ലോഡ്സിലെ ഇംഗ്ലീഷ് വിജയത്തെ ക്രിക്കറ്റിന്റെ വൈകിയ പ്രായശ്ചിത്തമായി തൊങ്ങലുചാര്‍ത്തി വിശേഷിപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇംഗ്ലണ്ട് ചാമ്പ്യനായത് സൂപ്പര്‍ ഓവര്‍ ക്രൂരമായി വിധിയെഴുതിയ ലോഡ്സിലെ ആ ത്രില്ലര്‍ സൂപ്പര്‍ സണ്ടെയിലല്ല. ചാമ്പ്യനാക്കിയത് സ്റ്റോക്സും ബട്ലറും ബെയര്‍സ്റ്റോയും ചേര്‍ന്ന് അടിച്ചുകൂട്ടുകയും ആര്‍ച്ചറും വോക്സും പ്ലങ്കറ്റും ചേര്‍ന്ന് തടയിടുകയും ചെയ്ത രണ്ട് ഡസനിലേറെ വരുന്ന ബൗണ്ടറികളല്ല. ഇംഗ്ലണ്ട് ചാമ്പ്യന്മാരായത് 1587 ദിവസം മുന്‍പാണ്. കൃത്യമായി പറഞ്ഞാല്‍ 2015 മാര്‍ച്ച് 22ന്. അഡ്ലെയ്ഡില്‍ ബംഗ്ലാദേശിനോട് പതിനഞ്ച് റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് കാണാതെ പുറത്തായ ആ മത്സരമാണ് സത്യത്തില്‍ ഇന്ന് ലോകകിരീടമണിഞ്ഞ പുതിയ ഇംഗ്ലണ്ടിനെ സൃഷ്ടിച്ചത്.

പുലമ്പുന്നത് വിഡ്ഡിത്തമെന്ന് വിധിക്കാന്‍ വരട്ടെ. ഉത്സാഹം കെടാതെ തോല്‍വികളില്‍ നിന്ന് തോല്‍വികളിലേയ്ക്കുള്ള പതനമാണ് വിജയം എന്ന് പറഞ്ഞത് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലാണെന്നൊരു പൊതുധാരണയുണ്ട്. ആവേശവും വിവാദങ്ങളും വെടിക്കെട്ട് നടത്തി ആഘോഷിച്ച ലോഡ്സില്‍ കപ്പുയര്‍ത്തിയ ഒയിന്‍ മോര്‍ഗനും കൂട്ടരുമെങ്കിലും മുന്‍ പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍ നെഞ്ചൂക്കോടെ അടിവരയിടും. 2015ലെ തോല്‍വിയാണ് 2019ലെ കിരീടവിജയത്തിന് നാന്ദിയായതെന്ന് നെഞ്ചില്‍ തൊട്ട് സമ്മതിക്കും.

ഷാക്കിബ് അല്‍ ഹസന്റെ സെഞ്ചുറിക്കും റൂബല്‍ ഹൊസൈന്റെ മാരക ബൗളിങ്ങിനും മുന്നില്‍ ചൂളിപ്പോയ ആ മത്സരം ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന് നല്‍കിയത് ഒരു വലിയ വെളിപാടായിരുന്നു. ആറു മത്സരങ്ങളില്‍ ന്യൂസീലന്‍ഡിനോടും ഓസ്ട്രേലിയയോടും ശ്രീലങ്കയോടും ബംഗ്ലാദേശിനോടും ദയനീയമായി തോല്‍ക്കുകയും തീര്‍ത്തും ദുര്‍ബലരായ അഫ്ഗാനിസ്താനോടും അയല്‍ക്കാരായ സ്‌കോട്ട്ലന്‍ഡിനോടും മാത്രം ജയിക്കുകയും ചെയ്ത് നാണംകെട്ട് നാട്ടിലേയ്ക്കും വലിയ വിവാദങ്ങളിലേയ്ക്കും വിമാനം കയറേണ്ടിവന്നവര്‍ക്ക് അതൊരു വലിയ പൊളിച്ചെഴുത്തിനുള്ള അവസരമാണ് ഒരുക്കിക്കൊടുത്തത്.

england
മോർഗൻ ലോകകപ്പുമായി. ഫോട്ടോ: ഗെറ്റി ഇമേജസ്

പിച്ചില്‍ പതറിപ്പോയവര്‍ അന്ന് മനസ്സില്‍ ജയിച്ചു. ഏതൊരു യുദ്ധവും ആദ്യം ജയിക്കേണ്ടത് മനസ്സിലാണെന്ന പാഠം ബെല്ലും റൂട്ടും മോര്‍ഗനുമെല്ലാം, ,  സങ്കടം കരഞ്ഞുതീര്‍ത്ത, ആ രാത്രി, പലവുരു പഠിച്ച് മന:പാഠമാക്കി. ഈ പഠിച്ച പാഠങ്ങളാണ് അവര്‍ മാഞ്ചെസ്റ്ററിലും നോട്ടിങ്ങാമിലും കാര്‍ഡിഫിലും ഒടുവില്‍ ലോഡ്സിലും പയറ്റിത്തെളിഞ്ഞത്.

ജയിക്കാനല്ല, തോല്‍ക്കാനാണ് മോര്‍ഗന്‍ ടീമിനെ ആദ്യം പഠിപ്പിച്ചതെന്നത് കെവിന്‍ പീറ്റേഴ്സന്റെ പരിഹാസമായിരുന്നില്ല. ബഹുമതിയായി ചാര്‍ത്തിക്കിട്ടിയ,    തോല്‍ക്കുന്ന ഈ ശീലം തന്നെയാണ് രണ്ട് ലോകകപ്പുകള്‍ക്കിടയില്‍ ദുര്‍മേദസ്സ് കളഞ്ഞ് ആക്രമണോത്സുകമായൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ മോര്‍ഗനെ സഹായിച്ചത് ഈ തോല്‍വികള്‍ തന്നെ. തോല്‍വികളില്‍ നിന്ന് മെല്ലെ ജയിച്ചു കയറുന്നതായിരുന്നു അവരുടെ ഗ്രാഫ്. കണക്കുകള്‍ നോക്കാം. 2015നു 2018നും ഇടയില്‍ കളിച്ച 27 ടെസ്റ്റുകളില്‍ 19 എണ്ണത്തിലും ഇംഗ്ലണ്ട് ജയിച്ചു. 48 ഏകദിനങ്ങളില്‍ 48ല്‍ 19 എണ്ണത്തിലാണ് ജയം. പതിമൂന്ന് ടിട്വന്റിയില്‍ ഏഴ് ജയം.

സത്യത്തില്‍ 2015ല്‍ അഡ്ലെയ്ഡിലല്ല, അതിനും ഒരു വര്‍ഷം മുന്‍പ് ഓസ്ട്രേലിയയിലെ ക്രൂരമായ ശൈത്യകാലത്ത് തുടങ്ങിയിരുന്നു ഇംഗ്ലണ്ടിന്റ ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയ്ക്കയും. അഞ്ചില്‍ അഞ്ച് ടെസ്റ്റും തൂത്തുവാരി ഓസ്‌ട്രേലിയ കൊണ്ടുപോയ നൂറ്റിമുപ്പത്തിരണ്ട് വര്‍ഷം പഴക്കമുള്ള ചാരകുംഭത്തേക്കാള്‍ ദയനീയമായിരുന്നു അലെസ്റ്റര്‍ കുക്ക് നയിച്ച ഇംഗ്ലീഷ് പടയുടെ അവസ്ഥ.

england
ഫോട്ടോ: ഗെറ്റി ഇമേജസ്

തമ്മിലടിയും തര്‍ക്കങ്ങളും കൊണ്ട് ആകെ തകര്‍ന്നാണ് ടീം തിരിച്ച് ലണ്ടനിലെത്തിയത്. ഇതിന് പുറമെ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമെതിരേയുള്ള ദയനീയമായ തോല്‍വികള്‍ കൂടിയായതോടെ ആരാധകരുടെ പരസ്യമായി തന്നെ ടീമിനെതിരേ പോര്‍വിളികളുമായി രംഗത്തിറങ്ങി.

തലകള്‍ ഉരുണ്ടുതുടങ്ങിയതും അത് മുതലാണ്. പുകഞ്ഞ കൊള്ളിയായ കെവിന്‍ പീറ്റേഴ്സന്റേതായിരുന്നു ആദ്യം ഉരുണ്ട തല. പീറ്റേഴ്സണുമായുള്ള അങ്കത്തില്‍ ഇ.സിബി പിന്തുണച്ചിരുന്ന അലെസ്റ്റര്‍ കുക്കിനും പ്രതീക്ഷ കാക്കാനായില്ല. ലങ്കന്‍ പര്യടനത്തിലെ നാണംകെട്ട തോല്‍വിയോടെ കുക്കിനും കുറിവീണു. ലങ്കന്‍ പര്യടനത്തിലെ അവസാന മത്സരം നായകന്റെ ഹംസഗാനമായി.

2015ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവിന്റെ ചുക്കാന്‍പിടിക്കാനുള്ള നിയോഗം അങ്ങനെ ഇരുപത്തിയെട്ടാം വയസ്സില്‍ ഒയിന്‍ ജോസഫ് ജെറാഡ്  മോര്‍ഗന്‍ എന്ന ഐറിഷുകാരനില്‍ വന്നു വീണു. മാറ്റങ്ങള്‍ അതു മാത്രമായിരുന്നില്ല ഹെഡ് കോച്ച് പീറ്റര്‍ മൂര്‍സിനും ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് പോള്‍ ഡൗണ്‍ടണിനുമെല്ലാം സ്ഥാനം തെറിച്ചു. ട്രെയര്‍ ബെയ്ലിസ്സും ആന്‍ഡ്ര്യു സ്ട്രോസും പകരമെത്തി.

പടയണി പാടെ പൊളിച്ചടുക്കിയിട്ടും ചാരത്തില്‍ നിന്ന് ചിറകുവിരിച്ചില്ല ഇംഗ്ലണ്ട്. കളിക്കാര്‍ വീണ്ടും നിരാശയുടെ പടുകുഴിയിലായി. ലോകകപ്പിലെ ദയനീയമായ തോല്‍വിയില്‍ നിന്ന് ഇന്നിങ്സ് തുടങ്ങേണ്ടിവന്നതില്‍ മറ്റാരെയും പോലെ നിരാശനായിരുന്നു പുതിയ നായകന്‍ മോര്‍ഗനും. ഒരുവിധപ്പെട്ട പേസിനും ബൗണ്‍സറുകള്‍ക്കും മുന്നില്‍ പതറാതിരുന്ന മോര്‍ഗന്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ കുഴങ്ങിനിന്നു. ആ രാത്രി പക്ഷേ, അസ്തമയത്തിന്റേതായിരുന്നില്ല. ഉദയത്തിന്റേതായിരുന്നു. തിരിച്ചുവരവിന്റേതായിരുന്നു. അന്നാണ് തീര്‍ത്തും അപ്രതീക്ഷിതമായി മുറിയിലേയ്ക്ക് മോര്‍ഗനെ തേടി ആ ഫോണ്‍ കോള്‍ വന്നത്. മറുതലയ്ക്കല്‍  പരിശീലകന്‍ ആന്‍ഡ്ര്യൂ സ്ട്രോസ്. ഒരൊറ്റ കാര്യമേ സ്ട്രോസിന് പറയാനുണ്ടായിരുന്നുള്ളൂ. 'തോല്‍വിയില്‍ മനസ്സ് മടുക്കരുത്. നിങ്ങള്‍ തന്നെയാണ് തുടര്‍ന്നും ഇംഗ്ലീഷ് ടീമിനെ നയിക്കുന്നത്. ഇതിന് എല്ലാവരുടെയും പൂര്‍ണ പിന്തുണയുണ്ട്.'

england
2015 ലോകകപ്പിലെ ഇംഗ്ലണ്ട്-ബംഗ്ലാദേശ് മത്സരത്തിൽ നിന്ന്

ഒരൊറ്റ രാത്രിയുടെ സൃഷ്ടിയാണ്, ആ ഒരൊറ്റ ഫോണ്‍ കോളിന്റെ അനന്തരഫലമാണ് ലോഡ്സിലെ ലോകകപ്പ് ലബ്ധി. പുതിയൊരു മോര്‍ഗനാണ് പിറ്റേദിവസം ഉറങ്ങിയുണര്‍ന്നത്.

മാറിയ മോര്‍ഗന്റെ മുന്നിലെ ഏറ്റവും വലിയ പ്രതിബന്ധം ഒപ്പമുള്ളത് കുക്കിന്റെ ടീമാണ് എന്നതായിരുന്നു. തന്ത്രങ്ങളിലും അതിന്റെ വിന്യാസത്തിലും അടിമുടി കുക്ക്മയമായിരുന്നു ഇംഗ്ലീഷ് ടീം. അവസാനിമിഷം വരെ മാറ്റിമറിച്ച ഏറ്റവും മോശമായ ടീമിനെയും കൊണ്ട് ഏറ്റവും മോശമായ തന്ത്രം പയറ്റിയതാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് തോല്‍വിയുടെ കാരണമായി പരക്കെ വിലയിരുത്തപ്പെട്ടിരുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്, പ്രത്യേകിച്ച് ആഷസിനായിരുന്നു അമിത പ്രാധാന്യം. ലോകത്തെ എണ്ണം പറഞ്ഞ ടെസ്റ്റ് താരങ്ങളില്‍ ഒരാളായ കുക്കിന്റെ കീഴില്‍ അടിമുടി ടെസ്റ്റ് മയമായി ടീം.

ഇതിനെയാണ് പുതിയ പരിശീലകന്‍ ആന്‍ഡ്ര്യൂ സ്ട്രോസ് ആദ്യം ഉടച്ചുവാര്‍ത്തത്. ഏകദിനത്തിലായിരുന്നു നൂറ് ടെസ്റ്റ് കളിച്ച, ഇംഗ്ലണ്ടിന് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടശേഷം വിരമിച്ച സ്ട്രോസിന്റെ ശ്രദ്ധ. ചുവപ്പ് പന്തിന് പകരം വെള്ള പന്തിലായിരുന്നു ഊന്നല്‍. ലക്ഷ്യം നാലു വര്‍ഷമപ്പുറമുള്ള 2019 ലോകകപ്പും.

മോര്‍ഗന് തന്റെ ഭാവനയ്ക്കനുസരിച്ച് ടീമിനെ ഉടച്ചുവാര്‍ക്കാനുള്ള അധികാരം നല്‍കുകയായിരുന്നു സ്ട്രോസിന്റെ പെരിസ്ട്രോയ്ക്കയുടെ ആദ്യ പടി. അങ്ങനെ ഫോമില്ലാതെ ഉഴറുന്ന ഇയാന്‍ ബെല്‍, ഗാരി ബാലന്‍സ്, രവി ബൊപ്പാര എന്നിവര്‍ക്ക് പുറത്തേയ്ക്കുള്ള വഴി തെളിഞ്ഞു. പകരം ജോണി ബെയര്‍സ്റ്റോ, ജേസണ്‍ റോയ്, ആദില്‍ റഷീദ് തുടങ്ങിയവര്‍ ടീമിലേയ്ക്ക് വലംകാല്‍ വച്ചുകയറി. ബാറ്റിങ്ങിലും ബൗളിങ്ങിലും ടെസ്റ്റ് ഹാങ്ഓവറുള്ള പ്രതിരോധശൈലി തെംസ് നദിയില്‍ എറിഞ്ഞു. ഏകദിനത്തിന് ചേരുംപടി ചേരുന്ന ആക്രമണം മാത്രമായി ശൈലി. ബാറ്റിങ്ങില്‍ 300 ഉം 350 ഉം മാത്രമായി ലക്ഷ്യം. ഇതിനുശേഷമാണ് നോട്ടിങ്ങാമില്‍ പാകിസ്താനെതിരേ മൂന്നിന് 444 ഉം കഴിഞ്ഞ വര്‍ഷം ജൂണില്‍ ഓസ്ട്രേലിയക്കെതിരേ ആറിന് 481 റണ്‍സ് എന്ന ഏകദിനത്തിലെ റെക്കോഡ് സ്‌കോറും അവര്‍ കുറിച്ചത്. ഇന്ത്യയ്ക്കെതിരേ 366 ഉം ന്യൂസീലന്‍ഡിന് 365 ഉം സ്‌കോട്ട്ലന്‍ഡിനെതിരേ 364 ഉം വെസ്റ്റിന്‍ഡീസിനെതിരേ 364 ഉം റണ്‍സ് ചേസ് ചെയ്തത്. ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ റണ്‍ചേസുകളെല്ലാം പിറന്നത് ഇക്കാലത്താണ് എന്നത് യാദൃശ്ചികമല്ല.

england

ജേസണ്‍ റോയും അലക്സ് ഹെയ്ല്‍സും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 256 റണ്‍സെടുത്ത് ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുകെട്ട് സൃഷ്ടിച്ചതും മോര്‍ഗനും സ്ട്രോസും നയിച്ച ഈ കാലത്തു തന്നെ. ഇതിന് മുന്‍പ് ഒരിക്കല്‍ മാത്രമേ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്‍ 200 റണ്‍സിന്റെ ഒരു കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടുള്ളൂ എന്നതുമായി ഇതിനെ കൂട്ടിവായിച്ചെങ്കില്‍ മാത്രമേ ഒരു വര്‍ഷം കൊണ്ട് മാത്രം ഇംഗ്ലീഷ് ടീമില്‍ സംഭവിച്ച പരിവര്‍ത്തനത്തിന്റെ വ്യാപ്തി ബോധ്യപ്പെടൂ.  ബെയര്‍സ്‌റ്റോ നേടിയ 532ഉം ജേസണ്‍ റോയ് നേടിയ 443 റണ്‍സും ആദില്‍ റഷീദ് നേടിയ പത്ത് വിക്കറ്റും കൂട്ടിവായിച്ചെങ്കില്‍ മാത്രമേ മോര്‍ഗന്റെ ടീം നാലു വര്‍ഷത്തിനിപ്പുറം ലോകകപ്പ് നേടിയതിന്റെ പൊരുള്‍ പിടികിട്ടൂ. 2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ തന്നെ വ്യക്തമായിരുന്നു ആഷസിന്റെയും 2015 ലോകകപ്പിന്റെയും ചാരത്തില്‍ നിന്നുള്ള ഇംഗ്ലണ്ടിന്റെ ചിറകടിയൊച്ച. രണ്ട് വര്‍ഷം മുന്‍പ് ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായവര്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ സെമി കളിച്ചത് ഒരു അത്ഭുതമായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെയും ന്യസീലന്‍ഡിനെയും ബംഗ്ലാദേശിനെയുമെല്ലാം തോല്‍പിച്ചാണ് സെമിയില്‍ പാകിസ്താനെ നേരിടാന്‍ യോഗ്യത നേടിയത്. 2017 ജൂണ്‍ പതിനാലിലെ കാര്‍ഡിഫ് മുതല്‍ 2019 ജൂലൈ പതിനാലിലെ ലോഡ്‌സ് വരെയുള്ള ഈ ദൂരത്തിലേയ്ക്കുള്ള ചുവടുവയ്പ്പുകളായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഇംഗ്ലണ്ടിന്റെ ഓരോ മത്സരവും. പാകിസ്താനോടും ശ്രീലങ്കയോടുമേറ്റ തോല്‍വിയും ഫൈനലിലെ വിവാദങ്ങളും മാത്രമാണ് അതിന്റെ ആധികാരികതയില്‍ കല്ലുകടിയായത്. 

പരിഹസിക്കാം. വിയര്‍പ്പൊഴുക്കി നേടിയ വിജയത്തിന്റെ പകിട്ടു കുറയ്ക്കാം. അപഹാസ്യമായ നിയമം നിര്‍ഭാഗ്യം സമ്മാനിച്ച കിവീസിന് ഹൃദയം പകുത്തുനല്‍കാം. പക്ഷേ, ഇംഗ്ലണ്ടിന്റെ വിജയത്തെ നിഷേധിക്കുന്നത് നെറികേടാണ്. ഗുപ്ടിലിന്റെ ബാറ്റ് തട്ടി തെറിച്ചുപോയ ഓവര്‍ ത്രോയോ അതിര്‍ത്തിരേഖയില്‍ ബോള്‍ട്ടിന്റെ കാലിടറി പിറന്ന സിക്‌സുമെല്ലാം മാറ്റിവച്ചാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ആദ്യ മത്സരം മുതല്‍ ഗുപ്ടില്‍ പുറത്തായ കലാശക്കൊട്ടെന്ന നാല്‍പത്തിയെട്ടാം മത്സരത്തിലെ സൂപ്പര്‍ ഓവറിലെ ആറാം പന്തുവരെ ആധികാരികമായിരുന്നു ഇംഗ്ലണ്ടിന്റെ പ്രകടനം. ജയിച്ചുവരാനുള്ള ഒരു നിയോഗം എഴുതപ്പെട്ടിരുന്നു ടീമിന്റെ ജനിതകത്തില്‍. ബാറ്റിങ്ങില്‍ ജേസണ്‍ റോയ് മുതല്‍ ഏഴാമന്‍ വോക്‌സ് വരെയും ബൗളിങ്ങില്‍ അവസാനിമിഷം ടീമിലെത്തിയ ആര്‍ച്ചറും പ്ലങ്കറ്റും മുതല്‍ റഷീദ് വരെയുമുള്ളവര്‍ക്ക് ആ നിയോഗം പിഴയ്ക്കാതെ പൂര്‍ത്തിയാക്കാനുള്ള ദൗത്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ ലോകകപ്പിലെ പതിനൊന്ന് മത്സരങ്ങളില്‍. മെല്‍ബണില്‍ ഓസ്‌ട്രേലിയയും മുംബൈയില്‍ ഇന്ത്യയും ബ്യൂണസ് ഏറീസില്‍ അര്‍ജന്റീനയും പാരിസില്‍ ഫ്രാന്‍സും കിരീടമണിഞ്ഞതുപോലുള്ള ചരിത്രത്തിന്റെ കാവ്യനീതികളുണ്ട് കളികളില്‍.

ലോഡ്‌സില്‍ വച്ചുള്ള ഇംഗ്ലണ്ടിന്റെ കിരീടധാരണത്തിന് പക്ഷേ, ഈ കാവ്യനീയിയേക്കാള്‍ വലിയ വിലയുണ്ട്. മാധുര്യവുമുണ്ട്. പതിനാറാം നൂറ്റാണ്ടിലെ സാക്‌സണ്‍ കാലത്ത് തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ വീല്‍ഡില്‍ പ്രാക്തന രൂപത്തില്‍ കളിച്ചു തുടങ്ങിയതോ പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ദേശീയ കായികമത്സരമായി കൊണ്ടാടുകയോ ചെയ്തതു മാത്രമല്ല കാരണം. അഞ്ചു തവണ കപ്പിന് വേദിയൊരുക്കുകയും നാലു തവണ ഫൈനലിലെത്തുകയും ചെയ്യേണ്ടിവന്നവരുടെ കാത്തിരിപ്പിന് കണ്ണീരിനേക്കാള്‍ വിലയുണ്ട്. തൊണ്ണറു കൊല്ലത്തെ ചരിത്രത്തിനിടയ്ക്ക് ഫുട്‌ബോളിലും ക്രിക്കറ്റിലുമായി മൂന്ന് ലോകകിരീടങ്ങള്‍ മാത്രം ലണ്ടനിലെത്തിക്കാനായവരെ പോലെ ഇത്രയും വലിയ കാത്തിരിപ്പ് നടത്തിയ ചരിത്രം മറ്റൊരു ടീമിനുമില്ല. ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ ടീമിന് പോലും.

england

ഹോട്ട് സീറ്റാണ് ഇംഗ്ലീഷ് ക്യാപ്റ്റന്റേത്. അവിടെ ദീര്‍ഘനാള്‍ വാഴുക എളുപ്പമല്ല. പരാജിതരായി കരിയര്‍ അവസാനിപ്പിക്കേണ്ടിവരിക എന്നൊരു ശാപം നിഴല്‍പോലെ പിറകെയുണ്ട് ഓരോ നായകനും. 1981ല്‍  മൈക്ക് ബ്രിയേളിക്കുശേഷം പതിമൂന്ന് ക്യാപ്റ്റന്മാര്‍ വന്നുപോയി ഇംഗ്ലീഷ് കുപ്പായത്തില്‍. ഇതില്‍ തന്നെ ഏഴ് പേര്‍ പുറത്താക്കപ്പെടുകയായിരുന്നു. ആറു പേര്‍ സ്വയമൊഴിഞ്ഞ് മാനംകാത്തു. 2015ലെ ലോകകപ്പിനുശേഷം മോര്‍ഗനും സമാനമായൊരു വിധി കുറിച്ചിരുന്നു ചിലരെങ്കിലും. അതാണ് ഇംഗ്ലീഷ് നായകരുടെ ഒരു ചരിത്രം. കണക്കിലെ ചില കളികളല്ലാതെ ടെസ്റ്റിലായാലും ഏകദിനത്തിലായാലും ചരിത്രത്തില്‍ കൊത്തിവയ്ക്കപ്പെട്ട ഒരു നേട്ടം സ്വന്തം പേരില്‍ കുറിക്കാന്‍ ജെഫ് ബോയ്‌ക്കോട്ടും മൈക്ക് ഗാറ്റിങ്ങും ഗ്രഹാം ഗൂച്ചും ഡേവിഡ് ഗവറും മൈക്കല്‍ ആതര്‍ട്ടണും നാസര്‍ ഹുസൈനും അടക്കമുള്ള ക്യാപ്റ്റന്മാരില്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഇവരെയാണ് പതിമൂന്ന് കൊല്ലം കൊണ്ട് 233 ഏകദിനങ്ങളും ഒന്‍പത് കൊല്ലം കൊണ്ട് 16 ടെസ്റ്റും മാത്രം കളിച്ച മോര്‍ഗന്‍ ഒരൊറ്റ ലോകകപ്പ് കൊണ്ട് നിഷ്പ്രഭരാക്കിയത്.

ലോകകപ്പ് ഫൈനലിലെ സൂപ്പര്‍ ഓവര്‍ എറിയുന്നതിന് തൊട്ടുമുന്‍പ് ആശങ്കാഭരിതരായി നില്‍ക്കുകയായിരുന്നു ഇംഗ്ലീഷ് ടീം. ചരിത്രവിജയത്തിനും മരണത്തിനുമിടയിലുള്ള നിമിഷം. ഉദ്വേഗം എല്ല മുഖങ്ങളിലും പ്രകടമായിരുന്നു. കളിക്കാരുടെ അടുക്കലേയ്ക്ക് ചെന്ന മോര്‍ഗന്‍ ഒരൊറ്റ ഉപദേശമാണ് കളിക്കാര്‍ക്ക് നല്‍കിയത്. 'ചിരിക്കുക, ആഘോഷിക്കുക. ജയിച്ചാലും തോറ്റാലും നമ്മള്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചുകഴിഞ്ഞു.' ശേഷം ചരിത്രം. ഈ ഉപദേശം ആര്‍ച്ചറിലും സ്‌റ്റോക്‌സിലും ചെലുത്തിയ സ്വാധീനം കൂടിയാണ് ലോകകപ്പികന്റെ മാതൃകയില്‍ ഇംഗ്ലീഷ് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ അലമാരയില്‍ തിളങ്ങിനില്‍ക്കുന്നത്. ഐ.സി.സി.യുടെ നിയമത്തിന്റെ പേരിലോ കൈവിട്ടുപോയ റണ്‍സിന്റെ പേരിലോ കിവീസിനോടുള്ള സഹതാപത്തിന്റെ പേരിലോ എഴുതത്തള്ളേണ്ടതല്ല ഈ മോര്‍ഗന്‍ ടച്ച്.