ലോഡ്‌സിന്റെ തിരുമുറ്റം. ക്രിക്കറ്റ് ഉന്മാദം പൂത്തുലഞ്ഞ ഗ്യാലറി. ചുറ്റിലും ആവേശത്തിന്റെ കടല്‍ത്തിരകള്‍. കാണാന്‍ കൊതിച്ച താര ചക്രവര്‍ത്തിമാരുടെ സാമീപ്യം. ഓരോ പന്തിലും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിഞ്ഞ മത്സരം. ഒടുവില്‍ ക്രിക്കറ്റ് എന്ന മഹത്തായ കളിയുടെ വിജയം...
പരാജിതരുടെയും ജേതാക്കളുടെയും കണ്ണീര്‍ച്ചാലിട്ട മുഖങ്ങളില്‍ ഒരു പോലെ, ഉജ്വലമായ ഒരു ക്രിക്കറ്റ് രാവില്‍ പങ്കാളികളായതിന്റെ നിര്‍വൃതി. ഹൃദയമിടിപ്പു നിലച്ചു പോകുന്ന നിമിഷങ്ങളിലൂടെ കടന്നുപോയ ക്രിക്കറ്റ് ആരാധകര്‍ക്കും സംതൃപ്തി, സായൂജ്യം.
ഇനി ഇതു പോലെ ഒരു പകല്‍ ക്രിക്കറ്റിന്റെ ചിത്രത്തില്‍ ഉണ്ടാകുമോ? അന്ന് , ഇതുപോലെ അവിടെ വന്നു നില്‍ക്കുവാന്‍ കഴിയുമോ? ആര്‍ക്കറിയാം..
***
ക്രിക്കറ്റ് ഭ്രാന്തമായ ആവേശമായി കൊണ്ടു നടന്നിരുന്ന കൗമാരകാലത്താണ് ഈ ലോഡ്‌സിന്റെ മണിമുറ്റത്ത് കപില്‍ദേവും കൂട്ടരും കപ്പുയര്‍ത്തിയത്. 36 വര്‍ഷം മുമ്പ്. വീണ്ടും ലോഡ്‌സ്. വീണ്ടും ഇന്ത്യ. ആ ചരിത്രം പിറക്കണം. അതിനു സാക്ഷിയാവണം. അതായിരുന്നു ഏതൊരു ക്രിക്കറ്റ് പ്രേമിയെയും പോലെ എന്റെയും അഗ്രഹം. എജ്ബാസ്റ്റണിലെ സെമിക്കും ലോഡ്‌സിലെ ഫൈനലിനും ടിക്കറ്റെടുക്കുമ്പോള്‍ അതായിരുന്നു മനസ്സില്‍.
ടീം ഇന്ത്യ പുറത്തായപ്പോള്‍ നിരാശ തോന്നി എന്നതു സത്യം. ഈ ഫൈനല്‍ കണ്ടതോടെ അതു മാറി. ഇതു പോലൊരു മത്സരം ലോകകപ്പില്‍ ഉണ്ടായിട്ടില്ല. ഇതുപോലൊരു ഫൈനല്‍ ഇനി ഉണ്ടാവാനും ഇടയില്ല.
ഗംഭീരമായ കളി മാത്രമായിരുന്നില്ല ആ പകലിന്റെ ബാക്കിപത്രം.. ഒരുപാട് അനുഭവങ്ങള്‍ ഒന്നിച്ചു പിറന്ന, ഒരുപാടു സ്വപ്നങ്ങള്‍ സഫലീകരിച്ച ദിനമായി അത്. ക്രിക്കറ്റിനെ ഭ്രാന്തമായി പ്രണയിച്ചു നടന്ന ഒരു കാലത്ത് എന്തിനൊക്കെ കൊതിച്ചിരുന്നുവോ അതൊക്കെ സ്വപ്നത്തിലെന്ന പോലെ ഒറ്റ പകല്‍കൊണ്ടു കൈവന്നു. സ്വപ്നമോ സത്യമോ എന്നിപ്പോഴും തീര്‍ച്ചയാവാത്ത പോലെ..
***
എജ്ബാസ്റ്റണിലെ സെമിക്കു ശേഷമാണ് ലോഡ്‌സിലെ ഫൈനലിന് പുറപ്പെട്ടത്. ഇംഗ്ലണ്ടിന്റെ ഫോം കണ്ടപ്പോള്‍ ഈ കപ്പ് അവര്‍ക്കാണെന്ന് മനസ്സു പറഞ്ഞിരുന്നു. താമസിച്ച ഹോട്ടലില്‍ നിന്ന് സ്റ്റേഡിയത്തിലേക്കു നടക്കുമ്പോള്‍ വഴി നീളെ ആരാധകര്‍. മുഖത്തു ചായം പൂശിയും പതാകകള്‍ വീശിയും അവര്‍ വരി തീര്‍ത്തു. ഉത്സവലഹരിയിലാണ് നഗരം. എല്ലാ വഴികളും ലോഡ്‌സിലേക്ക്..
ക്യാപ്റ്റന്‍സ് ലൗഞ്ചിലാണ് സീറ്റ്. സുഹൃത്ത് പുനീതാണ് എല്ലാ ഏര്‍പ്പാടുകളും ചെയ്യുന്നത്. കളി കാണാന്‍ അദ്ദേഹത്തിന്റെ അച്ഛനും വന്നിട്ടുണ്ട് കൂടെ. നേരത്തെ എത്തണം എന്നു നിര്‍ദേശമുണ്ട്. ലോഡ്‌സ് സ്റ്റേഡിയത്തിലെ സവിശേഷമായ ഇരിപ്പിടമാണ് ക്യാപ്റ്റന്‍സ് ലൗഞ്ച്. അവിടെ സീറ്റ് ലഭിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണനകളുണ്ട്. പ്രശസ്തരായ ക്രിക്കറ്റര്‍മാര്‍ക്കൊപ്പം ബ്രേക്ക് ഫാസ്റ്റ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കപ്പിനൊപ്പം ഗ്രൗണ്ടില്‍ നില്‍ക്കാന്‍ അവസരം. ഫോട്ടോ ഷൂട്ടിന് സൗകര്യം. ക്രിക്കറ്റിലെ അനശ്വര താരങ്ങള്‍ക്കൊപ്പം ക്യാമറാ സെഷന്‍. ഒരു ക്രിക്കറ്റ് പ്രേമിക്ക് ഇതിനേക്കാള്‍ ആഹ്ളാദിക്കാനും അഭിമാനിക്കാനും എന്തുവേണം? ഒടുവില്‍ പന്ത്രണ്ടു 'ഭാഗ്യശാലി'കളില്‍ ഒരാളായി കപ്പിനടുത്തേക്ക് പോകാനും സാധിച്ചു. ഉയര്‍ന്നു പരക്കുന്ന ദേശീയ ഗാനത്തിന്റെ വൈകാരിക ഛായയില്‍, ചരിത്രം പിറന്ന ലോഡ്‌സിലെ പുല്‍മൈതാനത്ത്, ക്രിക്കറ്റിലെ ഏറ്റവും ഉജ്വലമായ കപ്പിനു മുന്നില്‍! ക്ലൈവ് ലോയ്ഡും സ്റ്റീവ് വോയുമൊക്കെ തൊട്ടടുത്ത്. തികച്ചും വൈകാരികമായ മുഹൂര്‍ത്തം! ഭാഗ്യം പോലെ ടോസ് വൈകിയപ്പോള്‍, 15 മിനുട്ട് കൂടുതല്‍ അവിടെ നില്‍ക്കാനും കഴിഞ്ഞു.
എജ്ബാസ്റ്റണില്‍ വോര്വിക്ഷയര് സ്വീറ്റിലായിരുന്നു ടിക്കറ്റ്. അവിടെ വെച്ചും ലോയ്ഡിനെ കണ്ടിരുന്നു. ക്രിക്കറ്റിലെ മഹാരഥന്‍. 1983ല്‍ ലോഡ്‌സ് മൈതാനത്ത് കപ്പുയര്‍ത്തേണ്ടിയിരുന്ന വിന്‍ഡീസ് ക്യാപ്റ്റന്‍. എന്റെ എക്കാലത്തെയും ഹീറോമാരില്‍ ഒരാള്‍. അന്ന് ഫോട്ടോ എടുക്കാനൊന്നും കഴിഞ്ഞില്ല. ലോഡ്‌സ് ഗ്രൗണ്ടിൽ ലോയ്ഡ് വീണ്ടും, തൊട്ടരികില്‍! ലോയ്ഡ് മാത്രമല്ല, ആംബ്രോസ്, മെർവ് ഹ്യൂസ് തുടങ്ങി ക്രിക്കറ്റിലെ ഉജ്വലനക്ഷത്രങ്ങളൊക്കെ ഉണ്ട്. അവര്‍ക്കിടയില്‍ മറ്റെല്ലാം മറന്ന് ഒരു പകല്‍. കളി കണ്ടും കളിക്കാരോടു മിണ്ടിയും പറഞ്ഞും കളി മാത്രം ശ്വസിച്ചും ഒരു പകല്‍.. ഒരു ക്രിക്കറ്റ് പ്രേമിക്ക് അതിനേക്കാള്‍ വലുതെന്താണ് വേണ്ടത്?
ഫൈനല്‍ ലോഡ്‌സിലാണ് എന്നതു തന്നെ ഒരു സ്വപ്നസാഫല്യമായിരുന്നു. ഇതാണ് ക്രിക്കറ്റിന്റെ തറവാട്ടു മുറ്റം. യഥാര്‍ഥ തീര്‍ഥാടന കേന്ദ്രം. ക്രിക്കറ്റ് കാണുന്നെങ്കില്‍ അതു ലോഡ്‌സിലാവണം. ഏതൊരു ക്രിക്കറ്റ് പ്രേമിയും അതാഗ്രഹിക്കും. അതും ലോകകപ്പിന്റെ ഫൈനല്‍. അതിനു മാധുര്യമേറും...
***
കളി തുടങ്ങി. സ്റ്റേഡിയത്തില്‍ അടിമുടി കടലിരമ്പമായിരുന്നു. ഓരോ പന്തിനും ആരവങ്ങള്‍. അകമ്പടിയായി സംഘഗാനങ്ങള്‍. ഇംഗ്ലീഷ് കാണികളാണ് കൂടുതല്‍ മികച്ച ഗായകര്‍. ഓരോ താരത്തെയും കുറിച്ച് അപ്പപ്പോള്‍ ചമക്കുന്ന പാട്ടുകളാണ്. അതിന്റെ അലകള്‍ സ്റ്റേഡിയത്തെ മൂടുന്നു. വിക്കറ്റ് വീഴുമ്പോള്‍ നിശ്ശബ്ദത കനം വെച്ചു നിറയുന്നു. ശ്വാസം മുട്ടിക്കുന്ന നിശ്ശബ്ദത. ആര്‍പ്പുവിളികളേക്കാള്‍ ആഴവും തീവ്രതയുമുള്ള നെടുവീര്‍പ്പുകള്‍. ബൗണ്ടറികള്‍ക്കും സിക്‌സറുകള്‍ക്കും ഗ്യാലറികള്‍ പകരം നല്‍കുന്നത് ഹൃദയം പറിച്ചുള്ള ഘോഷഭേരികള്‍. മറ്റെല്ലാം മറന്ന് കൊച്ചുകുട്ടിയെപ്പോലെ ആഹ്ലാദിച്ച നിമിഷങ്ങള്‍... നീഷാമിന്റെ ഒരു സിക്‌സര്‍ പാറി വീണത് തൊട്ടരികിലായിരുന്നു! അറിയാതെ, കുട്ടിക്കാലത്തെന്ന പോലെ, അതെടുക്കാന്‍ മുന്നോട്ടാഞ്ഞു പോയി!
ന്യൂസീലന്‍ഡില്‍ നിന്നുള്ള ട്രെവറും ഗേള്‍ ഫ്രന്‍ഡുമായിരുന്നു തൊട്ടടുത്ത്. കൂട്ടുകാരിയെ കളി പഠിപ്പിക്കുകയാണ് ട്രെവര്‍. ഫീല്‍ഡിങ് പൊസിഷനും കളി നിയമങ്ങളുമൊക്കെ പഠിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ ട്രെവര്‍ ചങ്ങാത്തത്തിലായി. നിങ്ങളുടെ ടീം തീര്‍ച്ചയായും ഇവിടെ വേണ്ടിയിരുന്നു-അയാള്‍ പറഞ്ഞു. 22 വയസ്സേ ഉള്ളൂവെങ്കിലും കളിയറിവും സ്പരിറ്റുമുള്ള യഥാര്‍ഥ ക്രിക്കറ്റ്പ്രേമി.
കളി മുറുകിയതോടെ സ്‌റ്റേഡിയം മറ്റൊരു രൂപം പൂണ്ടു. ഓരോ പന്തിനും അകമ്പടി പോകുന്ന ആരവങ്ങളും കൈയടികളും കൊണ്ട് ഗ്യാലറികള്‍ ത്രസിച്ചു. തൊട്ടു പിന്നിലെ സ്റ്റാന്‍ഡില്‍ നിറയെ ഇംഗ്ലീഷ് ആരാധകരാണ്. നൂറു കണക്കിനു പേര്‍ ഒന്നിച്ചു പാടുന്ന പാട്ടുകളാണ് അവരുടെ ആഘോഷം. ഓരോ കളിക്കാര്‍ വരുമ്പോഴും അവരുടെ പേരു ചേര്‍ത്തുള്ള പാട്ടു വരും. ഹാ..ഹാ.. എന്ന ആവര്‍ത്തിച്ചു വരുന്ന ഒരു ചരണം എല്ലാ പാട്ടിലുമുണ്ട്. അപ്പോള്‍ ചമയ്ക്കുന്ന പാട്ടുകളാണ്. ഉന്മാദം കലര്‍ന്ന നൃത്തത്തിന്റെ അകമ്പടിയോടെയാണ് ഗാനം. നാല് ഓവര്‍ത്രോകള്‍ വന്നപ്പോള്‍ സ്റ്റേഡിയത്തില്‍ കൈയടിയല്ല, സ്‌ഫോടനം നടന്നതു പോലെ ആര്‍ത്തനാദങ്ങളാണ് ഉയര്‍ന്നത്. ഉന്മാദികളുടെ ആക്രോശം! ബെന്‍ സ്റ്റോക്‌സ് ക്ഷമയോടെ കളിക്കുമ്പോള്‍ ഗ്യാലറിയില്‍ നിന്നുയര്‍ന്ന മറ്റൊരു ഗാനശകലം അമ്പരപ്പിക്കുന്നതായിരുന്നു. ഈ കളി ജയിപ്പിച്ചാല്‍ നിനക്കു ഞാനൊരു സമ്മാനം തരുമെന്ന ഒരാരാധകന്റെ വാഗ്ദാനം: 'I will give you my wife... I don't mind changing her for you..-!' ആരാധനയുടെ ഭ്രാന്തവും വന്യവുമായ പാരമ്യം!
ടോസ് നേടി ന്യൂസീലന്‍ഡ് ബാറ്റിങ് തുടങ്ങിയപ്പോഴേ ഗ്യാലറിയിലെ പാട്ടു പ്രാര്‍ഥന ഉച്ചത്തിലായിരുന്നു. ഓരോ വിക്കറ്റിനും ഇംഗ്ലീഷുകാരുടെ ആഘോഷം. എണ്ണത്തില്‍ കുറവേയുള്ളൂവെങ്കിലും കിവി ഫാന്‍സും മോശമാക്കിയില്ല. ആവും വിധം കൈയടിച്ചും പാടിയും അവരും ടീമിനൊപ്പം നിലയുറപ്പിച്ചു. പകല്‍ വളരും തോറും കളിയുന്മാദവും വളര്‍ന്നു. ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ ഉലഞ്ഞാടിയ മത്സരം ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി ഓരോ നിമിഷവും മുന്നേറി.
ലഞ്ചിന്റെ ഇടവേളയിൽ എല്ലാവരും തകൃതിയായ ചർച്ചയിലായിരുന്നു. ന്യൂസീലന്‍ഡിന്റെ ടോട്ടല്‍ ഇംഗ്ലീഷ് കാണികളെ ഉത്തേജിപ്പിച്ചിരുന്നു എന്നു തോന്നുന്നു. ജയിക്കാവുന്ന കളിയേ ഉള്ളൂ എന്ന തോന്നലില്‍ ആഘോഷം ഇരട്ടിപ്പിച്ചാണ് ഉച്ചഭക്ഷണത്തിനു ശേഷം അവര്‍ മടങ്ങിയെത്തിയത്. എന്നാല്‍ ക്രിക്കറ്റ് അപ്രവചനീയതകളുടെ കളിയാണെന്ന വാക്യം ആവര്‍ത്തിച്ചുറപ്പിക്കുന്ന കാഴ്ചകളാണ് പിന്നെ ലോഡ്‌സില്‍ കണ്ടത്. അനായാസം തുടങ്ങിയ ഇംഗ്ലീഷ് ഇന്നിങ്‌സ് ക്രമേണ സംഘര്‍ഷത്തിലേക്കു മൂക്കുകുത്തി. നിര്‍ണായക നിമിഷങ്ങളില്‍ അവര്‍ക്കു കാലിടറി. ഓവര്‍ ത്രോകളുടെ പിന്‍ബലത്തില്‍ ഒരു കളി അവസാന പന്തു വരെ മുന്നേറുന്നത് അപൂര്‍വമായ അനുഭവമായിരുന്നു. പിന്നീടവിടെ നടന്നതെല്ലാം അസംഭവ്യതകളുടെ അനിര്‍വചനീയ നിമിഷങ്ങൾ. സ്വപ്‌നമോ സത്യമോ എന്നറിയാനാവാത്ത കാഴ്ചകൾ. അതിലൂടെയാണ് ഓരോ കാണിയും കടന്നുപോയത്..
***
കളി സൂപ്പര്‍ ഓവറിലേക്ക് കടന്നതോടെ എല്ലാവരുടെയും ഞരമ്പുകള്‍ വലിഞ്ഞു മുറുകി. വരണ്ട തൊണ്ടകളുമായി കാണികള്‍ തരിച്ചിരുന്നു.. പിരിമുറുക്കത്തിന്റെ മിനിറ്റുകള്‍. ആരെറിയും, ആരു ബാറ്റ് ചെയ്യും തുടങ്ങിയ ചര്‍ച്ചകള്‍. അനിശ്ചിതത്വം... ഗ്യാലറിയുടെ നെഞ്ചിടിപ്പുകള്‍ അങ്ങിനെയാണല്ലോ. ആനന്ദങ്ങളും.. ബെന്‍സ്റ്റോക്‌സ് ഉറപ്പായും ഉണ്ടാവുമെന്നു ട്രെവര്‍ പറഞ്ഞപ്പോള്‍ മോര്‍ഗനോ ബട്‌ലറോ വന്നേക്കുമെന്ന് ഞാന്‍. വന്നതു ബട്‌ലര്‍. ബൗളിങ്ങില്‍ ബോള്‍ട്ട്. ഓരോ ബൗണ്ടറികള്‍ പായിച്ച് ഇരുവരും സൂപ്പര്‍ ഓവറിനെ സൂപ്പറാക്കിയപ്പോള്‍ സ്‌റ്റേഡിയം ഇരമ്പിയാര്‍ത്തു. ആറു പന്തില്‍ 15 റണ്‍സുമായി ഇംഗ്ലണ്ട് മടങ്ങി.
ന്യൂസീലന്‍ഡിന്റെ ഊഴമായി. ആരാവും കളിക്കുക എന്ന ചൂടേറിയ ചര്‍ച്ച വീണ്ടും.. ഗുപ്റ്റിലും വില്യംസണുമെന്ന് ട്രെവര്‍. വന്നത് നീഷാം. എറിയാന്‍ പ്ലംകറ്റ് എന്നു ട്രെവര്‍. ആര്‍ച്ചറെന്നു ഞാന്‍. വന്നത് ആര്‍ച്ചര്‍. ഗ്യാലറിയില്‍ മാത്രം ലഭിക്കുന്ന കേവലാനന്ദങ്ങളുടെ നിമിഷങ്ങള്‍. പിന്നെ നാടകീയതകളുടെ ക്ലൈമാക്‌സിലേക്ക്. വിലപിടിച്ച പിഴവുകള്‍. ഉജ്വലമായ ഒരു തിരിച്ചുവരവ്. അവസാന പന്തില്‍ അതിനാടകീയമായി ഗുപ്റ്റില്‍ വീണതോടെ അതു പാരമ്യത്തിലായി. ഗ്യാലറി സ്തബ്ധമായി. ആരു ജയിച്ചു എന്നു പോലും അറിയാത്ത വിക്ഷുബ്ധ സമാപ്തി. അതെ, ലോകകപ്പ് കഴിഞ്ഞു. സാങ്കേതികമായി പറഞ്ഞാല്‍ ഇംഗ്ലണ്ട് ജയിച്ചു! കണക്കുകളുടെ കൂടി പിന്‍ബലത്തില്‍ ഇംഗ്ലണ്ടിനു കിട്ടിയത് ക്ഷോഭാകുലമായ ഒരു വിക്ടറി ക്ലൈമാക്‌സ്...
റണ്ണൗട്ടുകളുടെ ലോകകപ്പ് ആയിരുന്നു ഇത്. ഒരു റണ്ണൗട്ട് ഇന്ത്യയെ പുറന്തള്ളി. സൂപ്പർ ഓവറിലെ അവസാന പന്തില്‍ രണ്ടാം റണ്ണിന് ഓടുമ്പോള്‍ ഗുപ്റ്റിലിന്റെ വഴി മുടക്കി വിചിത്ര വിധിയുടെ രൂപം പൂണ്ട് വീണ്ടും റണ്ണൗട്ട്! ഇക്കുറി അതു ലോകകപ്പിൻ്റെ തന്നെ വിധിയെഴുതി..
***
ഇതിലും വലിയ ഒരു ക്രിക്കറ്റ് വിരുന്ന് എന്ത്? ആരു ജയിച്ചാലും തോറ്റാലും ആര്‍ക്കെന്ത്? കളിയുടെ കേവലാനന്ദം പകര്‍ന്ന മഹത്തായ ക്രിക്കറ്റിന്റെ ജയമായി അതിനകം സ്റ്റേഡിയം ആ കളിയെ നെഞ്ചേറ്റിക്കഴിഞ്ഞിരുന്നു...
അവിശ്വസനീയമായ ഒരു പകല്‍ തീരുകയാണ്. എല്ലാം കഴിഞ്ഞു. കളിയുടെ ആരവങ്ങളും നെടുവീര്‍പ്പുകളും പിന്നിട്ട് സന്ധ്യ പൂത്തു. ലോഡ്‌സ് എന്ന മഹത്തായ ക്രിക്കറ്റ് മൈതാനത്തിനു പുറത്ത് വീഥികള്‍ വിജനമാവാന്‍ തുടങ്ങി. ഹോട്ടലിലേക്ക് മടങ്ങുമ്പോഴും സ്വപ്നതുല്യമായ ആ പകല്‍ സത്യമോ സങ്കല്പമോ എന്ന വിഭ്രമം ബാക്കി...
ജയിച്ചത് ക്രിക്കറ്റാണ്. ക്രിക്കറ്റ് മാത്രം..
Content Highlights: ICC Cricket WorldCup England NewZealand Final Lords