍ ബെയര്‍സ്‌റ്റോവിനെ പുറത്താക്കാന്‍ രോഹിത് പന്തേല്‍പ്പിച്ചത് രാഹുല്‍ ചാഹറിനെയായിരുന്നു. തന്ത്രങ്ങളുടെ ആശാനായ ധോനി, ബെയര്‍സ്‌റ്റോവിനെ വെട്ടാനിറക്കിയത് ഹര്‍ഭജനെയും.  

ഡല്‍ഹിക്കെതിരേ രാഹുല്‍ തെവാത്തിന്റെ പന്തിലും പഞ്ചാബിനെതിരേ മുജീബ് ഉര്‍ റഹ്മാന്റെ പന്തിലും ബെയര്‍സ്‌റ്റോ പുറത്തായിരുന്നു.

Content Highlights: ICC World Cup 2019 jonny bairstow weakness against wrist spinners