ലണ്ടന്‍: പതിനൊന്ന് ദിവങ്ങള്‍ക്കപ്പുറം കൊടിയേറുന്ന ലോകകപ്പ് ക്രിക്കറ്റിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍. ഇത്തവണ പങ്കെടുക്കുന്ന 10 ടീമുകളും പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഇത്തവണ സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ മുന്നില്‍.

ഇംഗ്ലണ്ടില്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി വിജയിച്ച പാകിസ്താനെയും തള്ളിക്കളയാനാകില്ല. ബാറ്റിങ് വെടിക്കെട്ടിന് പേരുകേട്ട ഓള്‍റൗണ്ടര്‍മാരാണ് വിന്‍ഡീസിന്റെ കരുത്ത്. നിര്‍ഭാഗ്യം ഇത്തവണയും ദക്ഷിണാഫ്രിക്കയ്ക്കി വിലങ്ങുതിയാകല്ലേ എന്ന പ്രാര്‍ഥനയിലാണ് ആരാധകര്‍.

ഇത്തവണ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന മറ്റൊരുകാര്യം ലോകകപ്പ് റെക്കോഡുകളില്‍ എത്ര എണ്ണം മറികടക്കപ്പെടുമെന്നതുകൂടിയാണ്. ലോകകപ്പ് റെക്കോഡുകളുടെ കണക്കുപുസ്തകമിതാ.

icc cricket world cup records book

കംഗാരുക്കളെ വെല്ലാന്‍ ആരുമില്ല

അഞ്ചു തവണ കിരീടം നേടിയിട്ടുള്ള ഓസ്ട്രേലിയയാണ് കിരീട നേട്ടത്തിന്റെ കാര്യത്തില്‍ മുന്നില്‍. 1987,1999, 2003, 2007, 2015 എന്നീ ലോകകപ്പുകളിലാണ് ഓസീസ് അവസാന ചിരി ചിരിച്ചത്. തുടര്‍ച്ചയായ മൂന്ന് കിരീടങ്ങളെന്ന നേട്ടവും അവര്‍ക്ക് മാത്രം സ്വന്തമാണ്.

ലോകകപ്പിലെ ഉയര്‍ന്ന ടീം ടോട്ടലെന്ന റെക്കോഡും ഓസീസിന്റെ പേരിലാണ്. 2015-ല്‍ അഫ്ഗാനിസ്താനെതിരേ നേടിയ 417 റണ്‍സ്. ഈ മത്സരത്തില്‍ 275 റണ്‍സിന് വിജയിച്ചതോടെ ഏറ്റവും വലിയ മാര്‍ജിനിലുളള വിജയത്തിന്റെ റെക്കോഡും അവര്‍ക്കായി. ലോകകപ്പിലെ ഏറ്റവും കുറവ് മാര്‍ജിനിലുളള വിജയവും ഓസീസിനു തന്നെ. 1987-ലും 1992-ലും ഇന്ത്യയെ ഒരു റണ്‍സിന് ഓസീസ് തോല്‍പ്പിച്ചിട്ടുണ്ട്.

62 വിജയങ്ങളോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളെന്ന റെക്കോഡും ഓസീസിന് സ്വന്തം. 48 വിജയങ്ങളോടെ ന്യൂസീലന്‍ഡാണ് രണ്ടാം സ്ഥാനത്ത്. രണ്ടു ലോകകപ്പുകളില്‍ (2003, 2007) ഒരു മത്സരം പോലും തോല്‍ക്കാതെ കിരീടം നേടിയെന്ന റെക്കോഡും ഓസീസിനാണ്. അതേസമയം ലോകകപ്പിലെ തുടര്‍ജയങ്ങളുടെ റെക്കോഡും ഓസീസിന്റെ പേരില്‍ തന്നെ. 1999 മുതല്‍ 2011 ക്വാര്‍ട്ടറില്‍ ഇന്ത്യയോട് തോല്‍ക്കുന്നതുവരെ 27 മത്സരമാണ് തോല്‍വിയറിയാതെ ഓസീസ് പൂര്‍ത്തിയാക്കിയത്.

icc cricket world cup records book

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ റെക്കോഡ് മാസ്റ്റര്‍

ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിലാണ്. 44 ലോകകപ്പ് ഇന്നിങ്സുകളില്‍ നിന്നായി 2278 റണ്‍സാണ് സച്ചിന്റെ അക്കൗണ്ടിലുള്ളത്. 1743 റണ്‍സുമായി റിക്കി പോണ്ടിങ്ങാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ ലോകകപ്പ് സെഞ്ചുറികളും (6), അര്‍ധസെഞ്ചുറികളും (15) സച്ചിന്റെ പേരില്‍ തന്നെ. ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സ് നേടിയതും (673) സച്ചിന്‍ തന്നെ. 2003-ലെ ലോകകപ്പിലായിരുന്നു ഇത്.

icc cricket world cup records book

ബൗളിങ്ങില്‍ സൂപ്പര്‍സ്റ്റാര്‍ മഗ്രാത്ത്

ലോകകപ്പിലെ ബൗളിങ് റെക്കോഡുകള്‍ മിക്കവയും ഓസ്ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്തിന്റെ പേരിലാണ്. കൂടുതല്‍ വിക്കറ്റ് (71), കുറഞ്ഞ ബൗളിങ് ശരാശരി (18.19), മികച്ച ബൗളിങ് പ്രകടനം (7-15) എന്നിവയെല്ലാം മഗ്രാത്തിന്റെ പേരിലാണ്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെന്ന നേട്ടവും മഗ്രാത്തിനാണ്. 2007 ലോകകപ്പില്‍ 26 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 2007-ല്‍ കളംവിട്ട മഗ്രാത്തിന്റെ റെക്കോഡ് ഇത്തവണയും ആരും തകര്‍ക്കാന്‍ സാധ്യതയില്ല. അതേസമയം ലോകകപ്പില്‍ തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റ് നേടിയ റെക്കോഡ് ശ്രീലങ്കയുടെ ലസിത് മലിംഗയുടെ പേരിലാണ്. 2007-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ തുടര്‍ച്ചയായി നാല് വിക്കറ്റുകളാണ് മലിംഗ വീഴ്ത്തിയത്.

icc cricket world cup records book

മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ.ബി ഡിവില്ലിയേഴ്സിന്റെ പേരിലാണ് ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് ശരാശരി (63.52). അയര്‍ലന്‍ഡിന്റെ കെവിന്‍ ഒബ്രിയാന്റെ പേരിലാണ് ലോകകപ്പിലെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ്. വെറും 18 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയ ബ്രണ്ടന്‍ മക്കല്ലമാണ് ഈ നേട്ടത്തില്‍ മുന്നില്‍. ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ (237*) പേരിലാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ലോകകപ്പിലെ വേഗതയേറിയ ഡബിള്‍ സെഞ്ചുറി ക്രിസ് ഗെയിലിന്റെ പേരിലാണ്. 2015-ല്‍ സിംബാബ്വെയ്ക്കെതിരേ 138 പന്തിലാണ് ഗെയ്ല്‍ ഇരട്ട സെഞ്ചുറി നേടിയത്.

ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ് ഏറ്റവും കൂടുതല്‍പേരെ പുറത്താക്കിയ (54) വിക്കറ്റ്കീപ്പര്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി (31) ഈ പട്ടികയില്‍ മൂന്നാമതാണ്. ഒരു ടൂര്‍ണമെന്റില്‍ കൂടുതല്‍ പേരെ പുറത്താക്കിയതിന്റെ (21) റെക്കോഡ് ഇപ്പോഴും ആദം ഗില്‍ക്രിസ്റ്റിന്റെ പേരിലാണ്.

Content Highlights: icc cricket world cup records book