ഒന്നു പിഴച്ചാല്‍ മൂന്നെന്ന് പഴമക്കാര്‍ പറയും. ക്രിക്കറ്റിലെ പഴമയുടെ പര്യായമായ ഇംഗ്ലണ്ടിന് ലോകകപ്പിലെങ്കിലും ഇതു സത്യമായി. അവസാന ഓവറിലെ ഓവര്‍ ത്രോയാണ് ന്യൂസിലന്‍ഡിനു വിനയായതും ഇംഗ്ലണ്ടിനു ഭാഗ്യമായതും.
ഇതിനു മുമ്പ് മുന്നു ഫൈനല്‍ കളിച്ചതില്‍ രണ്ടിലെങ്കിലും ഭാഗ്യം ഇംഗ്ലണ്ടിനെ കൈവിടുകയായിരുന്നു.
1979-ല്‍ രണ്ടാം ലോകകപ്പില്‍ വിന്‍ഡീസിനോട് കിടപിടിക്കുന്ന ടീമല്ലായിരുന്നു ആതിഥേയരുടേത്. ബ്രിയാര്ലിയെന്ന നായകന്റെ മികവ് മാത്രമായിരുന്നു ഇംഗ്ലണ്ടിന്റെ കരുത്ത്. ആദ്യ ലോകകപ്പ് ജയിച്ച ടീമിലെ ഏഴു പേരുമായെത്തിയ വിന്‍ഡീസിനെതിരേ ടോസ് ജയിച്ച ബ്രിയാര്‍ലി ഫീല്‍ഡിങ് തിരഞ്ഞെടുത്തപ്പോള്‍ തന്നെ സാഹസം എന്നു വിലയിരുത്തപ്പെട്ടു.
വിന്‍ഡീസ് നാലിന് 99 എന്ന നിലയില്‍ തകര്‍ന്നപ്പോള്‍ അദ്ഭുതം പ്രതീക്ഷിച്ചവര്‍ക്കു തെറ്റി. റിച്ചാര്‍ഡ്സും കിങ്ങും ക്രീസില്‍ നില്ക്കുമ്പോള് സ്റ്റോക്ക് ബൗളര്‍മാരായ ബോയ്ക്കോട്ടിനെയും ഗൂച്ചിനെയും ലാര്ക്കിന്സിനെയും ഇറക്കി ബ്രിയാര്‍ലി അടി വാങ്ങി. സെഞ്ചുറി നേടിയ റിച്ചാര്‍ഡ്സ് അവസാന പന്തില്‍ ഹെന്റിക്കിനെ സിക്സര്‍ അടിച്ചു
മറുപടിയായി ഒന്നാം വിക്കറ്റിന് ബ്രയാര്ലിയും ബോയ്ക്കോട്ടും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പക്ഷേ, ഗാര്‍ണറെ നാലാം ബൗളറായി പരീക്ഷിച്ച് ലോയിഡ് എന്ന നായകന് കണക്കു തീര്‍ത്തു. 92 റണ്‍സിന്റെ പരാജയം ആതിഥേയര്‍ക്കു നാണക്കേടായി.
പക്ഷേ, 1987-ല്‍ കലാശക്കളിയില്‍ ഇംഗ്ലണ്ടിനെ ഭാഗ്യം തുണച്ചില്ല എന്നു പറയാം. സെമിയില്‍ ഇന്ത്യയെ തോല്പിച്ച ഇംഗ്ലണ്ട് ഫൈനലില്‍ ഓസ്ട്രേലിയയെ എതിരിട്ടു. ഈഡന് ഗാര്‍ഡനില്‍ ഓസ്ടേലിയ നേടിയ 253 മറികടക്കാവുന്ന സ്കോര്‍ മാത്രമായിരുന്നു. മൂന്നിന് 170 എന്ന ശക്തമായ നിലയില്‍ ഇംഗ്ലണ്ട് എത്തിയതാണ്. ക്യാപ്റ്റന്‍ മൈക്ക് ഗാറ്റിങ് 41 റണ്‍സ് എടുത്തു നില്‍ക്കെ നടത്തിയ റിവേഴ്സ് സ്വീപ്പില്‍ ഭാഗ്യം ഇംഗ്ലണ്ടിന്നെ കൈവിട്ടു. ക്യാപ്റ്റന്‍ അലന് ബോര്‍ഡറുടെ ബൗളിങ്ങില്‍ ആയിരുന്നു ഡയറിന്റെ കൈകളില്‍ എത്തിയ ആ അനാവശ്യ ഷോട്ട് എന്നതു വിചിത്രം. എഴു റണ്‍സിന് ബോര്‍ഡറുടെ ടീം ചാമ്പ്യന്മാരായി.
1992-ല്‍ കഥ വ്യത്യസ്തം. ആദ്യ അഞ്ചു മത്സരങ്ങളില്‍ സിംബാബ്വെയെ മാത്രം തോല്പിച്ച്, ഏതാണ്ട് പ്രതീക്ഷ അസ്തമിച്ച നിലയില്‍ നിന്നാണ് പാകിസ്താന് ഇമ്രാന് ഖാന്റെ നേതൃത്വത്തില്‍ ഫൈനലിലേക്കു കുതിച്ചത്. മറുവശത്ത് ആദ്യ ആറു കളികളില്‍ അഞ്ചിലും ജയിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ മുന്നേറ്റം. കളിക്കാരുടെ പരുക്കാണ് ഇംഗ്ലണ്ടിനു പിന്നീട് വിനയായത്.
പാക്കിസ്താൻ 31 ഓവറിലാണ് 100 റണ്‍സ് പിന്നിട്ടത്. പക്ഷേ, അടുത്ത 19 ഓവറില്‍ 149 റണ്‍സ് അടിച്ചു. ഈ വെടിക്കെട്ട് ബാറ്റിങ് കണ്ട ഇംഗ്ലണ്ട് നായകന് ഗ്രഹാം ഗൂച്ച് തുടക്കത്തിലേ ആക്രമിച്ചു കളിച്ചു. 29 റണ്‍സിനു ഗൂച്ച് പുറത്തായത് ഇംഗ്ലണ്ടിനെ നടുക്കി, ആദ്യ ബൗളിങ് മാറ്റത്തില്‍ എത്തിയ മുഷ്താഖ് അഹമ്മദ് ആണ് ഗൂച്ചിന്റെ വിക്കറ്റ് വീഴ്ത്തിയത്. ഇയാന്‍ ബോതം റണ്‍ എടുക്കാതെ വസിം അക്രമിനു കീഴടങ്ങിയിട്ടും ഗൂച്ച് ആങ്കര്‍ ചെയ്യാന്‍ ശ്രമിച്ചില്ല. വലിയ പ്രതീക്ഷ ഉയര്‍ത്തിയ ഗ്രയിം ഹിക്കിനും പിടിച്ചു നില്ക്കണമെന്നു തോന്നിയില്ല. 22 റണ്‍സിന്റെ തോല്‍വി ചോദിച്ചു വാങ്ങിയതായി വിമര്‍ശിക്കപ്പെട്ടു. ഇവിടെ നിര്‍ഭാഗ്യമെന്നു പറഞ്ഞിട്ടു കാര്യമില്ല. അമിതാവേശമാണ് രണ്ടാമതൊരിക്കല്‍ കൂടി വിനയായത്.
എന്തായാലും നാലാം ഫൈനലില്‍ ഭാഗ്യം തുണച്ചു. ബിയാര്ലിക്കും ഗാറ്റിങ്ങിനും ഗൂച്ചിനും സാധിക്കാഞ്ഞത് മോര്ഗന് സാധ്യമാക്കി. അഥവാ മോര്ഗന് ഭാഗ്യവാനായ ഇംഗ്ലീഷ് നായകനായി.
ഒരേയൊരിക്കല്‍ ലോകകപ്പ് ഫുട്ബോള്‍ ജയിച്ച ഇംഗ്ലണ്ടിന് ആദ്യമായി ക്രിക്കറ്റ് ലോകകപ്പും.1966-ലെ ഫുട്ബോള്‍ ലോകകപ്പ് വിജയിച്ചപ്പോഴും ആതിഥേയര്‍ ഇംഗ്ലണ്ട് ആയിരുന്നു. ഫൈനലില്‍ ജര്‍മനിയെ തോല്‍പ്പിച്ചതും എക്സ്ട്രാ ടൈമില്‍. ഇന്നലത്തെ വിജയം സൂപ്പര്‍ ഓവറും കടന്ന് ബൗണ്ടറിക്കണക്കിലും.
Content Highlights: England beat New Zealand to win their first Cricket World Cup